|    Dec 6 Tue, 2016 11:28 pm
FLASH NEWS

കൊട്ടാരക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ 42 ലക്ഷത്തിന്റെകവര്‍ച്ച

Published : 29th October 2016 | Posted By: SMR

കൊട്ടാരക്കര: കൊട്ടാരക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോക്കറുകള്‍ ഉള്‍പ്പെടെ  42 ലക്ഷം രൂപയുടെ വന്‍ കവര്‍ച്ച. ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം സൂക്ഷിക്കുന്ന ലോക്കറുകള്‍ ഉള്‍പ്പെടെയാണ് മോഷ്ടാക്കള്‍ കടത്തിയത്.  42 ലക്ഷം രൂപാ നഷ്ടപ്പെട്ടതായി നടത്തിപ്പുകാര്‍ പോലിസില്‍ മൊഴി നല്‍കി.  എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലിസ് സംശയിക്കുന്നു.  ചന്തമുക്കില്‍ ഓയൂര്‍ ഭാഗത്തേക്ക് തിരിയുന്നടത്ത് മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. എല്‍ആന്റ്ടി എന്ന പണമിടപാടു സ്ഥാപനത്തില്‍ വ്യാഴാഴ്ച രാത്ര 2.30 ഓടെയാണ് കവര്‍ച്ച നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും വായ്പ നല്‍കുന്ന സ്ഥാപനമാണ് ഇത്.  സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഭിത്തിയോട് ചേര്‍ന്ന് ഉറപ്പിച്ചിരുന്ന പണമടങ്ങിയ ലോക്കര്‍ ഇളക്കികൊണ്ട് പോവുകയായിരുന്നു.  ഇന്നലെ വായ്പകാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.  സമീപത്തെ മാര്‍ജിന്‍ ഫ്രീ ഷോപ്പിന്റെ സിസിടിവി ക്യാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതായി പോലിസ് അറിയിച്ചു.  ബൈക്കിലെത്തിയ മൂന്ന് പേരാണ് മോഷണം നടത്തിയിട്ടുള്ളത്.  കെട്ടിടത്തോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന കേടായ ബൈക്കില്‍ കയറി നിന്നാണ് മോഷ്ടാക്കള്‍ ഒന്നാം നിലയില്‍ എത്തിയത്. ഷട്ടറിന്റെ പൂട്ട് അറത്ത് മാറ്റുകയായിരുന്നു.  വില കുറഞ്ഞ പൂട്ടാണ് ഷട്ടറിന് ഉപയോഗിച്ചിരുന്നു.  ധനകാര്യ സ്ഥാപനത്തിനുള്ളിലെ മറ്റ് മുറികള്‍ക്കൊന്നും അടച്ച് പൂട്ടുണ്ടായിരുന്നില്ല. ഇളക്കി മാറ്റിയ ലോക്കര്‍ ബൈക്കില്‍ തന്നെ കടത്തികൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.  പോലിസ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.   ധനകാര്യ സ്ഥാപനത്തിനു വേണ്ട ഒരു സുരക്ഷാ ക്രമങ്ങളും ഇവിടെ പാലിച്ചിരുന്നില്ലെന്ന് പോലിസ് പറഞ്ഞു.  മുറികളിലൊന്നും അടച്ച് പൂട്ടുണ്ടായിരുന്നില്ല.  പാണ്ടി പൂട്ടെന്നറിയപ്പെടുന്ന വിലകുറഞ്ഞ പൂട്ടാണ് ഷട്ടര്‍ പൂട്ടാനുപയോഗിച്ചിരുന്നത്.  ആക്‌സാ ബ്ലയിഡ് ഉപയോഗിച്ചാണ് ഇത് അറുത്ത് മാറ്റിയിട്ടുള്ളത്.  ശരിയായ രീതിയല്‍ ഉറപ്പിക്കാത്തതും ഭാരം കുറഞ്ഞതുമായ ലോക്കറിലാണ് പണം സൂക്ഷിച്ചിരുന്നു.  ധനകാര്യ സ്ഥാപനമായിട്ടും ക്യാമറ സ്ഥാപിക്കുകയോ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയോ ചെയ്തിട്ടില്ല.  ഇത്രയധികം പണം സൂക്ഷിക്കേണ്ടി വരുമ്പോള്‍ അത് പോലിസിനെ അറിയിക്കാനുള്ള  നടപടിയും നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.  ഇക്കാരണങ്ങള്‍ കൊണ്ട് പോലിസ് സംഭവത്തില്‍ ദുരൂഹത കാണുന്നുണ്ട്.  അന്വേഷണം ആ വഴി ഉണ്ടാകുമെന്നാണ് സൂചന.  വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൂട്ട് അറത്തു മാറ്റുവാന്‍ ഉപയോഗിച്ച  മൂന്ന് ആക്‌സ് ബ്ലയിഡും കത്തിയും പോലിസ് കണ്ടെടുത്തിട്ടുണ്ട്.  ജീവനക്കാരുടെ മൊഴിയും വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.  റൂറല്‍ ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day