|    Dec 2 Fri, 2016 11:26 pm
FLASH NEWS

കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: കേരളം വരള്‍ച്ചബാധിത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്നുള്ള ഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം. വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം ചെയ്യാന്‍ ദുരിതാശ്വാസ കമ്മീഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഇടവപ്പാതിയില്‍ 34 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 69 ശതമാനത്തിന്റെയും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.
നിലവിലെ വിവരങ്ങളനുസരിച്ച് കേരളത്തിലെ ജനജീവിതം ദുസ്സഹമാവുന്ന തരത്തില്‍ വരള്‍ച്ചയുണ്ടാവാനും അത് 2017 മെയ് വരെ നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. വരള്‍ച്ച ഗുരുതരമായി തുടരുകയാണെങ്കില്‍ കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കുന്നതിന് ദുരിതാശ്വാസ കമ്മീഷണറെ ചുമതലപ്പെടുത്തി.
വരള്‍ച്ച പ്രതിരോധ- പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇറക്കാന്‍ ദുരന്തനിവാരണ വകുപ്പിനെയും ചുമതലപ്പെടുത്തി. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ 2017 ജനുവരി വരെയുള്ള ചെലവ് പരിഗണിച്ചായിരിക്കും കേന്ദ്രത്തില്‍നിന്നു സഹായം തേടുക. സംസ്ഥാനത്തെ വരള്‍ച്ചാഭീഷണി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ക്കു രൂപം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു. കാര്‍ഷികവായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ജില്ലകളിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രിതലയോഗം റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വിളിച്ചുചേര്‍ക്കും.
കേന്ദ്രസര്‍ക്കാരിനെ നേരില്‍ക്കണ്ട് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സഹായത്തിന് അപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടി കണക്കിലെടുത്ത് പ്രതിപക്ഷം വാക്കൗട്ട് ഉപേക്ഷിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day