|    Dec 3 Sat, 2016 12:16 pm
FLASH NEWS

കൊല്ലം ബീച്ചില്‍ കടല്‍ കയറ്റം രൂക്ഷം; സന്ദര്‍ശകര്‍ക്ക്് നിയന്ത്രണം

Published : 8th November 2016 | Posted By: SMR

കൊല്ലം:കൊല്ലം തീരത്ത് കടല്‍ കയറ്റം രൂക്ഷം. കാക്കത്തോപ്പ് മുതല്‍ വാടി വരെ ശക്തമായ തിരയാണ് കരയിലേക്ക് അടിച്ചുകയറുന്നത്. ഞായറാഴ്ച രാത്രി മുതലാണ് കടല്‍ കയറ്റം ഉണ്ടായത്. ഇന്നലെ 20 മീറ്ററോളം തീരം കടലെടുത്തു. സുനാമി സ്വഭാവത്തോടെയുള്ള തിരമാലകളാണ് തീരത്തേക്ക് ആഞ്ഞടിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ തീരത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. അവിടെ തിരകള്‍ കടലിലേക്കു വലിച്ചു കൊണ്ടു പോയ മല്‍സ്യബന്ധന വള്ളങ്ങളും വലകളും നശിച്ചിരുന്നു. കടലാക്രമണത്തിനു സമാനമായ കള്ളക്കടല്‍ എന്ന പ്രതിഭാസമാണിതെന്നു വിദഗ്ധര്‍ പറയുന്നു. സാധാരണ നിലയില്‍ ഈ മാസങ്ങളില്‍ തിരകള്‍ കുറവായിക്കുമെന്നും ഡിസംബര്‍ മാസങ്ങളില്‍ കടല്‍ വെള്ളം തെളിയുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ബീച്ചിലെ ലൈഫ് ഗാര്‍ഡായ രതീഷ് തേജസിനോട് പറഞ്ഞു. എന്നാല്‍ ഇന്നലെ വളരെ പെട്ടെന്നാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി തുടങ്ങിയത്. തീരം കടലെടുത്തതോടെ അപകടാവസ്ഥ മുന്നില്‍ കണ്ട് ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു. കൂടാതെ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും കടലില്‍ ഇറങ്ങുന്നത് ലൈഫ് ഗാര്‍ഡുകള്‍ വിലക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലുള്ള കൊല്ലം ബീച്ചില്‍ പൊതുവെ അപകട സാധ്യതയും കൂടുതലാണ്.  തങ്കശ്ശേരി പുലിമുട്ടുള്ളതിനാല്‍ ബീച്ചിലും സമീപ പ്രദേശങ്ങളിലും തിര ശക്തമാണ്. ഇത് കണക്കിലെടുത്തതാണ് ടൂറിസം വകുപ്പ് ഇവിടെ ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ലൈഫ് ഗാര്‍ഡുമാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പലരും കടലിലേക്കിറങ്ങുന്നത്. തിരയില്‍ കാല്‍ നനയ്ക്കാന്‍ ഇറങ്ങുന്നവരും അപകടത്തില്‍ പെടാറുണ്ട്. ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളാണ് മുന്നറിയിപ്പുകള്‍ക്ക് തീരെ വില കല്‍പ്പിക്കാത്തതെന്ന് ലൈഫ് ഗാര്‍ഡുമാര്‍ പറഞ്ഞു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ അതേ ലാഘവത്തോടെ പലരും കൊല്ലം ബീച്ചിലെ തിരകളെയും കാണുന്നതാണ് അപകടത്തിനിടയാക്കുന്നത്. സാധാരണ മണ്‍സൂണ്‍ കാലത്ത് കര ഇടിയുന്നത് ഇവിടെ കര പതിലാണ്. പത്തടിയോളം താഴ്ചയില്‍ മണ്ണിടിയാറുണ്ട്. തീരത്തുനിന്നു കടലിലേക്ക് കുത്തനെ ഇറക്കമാണെന്ന പ്രത്യേകതയാണ് കൊല്ലം ബീച്ചിനെ അപകടകരമാക്കുന്നത്. കൂടാതെ, തുറമുഖത്തേക്കുള്ള കപ്പല്‍ച്ചാലിനായി തീരക്കടലിന്റെ ആഴംകൂട്ടിയതും ബീച്ചില്‍ അപകട സാധ്യത വര്‍ധിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day