|    Dec 8 Thu, 2016 5:26 pm
FLASH NEWS

കൃഷി ഓഫിസര്‍ ജോര്‍ജ് പ്രശാന്തിന്റെ വിയോഗം: വിശ്വസിക്കാനാവാതെ മാളയിലെ കര്‍ഷകര്‍

Published : 4th November 2016 | Posted By: SMR

സലീം എരവത്തൂര്‍

മാള: പ്രദേശത്തെ കാര്‍ഷിക രംഗം പുനരുജ്ജീവിപ്പിച്ച ജോര്‍ജ് പ്രശാന്തെന്ന കൃഷി ഓഫിസറുടെ അകാല മരണവാര്‍ത്ത ഞെട്ടലോടെയാണ് ഇന്നലെ മാളക്കാര്‍ ശ്രവിച്ചത്. കര്‍ഷകരുടെ ഏതാവശ്യത്തിനും ഏത് സമയത്തും കൃഷി ഓഫിസര്‍ എങ്ങനെയാവണമെന്ന് സമൂഹത്തോട് പ്രവൃത്തിയിലൂടെ കാണിച്ച് കൊടുത്ത ജോര്‍ജ് പ്രശാന്ത് എത്തുമായിരുന്നു. മാളയിലും പരിസര പ്രദേശങ്ങളിലും കൃഷി അന്യമായിക്കൊണ്ടിരിക്കെ 2012 ലാണ് മാള കൃഷി ഓഫിസറായി ജോര്‍ജ് പ്രശാന്ത് എത്തിയത്. ഇക്കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം തുടര്‍ച്ചയായി മാളയിലെത്തിക്കാനും അദ്ദേഹത്തിനായി. അദ്ദേഹം മാളയിലെത്തിയ വര്‍ഷം സംസ്ഥാനത്തെ ഏറ്റവും നല്ല ക്ലസ്റ്ററിനുള്ള അവാര്‍ഡ് കോള്‍ക്കുന്ന് ഹരിതസംഘത്തിന് ലഭ്യമാക്കിക്കൊണ്ടാണ് അവാര്‍ഡുകളുടെ തുടക്കം. അതോടൊപ്പം സംസ്ഥാനത്തെ ഏറ്റവും നല്ല കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജോസഫ് പള്ളന് എത്തിക്കാനും കഴിഞ്ഞു. അടുത്ത വര്‍ഷം സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് രഞ്ചിത്ത് ചിറ്റേത്തിലൂടെ മാളയിലെത്തി. 2014-15 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ് കെ എസ് സിനോജിനും മികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്‌കാരം ജോര്‍ജ് പ്രശാന്തിനും ലഭിച്ചു. സംസ്ഥാന ചരിത്രത്തിലില്ലാത്ത തരത്തിലാണ് തുടര്‍ച്ചയായ മൂന്നു വര്‍ഷക്കാലം കൊണ്ട് അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ മാളയിലെത്തിയത്. മാളയില്‍ കൃഷി ചെയ്യാവുന്നയിടങ്ങളിലെല്ലാം കൃഷി ഇറക്കി പ്രത്യേക മാതൃകയായി പ്രശാന്ത്. ആകെ കര്‍ഷകരില്‍ എണ്‍പത് ശതമാനം വരെ യുവാക്കളാണ് മാളയില്‍. 2013-14 വര്‍ഷത്തില്‍ കര്‍ഷകനുമാവാം കോടീശ്വരന്‍ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ കര്‍ഷക സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്‍ എംഎല്‍എ ടി എന്‍ പ്രതാപനൊപ്പം മുഖ്യ പങ്ക് വഹിച്ചു. മാളയിലെ കാര്‍ഷിക രംഗത്ത് മൂന്നു വര്‍ഷക്കാലം കൊണ്ട് നിസ്തുലമായ പ്രവര്‍ത്തനമാണ് ജോര്‍ജ നടത്തിയത്. മാളയിലെ കാര്‍ഷിക രംഗത്തെ മാറ്റത്തിന് കര്‍ഷകരോടൊപ്പം നിന്ന കൃഷി ഓഫിസറായിരുന്നു അദ്ദേഹമെന്ന് സംസ്ഥാനത്തെ മികച്ച കര്‍ഷകനായി ആദരിക്കപ്പെട്ടതും മള്‍ച്ചിങ് കൃഷി രീതി ഉരുത്തിരിച്ചയാളുമായ പള്ളന്‍ ജോസഫ് അനുസ്മരിച്ചു. തീരാനഷ്ടവും വേദനയും തന്നാണ് പ്രശാന്ത് അകാലത്തില്‍ വിട്ടു പിരിഞ്ഞതെന്ന് കഴിഞ്ഞ വര്‍ഷം ഹരിതമിത്ര അവാര്‍ഡ് നേടിയ കെ എസ് സിനോജ് അനുസ്മരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day