|    Dec 7 Wed, 2016 7:56 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കും

Published : 28th November 2016 | Posted By: SMR

ദോഹ: ഖത്തറില്‍ പ്രവാസി വിദ്യാര്‍ഥികളുടെ ഉന്നത പഠനാവശ്യം പരിഗണിച്ച് കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കുന്നു. ഖത്തര്‍ യൂനിവേഴ്‌സിറ്റി ഭരണ സാമ്പത്തികകാര്യ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അല്‍കാത്തിറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രവാസി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന വട്ടമേശാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വര്‍ധിച്ചു വരുന്ന ജനസംഖ്യയാണ് ഉന്നത വിദ്യാഭ്യാസത്തിന് ഖത്തറില്‍ വെല്ലുവിളിയാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യ അഞ്ച് ലക്ഷത്തില്‍ നിന്ന് 25 ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്.
ഖത്തറിലെ വിദ്യാഭ്യാസത്തിനുള്ള ചെലവ് വളരെ കൂടുതലാണ്. വര്‍ധിച്ചു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി സര്‍വകലാശാലകള്‍ ഇല്ലാത്തതാണ് ഇതിന് ഇടയാക്കുന്നതെന്നും അല്‍കാത്തിര്‍ പറഞ്ഞു. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ്(ഡിഐസിഐഡി) ആണ് വട്ടമേശാ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ പ്രവാസികള്‍, നയതന്ത്രജ്ഞര്‍, വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
2005ന് ശേഷം ഖത്തറില്‍ പുതിയ സര്‍വകലാശാലകള്‍ തുറന്നിട്ടില്ല. ഖത്തര്‍ വിദ്യാഭ്യാസ  മന്ത്രാലയത്തിന് കീഴില്‍ കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഉടന്‍ തുറക്കുമെന്നും പ്രവാസി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍വകലാ ശാലകളിലും ഖത്തരികള്‍ക്കും അല്ലാത്തവര്‍ക്കും അഡ്മിഷന്‍ നല്‍കുന്നുണ്ട്. മികച്ച നിലവാരം  ഉറപ്പ് വരുത്തുന്നതിനായി ഈ സര്‍വകലാശാലകളില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉള്ളതെന്നതും ഇവിടുത്തെ ഉയര്‍ന്ന ഫീസുമാണ് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് തടസ്സമാവുന്നത്. ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ 20,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നതില്‍ നല്ലൊരു ശതമാനം പ്രവാസികളാണ്. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം ജീവനക്കാരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഭിന്നശേഷിക്കാരായ പ്രവാസികളുടെയും അവരുടെ കുട്ടികളുടെയും പുരോഗതിക്ക് ആവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ കഴിയണമെന്ന് ഡിഐസിഐഡി ചെയര്‍മാന്‍ പ്രഫ. ഇബ്രാഹിം അല്‍നഈമി പറഞ്ഞു.
രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരവധി പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രവേശനം നല്‍കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ കാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അഹമദ് സലാം അല്‍ശീബ് പറഞ്ഞു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്കും താമസമേഖലയില്‍ സ്വകാര്യ സ്‌കൂള്‍ ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അറബി ഭാഷ അറിയാത്തത് ചില കുട്ടികള്‍ക്ക് പ്രവേശനത്തിന് തടസ്സമാവാറുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day