|    Dec 9 Fri, 2016 5:27 am
FLASH NEWS

കുട്ടിക്കടത്ത് സംഘം ഗ്രാമങ്ങളിലും; സംഘത്തില്‍ സ്ത്രീകളും

Published : 28th November 2016 | Posted By: SMR

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: സ്‌കൂള്‍ കുട്ടികളെ കടത്തുന്ന സംഘം ഗ്രാമങ്ങളിലും സജീവം. കഴിഞ്ഞദിവസം ഇത്തരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ നെടുമങ്ങാട് പോലിസ് കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ സ്‌കൂള്‍, ട്യൂഷന്‍ സെന്ററുകളുടെ ആളൊഴിഞ്ഞ റോഡുകളില്‍ കാറുകളില്‍ കറങ്ങിയാണ് കുട്ടികളെ കണ്ടെത്തുന്നത്. സംഘങ്ങളില്‍ സ്ത്രീകളും ഉള്ളതായാണ് സൂചന. നെടുമങ്ങാടുള്ള പ്രധാന സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി രാവിലെ ഏഴോടെ ട്യൂഷനു പോകുന്ന വഴിയിലാണ് കച്ചേരിനട പതിനൊന്നാംകല്ല് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. കാറില്‍ നിന്നിറങ്ങിയ രണ്ട് സ്ത്രീകള്‍ പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തുകയും എവിടെ താമസിക്കുന്നു, ഏതു സ്‌കൂളിലാണ് പഠിക്കുന്നത്, പിതാവ് എന്ത് ചെയ്യുന്നു എന്ന് ചോദിക്കുകയും ചെയ്ത ശേഷമാണ് കടത്താന്‍ ശ്രമിച്ചത്. സ്ത്രീകളുടെ കയ്യില്‍ കൈലേസും മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നുമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ സംഘം കാറില്‍ കയറി രക്ഷപ്പെട്ടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ സമീപത്തെ ഓടയിലേക്ക് പിടിച്ചു തള്ളിയ ശേഷമാണ് സംഘം രക്ഷപ്പെട്ടതെന്ന് മാതാപിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ നെടുമങ്ങാട് പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെയും ചില ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ തമ്പടിക്കുന്നതായി റിപോര്‍ട്ടുണ്ട്. കല്ലറ, പാങ്ങോട് ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ ഇതേ രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറി. പുലര്‍ച്ചെയും വൈകീട്ടും ആളൊഴിഞ്ഞ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന സ്‌കൂള്‍ കുട്ടികളാണ് ഇരകളാകുന്നത്. ചില സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ മുന്‍കരുതി കടത്തല്‍ സംഘങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം നടന്നു വരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day