|    Oct 25 Tue, 2016 10:59 pm
FLASH NEWS

കൂലി ചോദിച്ച തൊഴിലാളികളെ ചുട്ടുകൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

Published : 15th October 2015 | Posted By: RKN

സ്വന്തം പ്രതിനിധി

കൊച്ചി: കൂലി നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ മൂന്നു തൊഴിലാളികളെ പെട്രോളൊഴിച്ചു ചുട്ടുകൊന്ന കേസിലെ പ്രതിക്കു കോടതി വധശിക്ഷ വിധിച്ചു. തമിഴ്‌നാട് സ്വദേശി തോമസ് ആല്‍വ എഡിസനെ(29)യാണ് എറണാകുളം അഡീ. സെഷന്‍സ് ജഡ്ജി ഇ എം മുഹമ്മദ് ഇബ്രാഹിം വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതിയെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ മാനസിക പരിവര്‍ത്തനത്തിന് ഇടയില്ലെന്നും വ്യക്തമാക്കിയാണു പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാസി (24), തിരുച്ചിറപ്പള്ളി മണിച്ച നെല്ലൂര്‍ മേലേ ശ്രീദേവിമംഗലത്ത് വിജയ്(24), തിരുനെല്‍വേലി സമയപുരം റോഡ് സുരേഷ്(23), എന്നിവരെയാണു കരാറുകാരനായ പ്രതി നഗരത്തിലെ ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍വച്ച് പെട്രോള്‍ ഒഴിച്ചു തീവച്ചുകൊന്നത്. സംഭവത്തില്‍ ഇവരുടെ സുഹൃത്ത് ആന്‍ഡ്രൂസ് ഗുരുതരമായ പൊള്ളലോടെ രക്ഷപ്പെട്ടിരുന്നു.

2009 ഫെബ്രുവരി 21നാണു കൊലപാതകം നടന്നത്. വാഗ്ദാനം ചെയ്ത കൂലി നല്‍കാത്തതു ചോദ്യംചെയ്തതിനെത്തുടര്‍ന്ന് തൊഴിലാളികളുമാ യി വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് പുറത്തുപോയ പ്രതി രാത്രി ഒരുമണിയോടെ തിരിച്ചെത്തി ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീവച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  തൊഴിലാളികളുടെ ശരീരത്തില്‍ തീക്കൊളുത്തിയ ശേഷം പുറത്തിറങ്ങിയ പ്രതി മുറി പുറത്തുനിന്നു പൂട്ടുകയും ചെയ്തു. മുറിയില്‍ നിന്നു പുറത്തിറങ്ങുന്നതിനിടെ പ്രതിക്കും പൊള്ളലേറ്റിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ് തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടവര്‍. ഇവര്‍ക്കു ജോലിചെയ്ത വകയില്‍ പതിനാലായിരത്തോളം രൂപ കരാറുകാരനായ തോമസ് ആല്‍വ കുടിശ്ശിക നല്‍കാനുണ്ടായിരുന്നു. തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരനാണ് തോമസ് ആല്‍വ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ കൊല്ലപ്പെടുന്നതിന് 20 ദിവസങ്ങള്‍ക്കു മുമ്പ് തോമസ് ഇവരെ കൊച്ചിയി ല്‍ എത്തിച്ചത്.

കിട്ടാനുള്ള പണം തന്നില്ലെങ്കില്‍ തങ്ങള്‍ മടങ്ങിപ്പോവുമെന്നു തൊഴിലാളികള്‍ തോമസിനോട് പറഞ്ഞിരുന്നു. ഇതാണു കൊലപാതകത്തില്‍ കലാശിക്കുന്നതിനു കാരണമായത്. ഭാര്യയും മാതാപിതാക്കളുമടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍ താന്‍ മാത്രമേ ഉള്ളൂവെന്നും ദയകാണിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.  പ്രതിക്കു പരമാവധി ശിക്ഷനല്‍കണമെന്നും ഇയാള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം കോടതിയെ ബോധിപ്പിച്ചു. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി പ്രതിക്കു വധശിക്ഷ നല്‍കി വിധി പ്രസ്താവിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day