|    Dec 6 Tue, 2016 8:26 am
FLASH NEWS

കെഎസ്ആര്‍ടിസിക്ക് പ്രതിമാസം ആറുകോടി നഷ്ടം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ മിനിമം നിരക്ക് കുറച്ചതിനെതിരേ നിയമസഭയില്‍ ഗതാഗതമന്ത്രിയുടെ വിമര്‍ശനം. മിനിമം നിരക്കില്‍ ഒരുരൂപയുടെ കുറവുവരുത്തിയതിലൂടെ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം ആറുകോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സെസ് ഏര്‍പ്പെടുത്തിയതു കെഎസ്ആര്‍ടിസിക്കു തിരിച്ചടിയായെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.
സെസ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഒരുലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയെ വിട്ട് സ്വകാര്യ ബസ്സുകളെ ആശ്രയിച്ചത്. ഇതുവഴിയും 12 കോടി രൂപയുടെ നഷ്ടമുണ്ടായി. രണ്ടിനത്തിലുംകൂടി 18 കോടി രൂപയുടെ നഷ്ടമുണ്ടായില്ലെങ്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനു തടസ്സം നേരിടുമായിരുന്നില്ല. സാമൂഹികപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സ്ഥാപനത്തിന്റെ നിലനില്‍പുകൂടി നോക്കണം. താല്‍ക്കാലിക കൈയടികിട്ടാന്‍ വേണ്ടിയുള്ള നടപടിയല്ല വേണ്ടത്. സ്ഥാപനത്തെ രക്ഷിക്കാനുള്ള നടപടികളാണു വേണ്ടത്.
കോട്ടയം-കുമരകം-ആലപ്പുഴ റൂട്ടില്‍ 120 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളിക്കാവുന്ന ടൂറിസ്റ്റ് ബോട്ട് സര്‍വീസ് ആരംഭിക്കും. ആധുനിക ആംബുലന്‍സ് സൗകര്യങ്ങളോടുകൂടിയ അഞ്ചു പുതിയ റസ്‌ക്യൂ ബോട്ടുകള്‍ ഏര്‍പ്പെടുത്തും. ഹൗസ് ബോട്ടുകളുടെ സഞ്ചാരം കാരണം കായല്‍ അനിയന്ത്രിതമായി മലിനീകരിക്കപ്പെടുന്നുണ്ട്. ഇതൊഴിവാക്കാനായി സോളാര്‍ ബോട്ട് നിര്‍മിച്ച് അടുത്തമാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. കൊല്ലം അഷ്ടമുടി, ആലപ്പുഴ, മലബാര്‍ മേഖലകളില്‍ ക്രൂയിസ് നൗകകള്‍ ടൂറിസ്റ്റ് സര്‍വീസ് ആരംഭിക്കുന്നതു പരിഗണനയിലാണ്.
മോട്ടോര്‍ വാഹന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പായാല്‍ സംസ്ഥാനത്തെ 1,200ലധികം കെഎസ്ആര്‍ടിസി ബസ്സുകളും 4,500ലധികം സ്വകാര്യബസ്സുകളും നിരത്തില്‍നിന്നു പിന്‍വലിക്കേണ്ടിവരും. പരിസ്ഥിതി സൗഹാര്‍ദ സമീപനമാണ് സംസ്ഥാനസര്‍ക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day