|    Dec 9 Fri, 2016 9:18 am
FLASH NEWS

കൃഷിനാശം തുടര്‍ക്കഥ; ലക്ഷങ്ങള്‍ ചെലവഴിച്ച വൈദ്യുതി ഫെന്‍സിങ് നോക്കുകുത്തിയായി

Published : 12th November 2016 | Posted By: SMR

മാനന്തവാടി: മൂന്നു ലക്ഷം രൂപ ചെലവഴിച്ച് ഒരുവര്‍ഷം മുമ്പു മാത്രം നിര്‍മാണം പൂര്‍ത്തിയാക്കിയ വൈദ്യുതി ഫെന്‍സിങ് നോക്കുകുത്തിയായതോടെ തൊണ്ടര്‍നാട്, കുഞ്ഞോം, പാതിരിമന്ദം, മട്ടിലയം പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി. കാട്ടുപോത്തുകളും കാട്ടുപന്നികളുമാണ് പകല്‍സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ മേയുന്നത്. മട്ടിലയം മുതല്‍ പാതിരിമന്ദം വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷമാണ് വനംവകുപ്പ് വൈദ്യുതി ഫെന്‍സിങ് സ്ഥാപിച്ചത്. ഇതിന്റെ പരിചരണം നിലച്ചതാണ് പ്രവര്‍ത്തനം നില്‍ക്കാനിടയാക്കിയത്. കമ്പിവേലികളിലെല്ലാം കാടുമൂടിയതോടെ ഫെന്‍സിങ് പ്രവര്‍ത്തനം താറുമാറായി. ചിലയിടങ്ങളില്‍ മരങ്ങള്‍ കമ്പിവേലിയില്‍ വീണിട്ടും ഇതു നീക്കംചെയ്യാന്‍ പോലും വനംവകുപ്പ് തയ്യാറായിട്ടില്ല. പ്രദേശത്ത് കൃഷി ചെയ്ത വാഴ, പയര്‍, പാവല്‍, കപ്പ തുടങ്ങിവയെല്ലാം കാട്ടുപോത്തുകള്‍ നശിപ്പിക്കുകയാണ്. വന്യമൃഗശല്യം വര്‍ധിച്ചതോടെ പാതിരിമന്ദത്ത് താമസിക്കുന്ന മലക്കോട്ട്ഞാലില്‍ സിന്റോ സ്വന്തം വീട് പൂട്ടി മറ്റൊരിടത്ത് വാടകയ്ക്കു താമസിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കെ ടി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ കറവയുള്ള പശുവിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നു. ക്ഷീരസംഘത്തില്‍ രാവിലെ പാലെത്തിക്കാന്‍ പോവുകയായിരുന്ന കര്‍ഷകനും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യം കാരണം രാവിലെ കുട്ടികളെ സ്‌കൂളുകളിലും മദ്‌റസകളിലും വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. വൈദ്യുതി ഫെന്‍സിങ് കാര്യക്ഷമമാക്കി ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day