|    Dec 3 Sat, 2016 9:06 pm
FLASH NEWS

കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം 11ന്

Published : 1st November 2016 | Posted By: SMR

കളമശ്ശേരി: കൊച്ചി കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഒപിയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. കേരളപിറവി ദിനത്തില്‍ ഒപിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ സ്‌പെഷ്യല്‍ ഓഫിസര്‍കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പത്ത് ദിവസം കൂടി വൈകുമെന്ന് അറിയിച്ചു. 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി കെ കെ ഷൈലജ പങ്കെടുക്കും. ഒപിയില്‍ പ്രവര്‍ത്തിക്കേണ്ട ഉപകരണങ്ങളും മറ്റും എത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ സജ്ജീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലിഫ്റ്റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ട ലിഫ്റ്റിന്റെ യന്ത്രഭാഗങ്ങള്‍ ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ഒപിയുടെ പ്രവര്‍ത്തനത്തിനായി നാല് അസോസിയേറ്റ് പ്രഫസര്‍മാരെയും രണ്ട് സീനിയര്‍ റസിഡന്റ്‌സുമാരെയും ഒരു മെഡിക്കല്‍ സൂപ്രണ്ടിനേയും ഏഴ് സ്റ്റാഫ് നഴ്‌സിനേയും ഏഴു നഴ്‌സിങ് അസിസ്റ്റന്റുമാരെയും ഒരു ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ മൂന്നു ഫാര്‍മസിസ്റ്റ് ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ ഒപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്. ഇവര്‍ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, സംസ്ഥാന ആരോഗ്യവകുപ്പ്, ആര്‍സിസി എന്നിവിടങ്ങളില്‍നിന്നും ഡെപ്യൂട്ടേഷനിലും കരാര്‍ വ്യവസ്ഥകളിലും ജോലിക്കെത്തേണ്ടവരാണ്. ഇവരെ ഫോണ്‍ സന്ദേശം വഴിയും ലെറ്റര്‍ മുഖാന്തിരവും വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ മാത്രമേ ഇവര്‍ ജോലിക്കായി എത്തുകയുള്ളൂ. കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കിടത്തിചികില്‍സിക്കുന്നതിനായി 45 മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇതിലേക്ക് വേണ്ട കട്ടിലുകളും കിടക്കകളും മറ്റ് ഉപകരണങ്ങളും എത്തിയിട്ടില്ല. ലിഫ്റ്റിന്റെ പ്രവര്‍ത്തനം സജ്ജമാക്കണമെങ്കില്‍ 15 ദിവസമെങ്കിലും വേണ്ടിവരും. കേരളപിറവി ദിനത്തില്‍ ഒപിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രിമാരും ജില്ലാ ഭരണകൂടവും അറിയിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതും ജീവനക്കാരുടെ വിന്യാസവും വൈകുന്നതാണ് ഒപിയുടെ പ്രവര്‍ത്തനം വൈകാന്‍ കാരണമായത്. ഇന്നലെ രാത്രി കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്‌പെഷ്യല്‍ ഓഫിസര്‍കൂടിയായ ജില്ലാ കലക്ടര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ എത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day