|    Dec 10 Sat, 2016 11:59 pm

കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ വീണ്ടും തടഞ്ഞു; കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥ

Published : 2nd December 2016 | Posted By: SMR

കണ്ണൂര്‍: കെഎംസി നമ്പറില്ലാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളെ തടഞ്ഞതിനെച്ചൊല്ലി കണ്ണൂര്‍ നഗരത്തില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ഇന്നലെ രാവിലെ 11ഓടെ താലൂക്ക് ഓഫിസിന് സമീപമായിരുന്നു സംഭവം. കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകളെ ഒരുസംഘം ഓട്ടോ തൊഴിലാളികളാണു തടഞ്ഞത്. ഇതിനെ ചോദ്യംചെയ്യാനായി മറ്റൊരു വിഭാഗം രംഗത്തെത്തി. സംഭവമറിഞ്ഞ് പോലിസും സ്ഥലത്തെത്തി. അനധികൃത ഓട്ടോകളെ തടയാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നാണ് കെഎംസി നമ്പറുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആരോപണം. ഇതേച്ചൊല്ലി ഇവര്‍ പോലിസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. ഇതേ വിഷയത്തെച്ചൊല്ലി ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നും ഇരുവിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘര്‍ഷമുണ്ടായിരുന്നു. ടൗണ്‍ സിഐ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചത്. തുടര്‍ന്ന് കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ ഇരുവിഭാഗം തൊഴിലാളി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നെങ്കിലും കൃത്യമായ തീരുമാനമാവാതെ പിരിയുകയായിരുന്നു. അതിനിടെ, കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ക്കും സര്‍വീസ് നടത്താന്‍ മേയര്‍ അനുമതി നല്‍കിയെന്നവകാശപ്പെട്ട് ഒരുവിഭാഗം തൊഴിലാളികള്‍ രംഗത്തെത്തി. അത്തരത്തിലുള്ള തീരുമാനം യോഗത്തില്‍ ഇല്ലായിരുന്നുവെന്നാണ് വിവിധ യൂനിയനുകള്‍ ഉള്‍പ്പെടുന്ന അംഗീകൃത തൊഴിലാളികളുടെ വാദം. കോര്‍പറേഷനിലെ കെഎംസി നമ്പറില്ലാത്ത മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂനിയനുകള്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ പോലിസും മോട്ടോര്‍വാഹന വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് നടപടികള്‍ നിലച്ചതോടെ അനധികൃത ഓട്ടോകള്‍ നഗരത്തില്‍ വ്യാപകമായി. ഇതിനെതിരേയാണ് യൂനിയന്‍ ഭേദമന്യെ തൊഴിലാളികള്‍ വീണ്ടും രംഗത്തെത്തിയത്. നഗരത്തില്‍ കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തരുതെന്ന് സിഐയുടെ നിര്‍ദേശമുള്ളതായും ഡെപ്യൂട്ടി മേയറുടെ അടുത്ത അനുയായി അനധികൃത ഓട്ടോറിക്ഷ ഓടിക്കുന്നയാളാണെന്നും ഇവര്‍ പറഞ്ഞു. അതേസമയം, നഗരപരിധിയിലാണ് തങ്ങളുടെ താമസമെന്നും തൊഴിലെടുക്കാന്‍ തങ്ങളെയും അനുവദിക്കണമെന്നുമാണ് കെഎംസി നമ്പറില്ലാത്ത ഓട്ടോ തൊഴിലാളികളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക