|    Oct 22 Sat, 2016 10:59 am
FLASH NEWS

കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കാര്യക്ഷമമല്ല; കാസര്‍കോട്ട് രാത്രികാല യാത്ര ദുരിതമാവുന്നു

Published : 18th January 2016 | Posted By: SMR

കാസര്‍കോട്: അതിര്‍ത്തി ജില്ലയായ കാസര്‍കോട്ട് രാത്രി യാത്ര ദുരിതമയം. കര്‍ണാടകയില്‍ നിന്നു രാത്രി കാസര്‍കോട് എത്തിയാല്‍ മറ്റു സ്ഥലങ്ങളിലേക്ക് പോവാന്‍ ബസ്സില്ലാത്ത സ്ഥിതിയാണ്. ചില സമയങ്ങളില്‍ കെഎസ്ആര്‍ടിസി മിനുറ്റുകള്‍ ഇടവിട്ട് സര്‍വീസ് നടത്തുമ്പോഴാണ് രാത്രി മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ പോലും ബസ്സിലാത്ത സ്ഥിതി. കെഎസ്ആര്‍ടിസിയുടെ തന്നെ രാത്രികാല ബസ്സുകളില്‍ നല്ല തിരക്കുണ്ടായിട്ടും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറാവുന്നില്ല.
ജില്ലയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച കാസര്‍കോട് രാത്രികാല കച്ചവടം കൂടുതലായുണ്ടെങ്കിലും ബസ്സിലാത്തതിനാല്‍ ഷോപ്പിങിന് ജനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിച്ചിട്ടും രാത്രികാല സര്‍വീസുകള്‍ കാര്യക്ഷമമാക്കാന്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ട്രെയിനില്‍ കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ മലയോരത്തേക്ക് പോവാന്‍ ടാക്‌സി വിളിക്കേണ്ട സ്ഥിതിയാണ്.
മണിക്കൂറുകളോളം കാത്ത് നിന്നാലും വാഹനം കിട്ടുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കൊള്ളയടിക്കപ്പെടുന്ന സ്ഥിതിയുമുണ്ടാവാറുണ്ട്. രാത്രി ഏറ്റവും ദുരിതം ദേശീയ പാതയിലാണ്. ദേശീയപാതയില്‍ ഏഴിന് ശേഷം നാമമാത്ര സര്‍വീസുകള്‍ മാത്രമാണുള്ളത്. അതിര്‍ത്തി ഗ്രാമങ്ങളായ മുള്ളേരിയ, ബദിയടുക്ക, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും രാത്രികാലങ്ങളില്‍ സര്‍വീസില്ല. നേരത്തെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും കാസര്‍കോട് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പല ട്രിപ്പുകളും റദ്ദ് ചെയ്യുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കാസര്‍കോട് ജില്ലയിലുണ്ടായ പല വര്‍ഗീയ ആക്രമണങ്ങളിലും തകര്‍ക്കപ്പെട്ടത് സ്വകാര്യ ബസ്സുകളാണ്. അതുകൊണ്ടു തന്നെ വേണ്ട സംരക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് രാത്രികാല സര്‍വീസുകളില്‍ നിന്ന് സ്വകാര്യ ബസ് ഉടമകള്‍ പിന്‍മാറുകയായിരുന്നു.
രാത്രികാലത്ത് മംഗ്ലൂരുവില്‍ നിന്ന് കര്‍ണാടക കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും യഥേഷ്ടം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്ക് സര്‍വീസുകളില്ലാത്തതിനാല്‍ മംഗളൂരു ആശുപത്രിയില്‍ പോവേണ്ടവരും മറ്റും ബുദ്ധിമുട്ടുകയാണ്.
ദീര്‍ഘദൂര യാത്രക്കാരെക്കാള്‍ കൂലിപണി കഴിഞ്ഞ് രാത്രി വീട്ടിലെത്തേണ്ട ജില്ലയിലെ സാധാരണക്കാരാണ് ബസ്സില്ലാത്തത് കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നത്. എഴ് കഴിഞ്ഞാല്‍ പിന്നീട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു 7.15ന് ചന്ദ്രഗിരി വഴിയും എട്ടിന് ദേശീയപാത വഴി പയ്യന്നൂരേക്കും എട്ടേകാലിന് ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട്ടേക്കും സര്‍വീസുണ്ട്. ഈ ബസ്സുകളുടെ സമയം ക്രമീകരിച്ചാല്‍ യാത്രക്കാര്‍ക്ക് അതു വലിയ ഗുണമാവും.
പതിനഞ്ച് മിനുട്ടുകള്‍ക്കിടയില്‍ ഊ രണ്ട് ബസ്സുകളുും പോയി കഴിഞ്ഞാല്‍ പിന്നീട് കാസര്‍കോട് എത്തുവര്‍ക്ക് പയ്യന്നൂരേക്കോ കണ്ണൂരിലേക്കോ പോവാന്‍ ബസ്സില്ല. പിന്നീട് ഒമ്പതിന് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്ന സര്‍വീസാണ് ഡിപ്പോയില്‍നിന്നുള്ള അവസാനത്തെ ബസ്. ഈ ബസ്സില്‍ തിരക്ക് കാരണം കയറിപറ്റുക വളരെ പ്രയാസമാണ്. മുമ്പ് കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ഗുരുവായൂര്‍ വരെ രാത്രി സ്വകാര്യ ബസ് സര്‍വീസുണ്ടായിരുന്നു. ഇപ്പോഴതില്ല. മുമ്പ് ചന്ദ്രഗിരി റൂട്ട് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് എഴിനും പത്തിനും ഇടയില്‍ നാലോളം ബസു സര്‍വീസുകള്‍ ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day