|    Oct 27 Thu, 2016 2:50 am
FLASH NEWS

കേരളസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ നയങ്ങള്‍ കേരളാ കോണ്‍ഗ്രസ്-എം പ്രക്ഷോഭത്തിന്‌

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കേരളാ കോണ്‍ഗ്രസ്- എം പ്രക്ഷോഭത്തിന്. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളോടും സര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 14നു നിയോജകമണ്ഡല ആസ്ഥാനങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു.
തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗതീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ വിലസ്ഥിരതാ പദ്ധതി പുനസ്ഥാപിക്കുക, നെല്ല്, തേങ്ങ സംഭരണം പുനസ്ഥാപിക്കുക, കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ. ഓണത്തിനു മുമ്പ് എല്ലാ ക്ഷേമപെന്‍ഷനുകളും കൊടുത്തുതീര്‍ത്ത സര്‍ക്കാര്‍ ഓണമുണ്ണാന്‍ പച്ചക്കറി കൃഷിചെയ്ത കര്‍ഷകരെ അവഗണിക്കുകയാണു ചെയ്തത്. കര്‍ഷകരുടെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തത് ഹൃദയഭേദകമാണ്.
യുഡിഎഫ് സര്‍ക്കാരില്‍ താന്‍ ധനമന്ത്രി ആയിരിക്കെ ആരംഭിച്ച റബര്‍ വിലസ്ഥിരതാ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. മൂന്നു മാസമായി റബര്‍ കര്‍ഷകരുടെ സബ്‌സിഡി തുക നല്‍കിയിട്ടില്ല. സംസ്ഥാനത്തെ നെല്ല്, പച്ചത്തേങ്ങ സംഭരണം സ്തംഭിച്ചിരിക്കുകയാണ്. നെല്ല് സംഭരിച്ചതിന്റെ 75 കോടിയിലധികം രൂപ ഇനിയും നല്‍കാനുണ്ട്. കിലോയ്ക്ക് 30 രൂപ നിരക്കില്‍ എല്ലാ കൃഷിഭവനുകള്‍ വഴിയും പച്ചത്തേങ്ങ സംഭരിച്ചു കര്‍ഷകരെ സംരക്ഷിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
നിയമസഭയില്‍ കര്‍ഷകരുടെ പ്രശ്‌നം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് പിന്‍വലിച്ചിട്ടില്ല. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍മൂലം മാറ്റിവയ്ക്കുകയായിരുന്നു. നെല്‍വയല്‍, തണ്ണീര്‍ത്തട നിയമഭേദഗതി റദ്ദാക്കി പുതിയ നിയമം കൊണ്ടുവരുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വരുന്ന സമയത്ത് ഭേദഗതി റദ്ദാക്കിയാല്‍ പോരായിരുന്നോ. ഭൂമാഫിയയുടെ പേര് പറഞ്ഞ് കര്‍ഷകദ്രോഹ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബന്ധുക്കള്‍ തമ്മിലുള്ള ഭാഗ ഉടമ്പടിക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചതും പിന്‍വലിക്കണം.
അതേസമയം, സമരങ്ങളുടെ കാര്യത്തില്‍ ഇടതു, വലതു മുന്നണികള്‍ക്കു പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രമേ നല്‍കൂ. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അമിതഫീസ് തന്നെയാണു വാങ്ങുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം 45,000 രൂപയാണു വര്‍ധിപ്പിച്ചതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷംകൊണ്ട് 65,000 രൂപയാണു കൂട്ടിയത്. എന്നാല്‍, ഇതിന്റെ പേരില്‍ നിയമസഭ നിരന്തരം സ്തംഭിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day