|    Dec 7 Wed, 2016 2:06 pm
FLASH NEWS

കുറുവാദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു

Published : 2nd November 2016 | Posted By: SMR

പുല്‍പ്പള്ളി: കുറുവാദ്വീപ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. അത്യധികം പാരിസ്ഥിതിക പ്രാധാന്യമര്‍ഹിക്കുന്ന കുറുവാദ്വീപില്‍ കഴിഞ്ഞ നാലുമാസത്തോളമായി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വനംവകുപ്പിന്റെ അധീനതയിലുള്ള ദ്വീപിന്റെ ചുമതല പാക്കം-കുറുവ വനസംരക്ഷണ സമിതിക്കാണ്. അവര്‍ക്കൊപ്പം ഡിടിപിസിയും പങ്കുചേരുന്നു. സഞ്ചാരികള്‍ക്കായി നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വിഎസ്എസിലെ 39 ഗൈഡുകള്‍ക്കാണ് നിയന്ത്രണച്ചുമതല. ഇതില്‍ എട്ടു വനിതകളും ഉള്‍പ്പെടുന്നു. ദിനംപ്രതി വിദേശികളടക്കം നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. അത്യപൂര്‍വമായ ജൈവസമ്പത്തിനാല്‍ അനുഗ്രഹിതമാണ് കുറുവ. 950 ഹെക്റ്ററോളമുള്ള ഈ വനമേഖലയില്‍ 149 ഹെക്റ്ററിലായി 64 ചെറുതും വലുതുമായ തുരുത്തുകളുണ്ട്്. പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഇവിടെ എത്തുന്നവര്‍ക്കു കഴിയുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവിടെ പ്രകൃതിപഠന ക്യാംപുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്താന്‍ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. കൂടാതെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും എത്തുന്ന സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിനുമായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനങ്ങളും ഒരുക്കുമെന്നു വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. രാവിലെ 9.30നാണ് പ്രവേശനം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് 3.30ന് പ്രവേശനം നിര്‍ത്തുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കാണ്. മഴക്കാലത്ത് വെള്ളത്തിനടിയിലാവുന്ന ഇവിടത്തെ മരങ്ങള്‍ ചീഞ്ഞു നശിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. അപൂര്‍വങ്ങളായി കാണുന്ന ചീങ്കണ്ണികളുടെ സ്വാഭാവിക പ്രജനനം നടക്കുന്നെന്നതും ദ്വീപിന്റെ പ്രത്യേകതയാണ്. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി വഴിയുള്ള കുറുവാ യാത്ര വനമേഖലയിലൂടെ ആയതിനാല്‍ ഏറെ ആസ്വാദ്യകരമാണ്. പുല്‍പ്പള്ളിയില്‍ നിന്നു 10 കിലോമീറ്ററോളം ദൂരമാണ് കുറുവയിലേക്ക്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇവിടെ പ്രവേശിപ്പിക്കില്ല. ജൈവ പരിസ്ഥിതി നിലനിര്‍ത്തുന്നതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഞ്ച് ഓഫിസര്‍ സജികുമാര്‍ രയരോത്തും ഡെപ്യൂട്ടി റേഞ്ചര്‍ കെ പി സുനില്‍കുമാറും വനസംരക്ഷണസമിതി പ്രസിഡന്റ് കെ ഐ വിജയന്‍, സെക്രട്ടറി കെ ജി ഷാജഹാന്‍ എന്നിവരുമാണ് കുറുവയുടെ സാരഥികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day