|    Oct 22 Sat, 2016 11:24 pm
FLASH NEWS

കെ ബാബുവിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തയ്യാറെടുക്കുന്നു

Published : 24th September 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ വിജിലന്‍സ് വൈകാതെ ചോദ്യം ചെയ്യും. ബാബുവിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. ഇതുവരെ ലഭിച്ച വിവരങ്ങള്‍ ബാബുവിന് വന്‍തോതില്‍ അനധികൃത സ്വത്തുണ്ടെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ സൂക്ഷ്മവും വിപുലവുമായ അന്വേഷണത്തിലാണ് വിജിലന്‍സ് സംഘങ്ങള്‍ മുഴുകിയിരിക്കുന്നത്.
കെ ബാബുവിന് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ലഭിച്ച വരുമാനവും അദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ടായ വര്‍ധനയും തമ്മില്‍ പൊരുത്തക്കേടുള്ളതിനാല്‍ വരവില്‍ കവിഞ്ഞ സ്വത്ത് ബാബു സമ്പാദിച്ചുവെന്നത് ഔദ്യോഗിക രേഖകള്‍ കൊണ്ടുമാത്രം തെളിയിക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സിന്റെ പ്രതീക്ഷ. ഇതിനായി ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും സ്വത്തുവിവരം സംബന്ധിച്ചും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും ശമ്പളത്തുക സംബന്ധിച്ചും ആദായനികുതി വകുപ്പില്‍ നിന്നു റിട്ടേണുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിക്കുന്നുണ്ട്.
ബാബുവിന്റെ മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണങ്ങളാണ് വിജിലന്‍സിന് മുമ്പിലുള്ള പ്രധാന സമ്പാദ്യം. ബാബുവിന്റെ വരവും സ്വത്തും തമ്മില്‍ ഭീമമായ അന്തരമുണ്ടെന്ന് തെളിയിക്കാന്‍ ഇതുപക്ഷെ പോരാതെ വരും. ബിനാമികളെ ഉപയോഗിച്ച് ഭൂമി ഇടപാടുകളും ധനകാര്യ സ്ഥാപനവും ബേക്കറി ശൃംഖലയും ആശുപത്രിയും നടത്തുന്നുവെന്നാണ് വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തിയിരുന്നത്.
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഭൂമി ഉള്ളതായും വിജിലന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനൊന്നും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
ബിനാമികളെയും ബാബുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവ് കണ്ടെത്തുകയാണ് വിജിലന്‍സ് നേരിടുന്ന വലിയ വെല്ലുവിളി. ബാബുവിന്റെ ബിനാമികളെന്ന് ആരോപിച്ച് രണ്ടു പേര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.
ബാബുവുമായി ഇവര്‍ക്കുള്ള സാമ്പത്തിക ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കി ല്‍ കേസ് നിലനില്‍ക്കില്ല. ബിനാമികള്‍ എന്ന് സംശയിക്കുന്ന മോഹനന്‍, ബാബുറാം, നന്ദകുമാര്‍ എന്നിവര്‍ സ്വന്തമായി ബിസിനസ് നടത്താന്‍ വരുമാന സ്രോതസ്സ് ഉള്ളവരല്ല എന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവരുടെ ഇടപാടുകളെ ബാബുവുമായി ബന്ധിപ്പിക്കാനുള്ള തെളിവ് ഇനിയും കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട്ടിലെ തേനിയില്‍ ബാബുവിന് ഭൂമിയുണ്ടെന്ന ആരോപണത്തില്‍ നിന്ന് വിജിലന്‍സ് തന്നെ പിന്‍വാങ്ങിക്കഴിഞ്ഞു. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇത് ബാബുവിന്റെ ഇളയ മകളുടെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന ഭൂമിയാണെന്ന് വ്യക്തമായി. ബാബുവിന്റെയും ബന്ധുക്കളുടെയും പേരില്‍ കൊച്ചിയിലും പരിസരത്തുമുള്ള ഭൂമി സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്. വഴിത്തിരിവ് സൃഷ്ടിക്കുന്ന എന്തെങ്കിലും തെളിവ് ലഭിച്ചാലുടന്‍ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യല്‍ നേരിടാന്‍ കെ ബാബുവും തയ്യാറെടുത്തു കഴിഞ്ഞു. വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാലെ ഒരാഴ്ചക്കാലം അദ്ദേഹം ആലുവയിലെ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനൊപ്പം മുഴുവന്‍ സമയവും ഇരുന്ന് കണക്കുകള്‍ ക്രമപ്പെടുത്തിക്കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day