|    Oct 27 Thu, 2016 6:24 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്സുകളുടെ പ്രസക്തി നഷ്ടപ്പെട്ടു: പി സി ജോര്‍ജ്

Published : 17th March 2016 | Posted By: sdq

pc-

കൊച്ചി: രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ്സുകളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും അധികാരത്തിന്റെ ശീതളച്ഛായ തേടി ചാടിച്ചാടി നടക്കുന്ന ഭാഗ്യാന്വേഷികളുടെ കൂടാരമായി കേരളാ കോണ്‍ഗ്രസ്സുകള്‍ മാറിയെന്നും പി സി ജോര്‍ജ് എംഎല്‍എ. പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാന്യന്‍മാര്‍ക്കു ചുമക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കേരളാ കോണ്‍ഗ്രസ്സുകളെന്നു കേരളജനതയും കര്‍ഷകസമൂഹവും വിധിയെഴുതിക്കഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും മതമേലധ്യക്ഷന്‍മാരും കേരളാ കോണ്‍ഗ്രസ്സുകളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇത്തരം പ്രസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിക്കാതിരിക്കുന്നതു രാജ്യത്തോടു ചെയ്യുന്ന നീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സുകളുടെ പ്രവര്‍ത്തനംകൊണ്ട് കര്‍ഷകര്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഒന്നും കിട്ടിയിട്ടില്ല. 50 വര്‍ഷമായി നേതാക്കള്‍ കട്ടുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. 2011വരെ എല്‍ഡിഎഫിലായിരുന്ന പി ജെ ജോസഫ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ ഒരു കാരണവും പറയാതെ യുഡിഎഫിലേക്ക് ചാടി. അന്ന് ജോസഫ് എല്‍ഡിഎഫിന്റെ ഭാഗമായി തുടര്‍ന്നിരുന്നുവെങ്കില്‍ അവരുടെ മൂന്ന് എംഎല്‍എമാരുടെ പിന്‍ബലത്തില്‍ ഇടതുമുന്നണി കേരളം ഭരിക്കുമായിരുന്നു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയ്ക്കുള്ള അവസരം തകര്‍ത്ത ജോസഫ് ഇനിയും ഇടതുപക്ഷത്തേക്കു വരാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരനെതിരേ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു പരാതിനല്‍കും. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹരജിയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


പാലായില്‍ കെ എം മാണി ഇത്തവണ പരാജയപ്പെടും. മാണിയുടെ പരാജയത്തിനും എല്‍ഡിഎഫിന്റെ വിജയത്തിനുമായി താന്‍ പ്രചാരണത്തിനിറങ്ങുമെന്നും പി സി ജോര്‍ജ് പറഞ്ഞു. വിഴിഞ്ഞം തുറമുഖനിര്‍മാണ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുകവഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും 300 കോടി പ്രതിഫലം ലഭിെച്ചന്നും ജോര്‍ജ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day