|    Dec 9 Fri, 2016 3:10 pm
FLASH NEWS

കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ തടഞ്ഞു;കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥ

Published : 17th November 2016 | Posted By: SMR

കണ്ണൂര്‍: കെഎംസി നമ്പറില്ലാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികള്‍ തടഞ്ഞതിനെച്ചൊല്ലി കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥ. കോര്‍പറേഷനിലെ കെഎംസി നമ്പറില്ലാത്ത മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിവിധ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയനുകള്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ പോലിസും മോട്ടോര്‍വാഹന വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് നടപടികള്‍ നിലച്ചതോടെ കെഎംസി നമ്പറില്ലാത്ത ഓട്ടോകള്‍ നഗരത്തില്‍ വ്യാപകമായി. ഇതിനെതിരേയാണ് ഇന്നലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ യൂനിയന്‍ ഭേദമില്ലാതെ ഒറ്റക്കെട്ടായി രംഗത്തെത്തിയത്. നഗരത്തില്‍ പലയിടത്തും അനധികൃത സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ തടയാന്‍ തുടങ്ങിയതോടെ വാക്കേറ്റത്തിനും സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി. പോലിസ് എത്തിയിട്ടും പരിഹാരമുണ്ടായില്ല. ഇതിനിടെ ചില ഓട്ടോ തൊഴിലാളികള്‍ ആര്‍ടി ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ടൗണ്‍ സിഐ വേണുഗോപാല്‍ ഇരുവിഭാഗം നേതാക്കളെയും അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചു. നഗരപരിധിയിലാണ് തങ്ങളുടെ താമസമെന്നും തൊഴിലെടുക്കാന്‍ തങ്ങളെയും അനുവദിക്കണമെന്നുമായിരുന്നു കെഎംസി നമ്പറില്ലാത്ത ഓട്ടോ തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, ഇതിനെ യൂനിയനുകള്‍ എതിര്‍ത്തു. കെഎംസി നമ്പര്‍ ലഭിച്ച് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് കോര്‍പറേഷന്‍ അധികൃതര്‍, മോട്ടോര്‍ വാഹന വകുപ്പ്, പോലിസ്, ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം 26ന് വിളിച്ചുകൂട്ടാന്‍ ധാരണയായി. അതുവരെ കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകളെ നഗരപരിധിയില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. കൂടാതെ, കെഎംസി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ കണക്കെടുപ്പ് ട്രാഫിക് പോലിസിന്റെ നേതൃത്വത്തില്‍ ഇന്നു ടൗണ്‍ സ്‌ക്വയറില്‍ നടക്കും. തൊഴിലാളികള്‍ കെഎംസി പെര്‍മിറ്റിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാക്കാന്‍ സിഐ നിര്‍ദേശം നല്‍കി. എ വി പ്രകാശന്‍ (സിഐടിയു), എം രാജീവന്‍ (എഐടിയുസി), കെ പി സത്താര്‍ (എസ്ടിയു), സി കെ ശശികുമാര്‍ (ബിഎംഎസ്), കുന്നത്ത് രാജീവന്‍ (ഐഎന്‍ടിയുസി), എം ശശിധരന്‍ (എസ്എടിയു) ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ കോര്‍പറേഷന്‍ അനുവദിച്ച കെഎംസി നമ്പറുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു.  വണ്ടിയുടെ രേഖകളില്‍ മേല്‍വിലാസം പഞ്ചായത്തുകളിലും ഇവര്‍ ഹാജരാക്കിയ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്‍ നഗരസഭക്കുള്ളില്‍ താമസമെന്നും കണ്ടെത്തുകയുണ്ടായി. തുടര്‍പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് തെളിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day