|    Oct 28 Fri, 2016 3:44 pm
FLASH NEWS

കേരള ശാസ്ത്ര കോണ്‍ഗ്രസ്: ശാസ്ത്രപ്രദര്‍ശനത്തില്‍ കിഴങ്ങ് വര്‍ഗ വിഭവങ്ങള്‍ മുതല്‍ ബഹിരാകാശം വരെ

Published : 30th January 2016 | Posted By: SMR

മുജീബ്‌ചേളാരി

ചേളാരി: 28ാം കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനത്തില്‍ കിഴങ്ങുവര്‍ഗ്ഗ വിഭവങ്ങള്‍ മുതല്‍ ബഹിരാകാശ ചരിത്രം വരെ. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വിദ്യാര്‍ഥികളില്‍ താല്‍പര്യം ജനിപ്പിക്കുകയും ചെയ്യാനായാണ് വിഎസ്എസ്‌സി പ്രദര്‍ശനം സംഘടിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ കോഹിനൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ശാസ്ത്ര പ്രദര്‍ശന നഗരിയിലേക്ക് വിജ്ഞാന കുതുകികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രവാഹമാണ്. ഐഎസ്ആര്‍ഒ, സിഡബ്ല്യൂആര്‍ഡിഎം തുടങ്ങിയ വിവിധ ശാസ്ത്ര സ്ഥാപനങ്ങളുടെ സ്റ്റാളുകളില്‍ നിന്ന് അതീവ ഗഹനമായ ശാസ്ത്ര വസ്തുതകള്‍ ലളിതമായി മനസ്സിലാക്കാം. പ്രവേശനം സൗജന്യവുമാണ്.
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തെ പരിചയപ്പെടുത്തി വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഒരുക്കിയ ‘ഇന്ത്യ ഇന്‍ സ്‌പേസ്’എന്ന ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധേയമാണ്. ഇന്ത്യ വിക്ഷേപിച്ച ആദ്യ ബഹിരാകാശ പരീക്ഷണ മാതൃക മുതല്‍ ചന്ദ്രയാനും മംഗള്‍യാനും ഉള്‍പ്പെട്ട പുത്തന്‍ ബഹിരാകാശ പേടകങ്ങളുടെ ആവിഷ്‌കാരങ്ങള്‍ വരെ കാണികളില്‍ കൗതുകമുയര്‍ത്തുന്നു. വിവിധ ബഹിരാകാശ പേടകങ്ങളുടെ പ്രവര്‍ത്തനങ്ങളെപറ്റി ദൃശ്യങ്ങളിലൂടെയുള്ള ലളിതമായി വിശദീകരണം. ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലായ്മയെ പറ്റി പഠിച്ചശേഷം ഭ്രമണപഥത്തില്‍ നിന്നു ഇന്ത്യ വിജയകരമായി തിരിച്ചിറക്കിയ പേടകമായ എസ്്ആര്‍ഇ-1 ന്റെ നേര്‍ക്കാഴ്ച്ച. കപ്പ വെറുമൊരു നിസ്സാരനല്ലെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനത്തിന്റെ പ്രദര്‍ശനശാല. കപ്പകൊണ്ടു തയ്യാറാക്കിയ വിവിധയിനം വിഭവങ്ങളാണ് ട്യൂബര്‍ ക്രോപ്‌സ് പ്രോഡക്ട്‌സിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ത നിറങ്ങളില്‍ കുപ്പിയില്‍ നിറച്ചുവച്ച ഇരുപത്തിയാറ് ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പൂര്‍ണമായും കിഴങ്ങില്‍ നിന്നു നിര്‍മിച്ചെടുത്തവയാണെന്നറിയുമ്പോള്‍ ആര്‍ക്കും തെല്ലൊരത്ഭുതം തോന്നും.
കപ്പപ്പൊടിയും സ്റ്റാര്‍ച്ചും ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വിവിധ തരം ചിപ്‌സ്, കൊണ്ടാട്ടം, പക്കവട എന്നീ വിഭവങ്ങളും മധുരക്കിഴങ്ങ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ജാം, ശീതളപാനീയങ്ങള്‍, അച്ചാര്‍, ഗുലാബ് ജാമുന്‍ തുടങ്ങിയവയും മലയാളിക്ക് പുതിയൊരനുഭവമാണ് സമ്മാനിക്കുന്നത്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ തയ്യാറാക്കിയ ഇവ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയുമില്ല. പ്രദര്‍ശനം 31 വരെ തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day