|    Oct 26 Wed, 2016 2:51 pm

കുമ്മനം കേരളത്തിന്റെ പാരമ്പര്യം മറക്കരുത്

Published : 22nd December 2015 | Posted By: SMR

തിരുവനന്തപുരം: മതാതീതമായ സൗഹൃദം പുലര്‍ത്തുന്ന കേരളത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും വിസ്മരിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജനങ്ങളെ വിഭജിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പരസ്പരം ബഹുമാനിച്ച് സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്‌ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ പാരമ്പര്യം തുടരുന്നു. ധാരാളം ക്ഷേത്രകമ്മിറ്റികളില്‍ മറ്റു മതസ്ഥര്‍ ഭാരവാഹികളാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്കു പോവുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്.
സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉല്‍സവങ്ങളിലും തിരുനാളുകളിലും എല്ലാവരും ഒന്നിച്ചാണു പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസ്സോടെ സൃഷ്ടിച്ചെടുത്ത ഇത്തരം പാവനമായ സംസ്‌കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയകലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണു കേരളം. ആളിക്കത്തുമെന്നു പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്കു സാധിച്ചു. ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതു പരിശോധിക്കും. കുറച്ചുകൂടി പക്വതയുള്ള സമീപനമാണു ബിജെപിയുടെ നേതൃത്വത്തില്‍നിന്നു കേരളം പ്രതീക്ഷിച്ചത്. രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ മതേതരമനസ്സില്‍ വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറന്തള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day