|    Oct 21 Fri, 2016 1:16 am
FLASH NEWS

കെട്ടിട നിര്‍മാതാക്കളുടെ തട്ടിപ്പ്; മുംബൈയില്‍ 3000 കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി വീട് നഷ്ടമായവരില്‍ നിരവധി മലയാളികുടുംബങ്ങളും

Published : 25th July 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: ചേരി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട വീട് വാഗ്ദാനം ചെയ്ത് കുടിയിറക്കിയ മലയാളികള്‍ ഉള്‍പ്പെടെ 3000 കുടുംബങ്ങള്‍ മുംബൈ നഗരത്തില്‍ വാസസ്ഥലമില്ലാതെ കഷ്ടപ്പെടുന്നു. രണ്ടു വര്‍ഷത്തെ കാലാവധി പറഞ്ഞാണ് കെട്ടിട നിര്‍മാതാക്കള്‍ ഇത്രയും പേരുടെ വീടുകള്‍ ഇടിച്ചുനിരത്തിയത്. തുടര്‍ന്ന് പ്രസ്തുത സ്ഥലത്ത് നിര്‍മാണപ്രക്രിയ ആരംഭിക്കാത്തതിനെ ചോദ്യംചെയ്തപ്പോഴാണ് അവിടം കെട്ടിടം നിര്‍മിക്കാന്‍ നിയമ തടസ്സമുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്.
മെച്ചപ്പെട്ട ജീവിതസൗകര്യവും മറ്റും പ്രതീക്ഷിച്ച് വീട് ഒഴിഞ്ഞുകൊടുത്ത സാധാരണക്കാരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരാണ്. ആദ്യത്തെ ഒരു വര്‍ഷം വാടകയ്ക്കു താമസിക്കാനായി പണം നല്‍കിയിരുന്നുവെങ്കിലും പിന്നീട് അതും നിര്‍ത്തി. ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടപ്പെട്ടു. തുടര്‍ന്ന് താമസിക്കാന്‍ വാടക നല്‍കാനും ഏറെ ക്ലേശിക്കുകയാണ്. നഗരത്തിലെ കാന്ദിവലി, മലാഡ് എന്നീ മേഖലകളിലാണ് ഗവ. ഉദ്യോഗസ്ഥരുടെയും കെട്ടിടനിര്‍മാണ ലോബിയുടെയും പിടിപ്പുകേടുകൊണ്ട് ഇത്രയും പേര്‍ക്ക് വീടു നഷ്ടമായത്. സെന്‍ട്രല്‍ ഓഡിനന്‍സ് ഡിപ്പോയുടെ പരിധിയില്‍പ്പെട്ടതാണ് ഈ സ്ഥലം. ഈ പരിധിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ ബഹുനില കെട്ടിടം പണിയരുത് എന്നാണു നിയമം. നിരവധി മലയാളി കുടുംബങ്ങളും വീടു നഷ്ടമായവരില്‍ ഉള്‍പ്പെടുന്നതായി റിപോര്‍ട്ടുണ്ട്.
കൊച്ചി സ്വദേശി ലോപസ് തോമസ്, കൊല്ലം വിളക്കുപാറ സ്വദേശി ബാബു എന്നിവര്‍ വീടു നഷ്ടമായ മലയാളികളില്‍പ്പെടുന്നു. വര്‍ഷങ്ങളുടെ സമ്പാദ്യം നഷ്ടമായെന്നും വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രിയെ വരെ സമീപിച്ചെങ്കെിലും അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ അനാസ്ഥയാണു കാണുന്നതെന്നും ഇരുവരും തേജസിനോടു പറഞ്ഞു. ഇത്രയും വീടുകളുടെ പഴയ സാമഗ്രികള്‍ വിറ്റവകയില്‍ കെട്ടിട നിര്‍മാതാക്കള്‍ കോടിക്കണക്കിനു രൂപ കീശയിലാക്കിയതായും പറയൂ. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഭൂമിയായ മുംബൈ നഗരത്തില്‍ ബദല്‍ സംവിധാനവും ചെലവേറിയതാണ് എന്നിരിക്കെയാണ് ആയിരക്കണക്കിനു പൗരന്മാര്‍ ഭവനരഹിതരായിരിക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day