|    Dec 4 Sun, 2016 9:28 am
FLASH NEWS

കുതിരാനിലെ തുരങ്കനിര്‍മാണം പുനരാരംഭിച്ചു

Published : 25th October 2016 | Posted By: SMR

മണ്ണുത്തി: കുതിരാനില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നിലച്ച തുരങ്കനിര്‍മാണം പുനരാരംഭിച്ചു. എഡിഎം സി കെ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികളും പരിസരവാസികളുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ ധാരണയായത്. തുരങ്കനിര്‍മാണത്തിനായി പാറപ്പൊട്ടിക്കുന്നതു മൂലം പരിസര പ്രദേശങ്ങളിലെ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാത്തതും പാറപ്പൊട്ടിക്കലിന്റെ കാഠിന്യം സംബന്ധിച്ചും പാറനീക്കം ചെയ്യുന്നതുമായി  ബന്ധപ്പെട്ടും പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുതിരാനില്‍ കഴിക്കേ ഭാഗത്ത് കമ്പി പാലത്തിനു സമീപമുള്ള  രണ്ടു തുരങ്കങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തി വെച്ചിരുന്നത്. ഇതേ തുടര്‍ന്ന് എഡിഎം അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ സമീപവാസികളും കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ചര്‍ച്ചയില്‍ താല്‍ക്കാലിക വിരാമമാകുകയും ചെയ്തു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ പാണഞ്ചേരി, പീച്ചി വില്ലേജ് ഓഫിസര്‍മാരും പഞ്ചായത്ത് മെംബര്‍മാരും കമ്പനി പ്രതിനിധികളും ഉള്‍പ്പെട്ട സമിതി നാശനഷ്ടം സംഭവിച്ച 177 വീടുകളും സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തും. പത്ത് ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. അതിനു ശേഷം കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഉന്നത തലത്തില്‍ നഷ്ടപരിഹാരമായി നിശ്ചയിക്കും. രാവിലെ 6 മുതല്‍ രാത്രി 9 വരെ തുരങ്കത്തിനുള്ളില്‍ ബൂമര്‍ ഉപയോഗിച്ചു തുരക്കുന്നത് ഇത് തുടരും. പാറപൊട്ടിക്കലിന്റെ കാഠിന്യം അനുവദനീയ അളവില്‍ മാത്രമാണ് നടക്കുന്നതെന്നും അതു തുടരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതു സംബന്ധിച്ച സമീപവാസികളുടെ എതിര്‍പ്പിനു പരിഹാരമായി രാത്രി പത്തുവരെ തുരങ്കമുഖത്തിനു അടുത്ത്  കമ്പിപാലത്തിന് സമീപം പാറ നിക്ഷേപിക്കും. പത്തിന് ശേഷം സമീപവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ  ക്രഷറുകളിലേക്ക് മറ്റു പ്രദേശത്തേക്കോ മാറ്റും. കുതിരാനിലെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിന്റെ പ്രവര്‍ത്തനം മൂലം പരിസരങ്ങളിലുണ്ടാകുന്ന പൊടിശല്യവും മറ്റും പരിഹരിക്കാമെന്നും  കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി.  നഷ്ടപരിഹാരം സംബന്ധിച്ചും തുരങ്കനിര്‍മാണ പ്രവൃത്തി സംബന്ധിച്ചും സമീപവാസികള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും പരിസരവാസികളുടെ പ്രശ്‌നങ്ങള്‍ ശാശ്വത പരിഹാരം കാണാമെന്നും എഡിഎം സികെ അനന്തകൃഷ്ണന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ താല്‍ക്കാലിക പരിഹാരമായതോടെ തുരങ്കനിര്‍മാണം പുനരാരംഭിച്ചു. കമ്പി പാലത്തിനു സമീപമുള്ള തുരങ്കങ്ങളില്‍ ആദ്യത്തേത് 400 മീറ്ററും രണ്ടാമത്തേത് 200 മീറ്ററും ഇതുവരെ പിന്നിട്ടിട്ടുണ്ട്.  ആദ്യത്തെ തുരങ്കത്തിന്റെ വടക്കും പാറയ്ക്കടുത്ത് കുതിരാന്‍ കയറ്റത്തു നിന്നുള്ള നിര്‍മാണം ഇതുവരെ 60 മീറ്റര്‍ പിന്നിട്ടിട്ടുണ്ട്. യോഗത്തില്‍ തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റി, പീച്ചി വില്ലേജ് ഓഫിസര്‍ കെ വി സനല്‍കുമാര്‍, പീച്ചി എസ്‌ഐ ഇ ബാബു, നിര്‍മാണ കമ്പനി പ്രതിനിധികള്‍, സമീപവാസികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day