|    Dec 9 Fri, 2016 5:00 pm
FLASH NEWS

കൊണ്ടോട്ടി നഗരസഭ ; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 8th November 2016 | Posted By: SMR

കൊണ്ടോട്ടി: വിവിധ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണത്തിനിടെ കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. ചീക്കോട് കുടിവെള്ള പദ്ധതി, ഭവന പദ്ധതി, സിസി ടിവി, ഗുണഭോക്തൃ പട്ടിക തുടങ്ങിയ വിവിധ വിഷയങ്ങളെച്ചൊല്ലിയാണ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ വാക്‌പോര് നടത്തിയത്. ചീക്കോട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും ഏറെ നേരം കൊമ്പു കോര്‍ത്തു. ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ചുക്കാന്‍ ബിച്ചു എംഎല്‍എയെ എട്ടുകാലി മമ്മൂഞ്ഞ് എന്ന വിളിച്ചതിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷം ആഞ്ഞടിച്ചത്. വിവിധ പദ്ധതികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാണ് തയ്യാറാക്കേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വിഷയത്തിലും ഇരുപക്ഷവും പരസ്പരം പോര്‍ വിളിച്ചു. പഞ്ചായത്തുകളില്‍ ഇത്തരത്തിലാണ് പട്ടിക തയ്യാറാക്കുന്നതെന്നും ഇവര്‍ ഉന്നയിച്ചു. എന്നാല്‍, വാര്‍ഡ് തലത്തിലല്ല മൊത്തമായി മാത്രമേ പട്ടിക തയ്യാറാക്കാന്‍ സാധിക്കുകയുള്ളുവെന്ന് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭയുടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സിസി ടിവി പദ്ധതിയുടെ പ്രാഥമികയോഗത്തില്‍ പ്രതിപക്ഷത്തെ വിളിച്ചില്ലെന്നായിരുന്നു ആരോപണം. എന്നാല്‍, യോഗം നടക്കുന്നതിന് തലേ ദിവസം തന്നെ പ്രതിപക്ഷനേതാവിനെ വിവരം അറിയിച്ചതായും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ പരിധിയില്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും നമ്പറും അനുവദിക്കുന്ന വിഷയത്തില്‍ ഭരണസമിതിയുടെ ഇടപ്പെടല്‍ നടത്തുന്നതിനായി പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതായി വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ കെ സമദ് യോഗത്തെ അറിയിച്ചു. ആരോഗ്യവിഭാഗത്തിന് വാഹനം ആവശ്യമാണെന്നും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ലൈസന്‍സിനു പുറത്തുള്ള സാധനങ്ങളുടെ വില്‍പ്പന നിയമവിരുദ്ധമാണെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യോഗത്തെ അറിയിച്ചു. നഗരത്തിലെ രാത്രി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ലഹരി വസ്തുക്കളുടെ അടക്കം വില്‍പ്പന നടക്കുന്നതായി എസ്ഡിപിഐ കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കീം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നായിരുന്നു മറുപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day