|    Oct 27 Thu, 2016 12:53 am
FLASH NEWS

കൊച്ചിയിലെ സുശീലയ്ക്കും കൂട്ടുകാര്‍ക്കും ഇത്തവണ ക്രിസ്മസ്സില്ല

Published : 24th December 2015 | Posted By: TK

 

 


 

സര്‍ഫാസി നിയമം അസാധുവാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഡെപ്റ്റ് റിലീസ് ആക്ട് ഭേദഗതി വരുത്തുകയോ,ആന്റി ലാന്റ് ഗ്രാബ് നിയമം  കൊണ്ടുവരുകയോ ചെയ്യാം. ഇതുതന്നെയാണ് ഞങ്ങളുടെ ആവശ്യവും.പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ബാങ്കുകളും സര്‍ക്കാരും ക്ലബ്ബിങ് ലോണിനെതിരെ ഉപഭോക്തക്കളെ ബോധവത്കരിക്കാത്തത് . ഇതും പരിശോധിക്കപ്പെടേണ്ടതല്ലേ?


sarfasi 3
                                അഭിമുഖം:

       മാന്യുവല്‍ പിജെ ജോസഫ് /ടി.കെ സബീന

 

 

കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആകുലതകളെ ആഘോഷത്തിമിര്‍പ്പില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് എറണാകുളത്ത് ഇന്ന് സര്‍ഫാസി ഇരകളുടെ തെരുവോര പ്രതിഷേധം നടക്കുകയാണ്. വായ്പാ തട്ടിപ്പിനിരയായവരുടെ ക്രിസ്മസ് തെരുവെന്നാണ് പ്രതിഷേധത്തിന് സംഘാടകര്‍ പേര് നല്‍കിയിരിക്കുന്നത്.ബാങ്കുകളും ഇടനിലക്കാരും ക്ലബ്ബിങ് ലോണിലൂടെ വഞ്ചിച്ച് തലചായ്ക്കാനുള്ള ഇടം തട്ടിയെടുക്കപ്പെട്ട ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറോളം പേരാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലായി ഉള്ളത്. ഇവരെ ഒരുമിച്ച് നിര്‍ത്തിയുള്ള കണ്ണുക്കെട്ടി സമരം 137 ദിനമാണ് പിന്നിട്ടിരിക്കുന്നത്.

ഉത്സവ സീസണില്‍ സര്‍ക്കാര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആഘോഷതിമിര്‍പ്പിലേക്ക്് ജനങ്ങളെ നയിക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആകുലതകള്‍ ആഘോഷങ്ങളില്‍ മുക്കികൊല്ലുകയാണ്. ഇതിന് അനുവദിക്കില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.ഇന്ന് രാവിലെ തുടങ്ങിയ സമരം 36 മണിക്കൂര്‍ നീണ്ടുനില്‍ക്കും. നിരാഹാര സമരം വികെ പ്രസാദ് ഉദ്ഘാടനം ചെയ്തു.ഭവാനി കുട്ടനാട് നിരഹാര സമരം ആരംഭിച്ചു.കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് കെഎസ് മധുസൂദനനാണ്.

manuel pj josephഈ വിഷയത്തില്‍ സര്‍ക്കാര്‍ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചതല്ലേ? പിന്നെ എന്തിനാണ് സമരം തുടരുന്നത്?

എസ്‌ഐടിയെ നിയമിച്ച് ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തെ വെറുമൊരു കുറ്റാന്വേഷണമായി ചുരുക്കി കാണുകയാണ് സര്‍ക്കാര്‍.ഇത് ജനവഞ്ചനയും വലിയൊരു സാമൂഹ്യപ്രശ്‌നവുമാണ്.ഈ വിഷയത്തെ രാഷ്ട്രീയമായും ,സാമ്പത്തികമായും പരിഹരിക്കുകയാണ് വേണ്ടത്.അല്ലാതെ  അന്വേഷണവും പ്രഖ്യാപിച്ച് കൈ കഴുകുകയല്ല.ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണം.അല്ലാതെ പോലിസിന്റെ ചുമലില്‍ കെട്ടിവെച്ച് കൈയ്യൊഴിയരുത്.ബാങ്കുകൂടി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന വരെയെങ്കിലും ഇരകളുടെ മേലില്‍ ഇപ്പോഴും തുടരുന്ന ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുകയാണ് ചെയ്യേണ്ടത്. നിലവില്‍ തട്ടിയെടുത്ത കിടപ്പാടങ്ങള്‍ തിരിച്ചുനല്‍കുകയും തീറാധാരങ്ങള്‍ റദ്ദാക്കുകയും വേണം. അല്ലാതെ അന്വേഷണം പ്രഖ്യാപിച്ചുവെന്ന് പറയുകയും ജപ്തി നടപടികള്‍ തുടരുകയുമല്ല വേണ്ടത്.

സമരം പൂര്‍ണവിജയം കാണുംവരെ തുടരുക തന്നെ ചെയ്യും. കാരണം അസംഘടിത സമരങ്ങളെ ഇത്തരം വാഗ്ദാനങ്ങളിലൂടെ സര്‍ക്കാര്‍ വഞ്ചിക്കുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മന്ത്രിമാര്‍ നല്‍കുന്ന ഉറപ്പുകളോ പ്രഖ്യാപിക്കുന്ന അന്വേഷണങ്ങളുടെയും പേരില്‍ സമരം പിന്‍വലിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്താല്‍ പിന്നീട് ഖേദിക്കേണ്ടി വരും . വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കാന്‍ ചിലപ്പോള്‍ ഇതുപോലെ സാധിച്ചെന്ന് വരില്ല.

ഇതുവരെയുള്ള പ്രതിഷേധ സമരങ്ങള്‍?

ഈ തട്ടിപ്പില്‍ പങ്കുള്ള പത്തുബാങ്കുകളെയാണ് കൂട്ടായ്മ സമരത്തിനായി തിരഞ്ഞെടുത്തത്. (സെന്‍ട്രല്‍ ബാങ്ക്,ഇന്ത്യന്‍ ബാങ്ക്,സിന്‍ഡിക്കേറ്റ് ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,എച്ച്ഡിഎഫ്‌സി,തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക്,എസ്ബിടി,യുനൈറ്റഡ് ബാങ്ക് ,ഡിഎച്ച്എഫ്എല്‍ ബാങ്കുകള്‍).നിലവില്‍ അഞ്ചുബാങ്കുകളുടെ മുമ്പില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട ആളുകളെ പങ്കെടുപ്പിച്ച് കണ്ണുക്കെട്ടി സമരവും നിരാഹാരസമരവും നടത്തി. ഇനി ബാക്കിയുള്ളവയുടെ മുമ്പിലും തുടരും.

137 ദിവസമായി കണ്ണുക്കെട്ടി സമരവും ,69 ദിവസത്തെ നിരാഹാര സമരവും കഴിഞ്ഞു. ക്രിസ്മസ് രാവില്‍ ആരംഭിച്ച പ്രതിഷേധത്തിന് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍,വിഎം സുധീരന്‍,വിഡി സതീശന്‍ ഉള്‍പ്പെടെയുളളവര്‍ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും മുമ്പോട്ട് പോകുക.

തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും ഈ മുന്നേറ്റം സര്‍ഫാസി വിരുധ ജനകീയമുന്നണിയായി വിപുലപ്പെടുത്തി അഖിലേന്ത്യതലത്തിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ആലോചന.  ഫെഡറല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വി.കെ പ്രസാദ് ഈ സമരമുയര്‍ത്തിയ പ്രശ്‌നങ്ങളും ബാങ്കുകളുടെ കൊള്ളരുതായ്മയും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ജോലി ഉപേക്ഷിക്കുകയും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളും ക്ലബ്ബിങ് ലോണിനെതിരെ ബോധവാന്‍മാരാകുന്നുണ്ട്.

സര്‍ഫാസി നിയമം കേന്ദ്രനിയമമല്ലേ? ഈ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തുചെയ്യാനാകും?

37 ദിവസമായി സമരം ആരംഭിച്ചിട്ട്. കേന്ദ്രസര്‍ക്കാര്‍ നിയമം എന്നുള്ള നിലയ്ക്ക് സ്റ്റേറ്റിന് ഒന്നും ചെയ്യാനാകില്ലെന്ന് പറയുന്നത് നിരര്‍ത്ഥകമായ വാദമാണ്. വെറും  മൂന്നും നാലുംസെന്റും ഭൂമിയുള്ളവരാണ് സര്‍ഫാസി നിയമത്തിന്റെ ഇരകളിലധികവും. ഭൂമി കച്ചവടവുമായുള്ള ഒരു അജണ്ടയാണ് സര്‍ക്കാരിന് ഈ വിഷയത്തിലുള്ളത്.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ നിയമസഭാ മാര്‍ച്ച് മുതല്‍ പല സമരങ്ങളും നടത്തി.എന്നാല്‍ സര്‍ഫാസി നിയമം കേന്ദ്രനിയമമാണെന്ന് പറഞ്ഞ് കൈയ്യൊഴിയാനുള്ള ശ്രമമാണ് നടത്തുന്നത്. കബോട്ടാഷ് നിയമം പോലും കേന്ദ്രമന്ത്രി ഇവിടെ വന്ന് തിരിച്ച് പോയി 9 മണിക്കൂറിനുള്ളില്‍ മാറ്റിയില്ലേ. അഗോളതലത്തില്‍ ചര്‍ച്ചയാകുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വെറും മണിക്കൂറുകള്‍ മതി. സാധാരണ ജനങ്ങള്‍ക്ക് കുരുക്കാകുന്ന ഇത്തരം നിയമം നിര്‍മിച്ചവര്‍ക്ക് തന്നെ കുരുക്കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്.

സര്‍ഫാസി നിയമം അസാധുവാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഡെപ്റ്റ് റിലീസ് ആക്ട് ഭേദഗതി വരുത്തുകയോ,ആന്റി ലാന്റ് ഗ്രാബ് നിയമം  കൊണ്ടുവരുകയോ ചെയ്യാം. ഇതുതന്നെയാണ് ഞങ്ങളുടെ ആവശ്യവും.പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ബാങ്കുകളും സര്‍ക്കാരും ക്ലബ്ബിങ് ലോണിനെതിരെ ഉപഭോക്തക്കളെ ബോധവത്കരിക്കാത്തത് . ഇതും പരിശോധിക്കപ്പെടേണ്ടതല്ലേ?

സര്‍ഫാസി നിയമം സാധാരണക്കാര്‍ക്ക് എങ്ങിനെയാണ് കൊലക്കയര്‍ തീര്‍ക്കുന്നത്?

ആഗോള മൂലധനശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പാര്‍ലമെന്റിനെ വിലക്കെടുത്താണ് തീര്‍ത്തും ജനവിരുധമായ സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫൈനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്   പാസാക്കിയത്.
കോടതികളില്‍ കിട്ടാക്കടം തിരിച്ചുപിടിക്കാനാവാതെ കെട്ടിക്കിടന്ന കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാനാണെന്ന വ്യാജേനയാണ് ബാങ്കുകള്‍ക്ക് കോടതി മുഖേനയല്ലാതെ നേരിട്ട് കടക്കെണിയിലായവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന ഈ നിയമം പാസാക്കിയത്.

സര്‍ഫാസി നിയമം പാസാക്കുന്നതിന് 10 വര്‍ഷം മുമ്പ് തന്നെ യുപിഎ സര്‍ക്കാര്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) സ്ഥാപിച്ചിരുന്നു. ഇത് വഴിയാണ് കോടതിയിലെ നീതിന്യായ വിചാരണയില്ലാതെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നത്. അതുവരെ ഈ മേഖലയില്‍ നിലനിന്നിരുന്നത് കടാശ്വാസമോ,കടപരിഹാരമോ ആയിരുന്നു. ഡിആര്‍ടിയ്ക്ക് പിന്തുണയായി കൊല്ലുന്ന മന്ത്രിയ്ക്ക് തിന്നുന്ന രാജാവെന്ന പോലെയാണ് സര്‍ഫാസി നിയമം കൂടി വരുന്നത്. ഇതിലെ 34ാം വകുപ്പ് ഈ വിഷയത്തില്‍ പരാതിയുളള കടക്കെണിയില്‍പ്പെട്ടവര്‍ക്ക് സിവില്‍കോടതിയെ സമീപിക്കാനുള്ള അവസരവും നിഷേധിക്കുന്നു.
ഒരു ലക്ഷം രൂപയോ മൂന്ന് തിരിച്ചടവ് ഗഡുക്കളോ കുടശികയായാല്‍ വായ്പയെടുത്തവര്‍ക്കെതിരെ വായ്പാ കാലാവധി പരിഗണിക്കാതെ തന്നെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കാനാകും. ഈ വസ്തുവകകള്‍ ഉടന്‍ ബാങ്കുകള്‍ ജപ്തി ചെയ്യുകയോ സ്വകാര്യ അസറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചു നല്‍കുകയോ ചെയ്യുന്നു. ഇതോടെ സാധാരണക്കാരെ ക്വട്ടേഷന്‍ പണിയ്ക്ക് സമാനമായി നേരിട്ട് ഒഴിപ്പിക്കുകയാണ് ഇത്തരം കമ്പനികള്‍ ചെയ്യുന്നത്.

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് എത്തുന്ന ഇടനിലക്കാരും ബാങ്കും നഗരപ്രദേശങ്ങളിലുള്ള മൂന്നും നാലും സെന്റുള്ള പാവപ്പെട്ടവരുടെ ഭൂമിയുടെ ആധാരം വായ്പാ കരാര്‍ എന്ന പേരില്‍ കൈവശപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. ശേഷം ആസ്തിയുടെ മൂല്യത്തിനേക്കാള്‍ കൂടുതല്‍ വില ബാങ്ക് ആധാരത്തില്‍ കാണിച്ച് വന്‍ തുക വായ്പയായി അനുവദിക്കുകയും ബാങ്ക് ജീവനക്കാരും ഇടനിലക്കാരും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

വല്ലാര്‍പാടത്ത് കണ്ണ് ഓര്‍പ്പറേഷന്റെ പേരില്‍ സുശീല എന്ന വൃദ്ധയോട്  50000 രൂപ തരാമെന്ന് പറഞ്ഞ് മൂന്ന് സെന്റ് ഭൂമിയുടെ ആധാരം കരാറെഴുതാനെന്ന് തെറ്റിധരിപ്പിച്ച് വാങ്ങി. ഈ ആസ്തിക്ക് 15 ലക്ഷം രൂപ മൂല്യമാണ് ബാങ്ക് ആധാരത്തില്‍ കാണിച്ചത്. ഇത്രതന്നെ തുക വായ്പയായി ബാങ്ക് ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പോക്കറ്റിലെത്തി. പിന്നീട് ജപ്തിനോട്ടീസ് വന്നപ്പോഴാണ് സുശീല ഈ വിവരമറിയുന്നത്.
പിന്നീട് സര്‍ഫാസി നിയമം ഉപയോഗിച്ച് ഇവരെ സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കുന്നു. ഈ വിഷയത്തിലുള്ള സത്യാവസ്ഥ എസ്.എല്‍ബിസിക്കകത്ത് അധ്യകഷന്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബോധ്യം വന്നതാണ്.ഈമാസം 18ന് നടന്ന കമ്മറ്റിയില്‍ അദേഹം തന്നെ പറഞ്ഞത് ഈ വിഷയത്തില്‍ ബാങ്കുകള്‍ കൂട്ടുനിന്നിട്ടുണ്ടെന്നാണ്.  ജില്ലാതല ബാങ്കേഴ്‌സ് കമ്മറ്റിയും മുഖ്യമന്ത്രിയുടെ ഈ  അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്‌ചെയ്തത്.എന്നാല്‍ പ്രത്യേക അന്വേഷണത്തിനപ്പുറത്തേക്ക് ഈ വിഷയത്തില്‍ ആരും ഇടപ്പെടുന്നില്ലെന്നതാണ് വാസ്തവം.

ആഭ്യന്തരവകുപ്പിന്റെ ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്ന കുബേര പദ്ധതിയെ എങ്ങിനെ കാണുന്നു?

കുബേര പദ്ധതി നടപ്പിലാക്കിയത് തന്നെ ഇത്തരം വന്‍കിട പലിശ കമ്പനികളെ സഹായിക്കാനാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ജെയ്റ്റിലി നൊണ്‍ ബാങ്കിങ് കമ്പനികളെ കൂടി സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ വരുത്തി. ഇതോടെ മുത്തൂറ്റ്,മണപ്പുറം പോലുള്ള സ്വകാര്യ ബ്ലേഡ് പലിശ കമ്പനികള്‍ക്ക് വന്‍ സാധ്യതയാണ് സര്‍ക്കാര്‍ തുറന്നുനല്‍കിയത്.

മാന്യുല്‍ പിജെ ജോസഫ് സര്‍ഫാസി ബാങ്ക് ജപ്തിവിരുധ സമരസമിതി പ്രസിഡന്റാണ്‌

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day