|    Dec 10 Sat, 2016 6:13 pm

കൊടുങ്ങല്ലൂരില്‍ നിരീക്ഷണത്തിലുള്ളയാള്‍ നിരപരാധിയെന്ന് പോലിസ്‌

Published : 30th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: മാവോവാദി ബന്ധമുണ്ടെന്ന സംശയത്തില്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ നിരപരാധിയാണെന്ന് പോലിസ്. ഓട്ടോറിക്ഷ ഡ്രൈവറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പറവൂര്‍ സ്വദേശി തൈവേപ്പുംപറമ്പില്‍ അനില്‍കുമാര്‍(47) ആണ് നട്ടെല്ലിന് ക്ഷതമേറ്റ നിലയില്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
നിലമ്പൂര്‍ സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അനില്‍കുമാറിനെ തിങ്കളാഴ്ച നിലമ്പൂര്‍ സിഐ കെ എം ദേവസ്യ ആശുപത്രിയിലെത്തി ചോദ്യംചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ ചോദ്യംചെയ്ത പോലിസ് ചികില്‍സാ റിപോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, ഒരു മാസത്തിലധികമായി ഇയാള്‍ ചികില്‍സയിലാണെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയതിന്റെ രേഖകള്‍ നിലമ്പൂര്‍ പോലിസിന് ഇയാള്‍ കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24ന് വൈകീട്ട് ഏഴുമണിയോടെയാണ് അനില്‍കുമാര്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് മടങ്ങിയത്. 25ന് രാവിലെ കൊടുങ്ങല്ലൂരില്‍ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. നേരത്തേ ഈ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം കൊടുങ്ങല്ലൂരിലെതന്നെ ഗൗരിശങ്കര്‍ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് കഴിഞ്ഞ മാസം പോയിരുന്നതായും പറയുന്നു. അവിടെ വച്ചാണ് കുഴഞ്ഞുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്.
അതേസമയം, മാവോവാദി ബന്ധം ആരോപിച്ച് തന്നെയും കുടുംബത്തെയും പോലിസ് പീഡിപ്പിക്കുകയാണെന്ന് അനില്‍കുമാര്‍ ആരോപിച്ചു. നിരന്തരമായി ചോദ്യംചെയ്തും ആശുപത്രിയിലടക്കം നിരീക്ഷണം ഏര്‍പ്പെടുത്തിയും പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അനില്‍കുമാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക