|    Dec 8 Thu, 2016 1:41 am
FLASH NEWS

കെട്ടിട നിര്‍മാണം: ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പ്രത്യേക ചട്ടം – മന്ത്രി ജലീല്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും പ്രത്യേകം കെട്ടിടനിര്‍മാണ ചട്ടം കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ ടി ജലീല്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒരു കെട്ടിടനിര്‍മാണ ചട്ടമേയുള്ളൂ. ഇതു പല പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. വീടുനിര്‍മാണത്തിനുള്‍പ്പെടെ അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ ഇതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും പ്രത്യേകം ചട്ടങ്ങള്‍ക്ക് രൂപംനല്‍കുന്നത്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു  നിയോഗിച്ച കമ്മിറ്റികളുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും.
നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക
നമ്പര്‍ നല്‍കുകയും പിന്നീട് പിഴ ഈടാക്കി ക്രമീകരിക്കുകയും ചെയ്യും. 750 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് പിഴയില്ലാതെ നമ്പര്‍ നല്‍കും. 750 സ്‌ക്വയര്‍ ഫീറ്റിനുമേല്‍ വലിപ്പമുള്ള വീടുകള്‍ക്ക് വിവിധ സ്ലാബുകളായി തിരിച്ച് പിഴ ഈടാക്കും. വീടുനിര്‍മാണത്തിന് അപാകതകളില്ലാതെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഒരുദിവസംകൊണ്ട് അനുമതി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളിലെ ഡോക്യുമെന്റേഷന്റെ പേരില്‍ ടെന്‍ഡറില്ലാതെ സ്വകാര്യസ്ഥാപനത്തിന് കുടുംബശ്രീയുടെ രണ്ടുകോടി രൂപ നല്‍കിയ സംഭവത്തില്‍ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവും. കോഴിക്കോട്ടെ സൗത്ത് ഏഷ്യന്‍ കോളജ് ഓഫ് ജേണലിസവുമായി കുടുംബശ്രീ ഉണ്ടാക്കിയ ധാരണാപത്രത്തിനു നിയമവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഫോട്ടോഗ്രഫി പഠിപ്പിക്കാനുള്ള ക്വട്ടേഷന്റെ മറവിലാണ് ടെന്‍ഡറില്ലാതെ കോടികള്‍ കൈമാറിയ—തെന്നും മന്ത്രി അറിയിച്ചു.
പുതിയ മുനിസിപ്പാലിറ്റികള്‍ക്ക് ജീവനക്കാരെ നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുമെന്നു തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍. 179 പേരുടെ നിയമനമാണ് നിയമക്കുരുക്കില്‍ പെട്ടുകിടക്കുന്നത്. നവംബര്‍ അവസാനത്തോടെ ഇതു പരിഹരിക്കും. ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ കക്ഷിചേര്‍ന്നതോടെയാണു പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തേക്കുള്ള 179 പേരുടെ പ്രമോഷന്‍ നിയമനം തടസ്സപ്പെട്ടത്. ശുചിത്വ തൊഴിലാളികളുടെ മക്കള്‍ക്ക് എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യം നല്‍കും. ഈ വിഭാഗം തൊഴിലാളികള്‍ക്കു വീടുവയ്ക്കുന്നതിനു കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കും. വകുപ്പിലെ അഴിമതി സംബന്ധിച്ചു പരാതിപ്പെടാന്‍ പുതിയ വെബ്‌സൈറ്റ് നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. തെളിവോടെയുള്ള പരാതികള്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍ നല്‍കും. അതിനുശേഷമേ അന്വേഷണം ആരംഭിക്കൂ. അട്ടപ്പാടിയില്‍ അഹാഡ്‌സിന്റെ അനാഥമായ കെട്ടിടം കിലയുമായി സംയോജിപ്പിക്കും. അഞ്ചുവര്‍ഷംകൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കുകയും സംസ്ഥാനത്തെ തെരുവുനായരഹിതമാക്കുകയും ചെയ്യു—മെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day