|    Dec 4 Sun, 2016 7:46 pm

കേരളത്തെ കരയിച്ച കാലവര്‍ഷം

Published : 12th November 2016 | Posted By: SMR

കെ പി ദേവദാസ്

നാലുകോടി വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്ന നമ്മുടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ ഇന്ത്യയെ നോവിച്ചില്ലെങ്കിലും കേരളത്തെ ശരിക്കും കരയിച്ചു; അതും കഴിഞ്ഞ 137 വര്‍ഷത്തെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസം ഉള്‍പ്പെടെയുള്ള സമയത്ത്. രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും കൂടിയ ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പുതന്നെ കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ പതിവുപോലെ പല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയും തമ്മില്‍ ഒരു ശീതസമരം തന്നെ നടന്നു. കാലവര്‍ഷം ജൂണ്‍ ഒന്നിനു മുമ്പ് എത്തുമെന്ന് സ്‌കൈമെറ്റും ജൂണ്‍ ആദ്യവാരമെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും പ്രവചിച്ചു. എന്തായാലും ജൂണ്‍ എട്ടിന് കാലവര്‍ഷം തുടങ്ങിയെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. കാലവര്‍ഷം നേരത്തേ വരുന്നതും വൈകിയെത്തുന്നതും മഴയുടെ അളവിനെ സ്വാധീനിക്കാറില്ലെന്നതാണു സത്യം. ഇത്തവണ മഴ അഖിലേന്ത്യാടിസ്ഥാനത്തില്‍ ദീര്‍ഘകാല ശരാശരിയുടെ ആറുശതമാനമെങ്കിലും കൂടുമെന്നായിരുന്നു പ്രവചനം. പക്ഷേ, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം പാളിപ്പോയി.
അങ്ങനെ സപ്തംബര്‍ 30ന് കാലവര്‍ഷം അവസാനിച്ച് കണക്കെടുപ്പ് നടത്തിയപ്പോള്‍ മഴ മൂന്നുശതമാനം കുറഞ്ഞതായി കണ്ടു. ഇതിനു കാരണം സപ്തംബറില്‍ അപ്രതീക്ഷിതമായി ഉത്തരേന്ത്യയില്‍ പെയ്തിറങ്ങിയ മഴയാണ്. കാലവര്‍ഷത്തിന്റെ അവസാനനാളുകളില്‍ ഡല്‍ഹിയിലും ബോംബെയിലും ഹൈദരാബാദിലും മറ്റും വെള്ളപ്പൊക്കവുമുണ്ടായി. ഇന്ത്യയില്‍ ലഭിക്കുന്ന മഴയുടെ 80 ശതമാനത്തോളം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍നിന്നാണ്.
ഇക്കഴിഞ്ഞ കാലവര്‍ഷത്തിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ തന്നെ കേരളത്തില്‍ വരാന്‍പോവുന്ന മഴദുരന്തത്തിന്റെയും വരള്‍ച്ചയുടെയും സൂചനകള്‍ ലഭിച്ചിരുന്നു. മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയുള്ള മൂന്നുമാസം ഉത്തരകേരളത്തില്‍ ലഭിക്കേണ്ട മഴയുടെ ചെറിയൊരു അംശമേ ലഭിച്ചിരുന്നുള്ളൂ. അതേസമയം, തെക്കന്‍ കേരളത്തില്‍ പല ജില്ലകളിലും സാധാരണ മഴയും കൂടുതല്‍ മഴയും ലഭിച്ചു. ഈ സീസണില്‍ കേരളത്തിന് ലഭിക്കേണ്ട മഴയുടെ അളവില്‍ 23 ശതമാനം കുറവുണ്ടായി. അതായത് 31.8 സെമീ മഴ ലഭിക്കേണ്ടിടത്ത് 24.5 സെമീ മഴയേ ലഭിച്ചുള്ളൂ. അതേസമയം കാസര്‍കോട് ജില്ലയില്‍ 74 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 63 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. പക്ഷേ, തിരുവനന്തപുരം ജില്ലയില്‍ 55 ശതമാനം കൂടുതല്‍ മഴ കിട്ടി. കൊല്ലത്തും പത്തനംതിട്ടയിലും സാധാരണ മഴ ലഭിച്ചു. എന്നാല്‍ ഇത്തരം വ്യതിയാനങ്ങള്‍ സാധാരണ കാലാവസ്ഥാ അനുഭവങ്ങളാണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 2015ല്‍ ഇതേ കാലയളവില്‍ കേരളത്തില്‍ 22 ശതമാനം മഴ കൂടുതല്‍ കിട്ടിയെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഏഴു ജില്ലകളില്‍ കൂടുതല്‍ മഴയും ബാക്കിയുള്ളവയില്‍ സാധാരണ മഴയുമാണ് ലഭിച്ചത്. ഇവിടെ ഒന്നോര്‍ക്കണം. വടക്കുകിഴക്കന്‍ കാലവര്‍ഷം എപ്പോഴും, അല്ലെങ്കില്‍ പാരമ്പര്യമായി, മലബാര്‍ പ്രദേശത്ത് കുറവും തിരുവിതാംകൂറില്‍ കൂടുതലുമാണ് ലഭിക്കുന്നത്. ഇതിന്റെ അര്‍ഥം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനും അതിനു തൊട്ടുമുമ്പുള്ള വേനല്‍മഴയ്ക്കും തമ്മില്‍ സാരമായ ബന്ധമുണ്ടെന്നതാവാം.
ഈ സാഹചര്യത്തോട് കൂട്ടിവായിക്കേണ്ടതാണ് ഇത്തവണത്തെ ജൂണ്‍-ജൂലൈ മാസങ്ങളിലെ മഴക്കുറവ്. ഈ മാസങ്ങളില്‍ 27 ശതമാനമാണ് മഴ കുറഞ്ഞത്. 143 സെമീ ലഭിക്കേണ്ട സ്ഥാനത്ത് 105 സെമീ മാത്രമാണ് ലഭിച്ചത്. വയനാട് ജില്ലയില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോഴേ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. കഴിഞ്ഞവര്‍ഷം ഇടവപ്പാതി മഴയില്‍ 26 ശതമാനം കുറവ് അനുഭവപ്പെട്ടിരുന്നു. പിന്നീടുണ്ടായ തുലാവര്‍ഷം വരള്‍ച്ച ഒഴിവാക്കിയെന്ന് ആശ്വസിക്കാം; പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍. കഴിഞ്ഞവര്‍ഷം തുലാവര്‍ഷത്തില്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ 27 ശതമാനം അധികമായിരുന്നിട്ടും കേരളം വറ്റിവരണ്ടുപോയി.
ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ഇട്ടേച്ചുപോയത് 33 ശതമാനം മഴക്കുറവാണ്. ആകെ കിട്ടിയ മഴ 134 സെമീ. കിട്ടേണ്ടത് 201 സെമീ. കാലവര്‍ഷത്തിനു മുമ്പുള്ള മഴക്കുറവും കൂടി കണക്കിലെടുത്താല്‍ കേരളം വറ്റിവരളുന്ന അവസ്ഥയാണിപ്പോള്‍. വയനാട് ജില്ല ഏറ്റവും കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തി (59 ശതമാനം). തൃശൂര്‍ 44, മലപ്പുറം 39, എറണാകുളം 23, ആലപ്പുഴയും പത്തനംതിട്ടയും 37, കണ്ണൂര്‍, കാസര്‍കോഡ് 25, ഇടുക്കി 31, കൊല്ലം 28, കോട്ടയം 30, കോഴിക്കോട് 27, പാലക്കാട് 34, തിരുവനന്തപുരം 33 ശതമാനം വീതം മഴക്കുറവാണ് അനുഭവപ്പെട്ടത്. ഇത്രയേറെ മഴക്കുറവ് കേരളത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിട്ടില്ല. ഇനി കേരളത്തിന്റെ പ്രതീക്ഷ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നു എന്നു പറയുന്ന തുലാവര്‍ഷമാണ്. തുലാവര്‍ഷം തീരാന്‍ ഡിസംബര്‍ 31 വരെ കാത്തിരിക്കണം. തുലാമാസം ഏതാണ്ട് തീരാറായി. മഴമേഘങ്ങള്‍ കനിഞ്ഞാലും രാജസ്ഥാനില്‍ നിന്നു തിരിച്ചുവരുന്ന ഇടവപ്പാതിയായ തുലാവര്‍ഷം കേരളത്തെ അനുഗ്രഹിക്കുമോ എന്ന് സംശയമാണ്. തുലാവര്‍ഷത്തില്‍ കേരളത്തില്‍ ലഭിക്കേണ്ടത് 33 സെമീ മഴയാണ് (ഇതില്‍ തന്നെ 69 ശതമാനം കുറവുണ്ടാവുമത്രേ ഇത്തവണ). അത് മുഴുവന്‍ കിട്ടിയാലും കേരളം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. കിട്ടേണ്ട മഴയില്‍ 90-100 ശതമാനവും കിട്ടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പക്ഷേ, 33 സെന്റിമീറ്ററില്‍ പകുതിപോലും മലബാറില്‍ പൊതുവെ കിട്ടാറില്ല. ഈ സാഹചര്യത്തില്‍ മലബാറില്‍ കുടിവെള്ളം പോലും ഒരു പ്രശ്‌നമായി മാറിയേക്കാം.
മഴയുടെ കാര്യത്തില്‍ അടുത്തകാലത്തൊന്നും കേരളം ഇത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് കേരള ഗവണ്‍മെന്റ് പതിനാലു ജില്ലകളെയും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. കാലവര്‍ഷവും തുലാവര്‍ഷവും ഒപ്പം പരാജയപ്പെടുന്ന അവസ്ഥ കേരളം മുമ്പ് അനുഭവിച്ചിട്ടില്ലാത്തതാണ്. അതുകൊണ്ടുതന്നെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അതിവേഗം നടപടികള്‍ സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. കേരള ദുരന്തനിവാരണ അതോറിറ്റി നിലവില്‍വന്നശേഷം ആ സ്ഥാപനം നേരിടുന്ന ആദ്യത്തെ വന്‍ വെല്ലുവിളിയാണ് ആസന്നമായ വരള്‍ച്ച.
ഇക്കഴിഞ്ഞ കാലവര്‍ഷം കേരളത്തിലെ വൈദ്യുതിമേഖലയില്‍ രൂക്ഷമായ പ്രതിസന്ധി ഉയര്‍ത്തിക്കൊണ്ടാണ് പിന്‍വാങ്ങിയത്. മഴക്കുറവ് കാരണം പമ്പയും ഭാരതപ്പുഴയും വറ്റിക്കൊണ്ടിരിക്കുന്നു. വയനാടും അട്ടപ്പാടിയും ഇരുട്ടില്‍ തപ്പുന്നു. കാര്‍ഷികമേഖല അവിടങ്ങളില്‍ തകര്‍ന്നുകഴിഞ്ഞു. കഴിഞ്ഞമാസം അവസാനത്തില്‍ കേരളത്തിലെ പ്രതിദിന ശരാശരി വൈദ്യുതോല്‍പ്പാദനം 10.90 ദശലക്ഷം യൂനിറ്റായിരുന്നു. പ്രതിദിന ഉപഭോഗം 63 ദശലക്ഷം യൂനിറ്റും. അന്തരം 52 ദശലക്ഷത്തിന്റേത്. ഈ കമ്മി നികത്താനുള്ള തത്രപ്പാടിലാണ് കേരള വിദ്യുച്ഛക്തി ബോര്‍ഡ്. 2891 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ബോര്‍ഡിനുള്ളത്. ആകെ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനത്തിലേറെയും എന്‍ടിപിസിയാണ് നല്‍കുന്നത്. അണക്കെട്ടുകളിലെല്ലാം ഇപ്പോള്‍ തന്നെ വെള്ളം കുറവായതിനാല്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. അനധികൃത ലോഡ് ഷെഡിങ് തുടങ്ങിക്കഴിഞ്ഞു. സോളാറിലേക്കും കാറ്റാടിയിലേക്കും എത്രയും വേഗം മാറിയില്ലെങ്കില്‍ കേരളം വിലകൂടിയ ഇരുട്ടിലേക്ക് കൂപ്പുകുത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day