|    Oct 23 Sun, 2016 7:54 pm
FLASH NEWS

കുന്നത്തൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുന്നു

Published : 21st March 2016 | Posted By: SMR

ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പദവി രാജിവെച്ചതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയ കുന്നത്തൂരില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം സങ്കിര്‍ണമാകുന്നു. യുഡിഎഫിനോടൊപ്പം ഉറച്ച് നില്‍ക്കുന്ന ആര്‍എസ്പിയെ ഏതുവിധേനയും പിളര്‍ത്തുകയെന്ന സിപിഎമ്മിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുവാനാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ചതും പിന്നീട് ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ചതും ഇതിന് പകരമായി കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വവും ജയിച്ച് വന്നാല്‍ മന്ത്രിപദം അടക്കം സിപിഎം വാഗ്ദാനം ചെയ്തിരുന്നൂവെന്നാണ് അറിയുന്നത്. ഇതിനാല്‍ ഇവിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ തന്നെയെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. ഇതിന് ബലമായി കുന്നത്തൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ സോമപ്രസാദിന് രാജ്യസഭാ അംഗത്വം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ എല്‍ഡിഎഫിലെ പ്രധാനകക്ഷിയായ സിപിഐ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫിനെ ശക്തമായി വിമര്‍ശിച്ച് നടന്ന കുഞ്ഞുമോന്‍ അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും കഴിഞ്ഞ 15വര്‍ഷക്കാലം എംഎല്‍എ ആയിരുന്നിട്ടും വികസനകാര്യങ്ങളില്‍ ശ്രദ്ധി്ക്കാതിരുന്ന കുഞ്ഞുമോനെ മാറ്റിയിട്ട് സിപിഎമ്മോ, സിപിഐയോ സീറ്റ് ഏറ്റെടുക്കണമെന്നാണ് സിപിഐയുടെ നിലപാട്. സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറിയും മുന്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയുമായ ആര്‍ എസ് അനിലിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐ ആഗ്രഹിക്കുന്നുണ്ട്. ഒപ്പം അണികള്‍ക്കിടയില്‍ കോവൂര്‍ കുഞ്ഞുമോനെ സ്ഥാനാര്‍ഥിയാക്കുന്നതിലും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

യുഡിഎഫില്‍ സീറ്റ് ആര്‍എസ്പിക്കാണെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ആര്‍എസ്പിയില്‍ തന്നെ ഇരുവിഭാഗങ്ങള്‍ രണ്ടുപേര്‍ക്കായി നിലകൊള്ളുകയാണ്. ഒരുവിഭാഗം ഉല്ലാസ് കോവൂരിനും മറ്റൊരു വിഭാഗം നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം രാജീവിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതിനിടയില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവരെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ കഴിഞ്ഞതവണത്തെ സ്ഥാനാര്‍ഥിയായിരുന്ന പി കെ രവി ഉള്‍പ്പടെയുള്ളവര്‍ രംഗത്തുണ്ട്. ഇതിനിടയില്‍ കെപിവൈഎം ജില്ലാ സെക്രട്ടറിയായ സുഭാഷ് എസ് കല്ലടയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി കെപിഎംഎസ് രംഗത്ത് വന്നിട്ടുണ്ട്. ഈ നീക്കത്തിന് പിന്നില്‍ കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാറാണ്. ജനതാദള്‍(എസ്) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ജനതാദള്‍(സെക്യുലര്‍ സികെ വിഭാഗം) സംസ്ഥാന ചെയര്‍മാനുമായ സി കെ ഗോപി കുന്നത്തൂരില്‍ സ്ഥാനാര്‍ഥിത്വത്തിന് ചരട് വലികളുമായി രംഗത്തുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ആയിട്ടില്ലെങ്കിലും മുമ്പ് ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥിയായിരുന്ന രാജി പ്രസാദ് സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി എസ്ഡിപിഐ ഏറെ മുന്നിലെത്തിയിട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലാണ് ഇവിടെ സ്ഥാനാര്‍ഥി. തുളസീധരന്‍ പള്ളിക്കലിന്റെ രണ്ടാമത്തെ അങ്കമാണ് കുന്നത്തൂരില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day