|    Oct 26 Wed, 2016 4:57 pm

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളില്‍ തലസ്ഥാനം ഒന്നാമത്

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ തലസ്ഥാനജില്ല ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത്  155 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി കണക്കുകള്‍ പുറത്തുവന്നു. തിരുവനന്തപുരം നഗര പരിധിയില്‍ 44 കേസുകളും ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ 111 കേസുകളുമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
138 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം ജില്ലയാണ് തൊട്ടടടുത്ത്. 42 കേസുകളുള്ള പത്തനംതിട്ട ജില്ലയാണ് ഏറ്റവും കുറവ്.  പോലിസ് സംവിധാനവും കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ സംവിധാനവും സുശക്തമായ പ്രവര്‍ത്തിക്കുന്ന ജില്ലയിലാണ്  ഉയര്‍ന്ന പീഡനനിരക്ക്  പുറത്തു വന്നത്.  ലൈംഗിക അതിക്രമങ്ങള്‍ക്ക് പിടിക്കപ്പെട്ടവരില്‍ നല്ലൊരുപങ്കും രണ്ടാനച്ഛന്‍മാരില്‍ നിന്നാണെന്നാണ് കണക്കുകള്‍ പറയുന്നത്.
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ നടപടികളൊന്നും ആവാതെ  വിവിധ കോടതികളില്‍ കെട്ടികിടക്കുകയാണ്. പോക്‌സോ ചട്ടപ്രകാരമുള്ള കേസുകളുടെ മേല്‍നോട്ടം സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനാണ്.
സ്‌പെഷ്യല്‍ കോടതികള്‍ കുറ്റകൃത്യം നടന്നതിനു ശേഷം 30 ദിവസത്തിനുള്ളില്‍ കുട്ടിയുമായി ബന്ധപെട്ടുള്ള തെളിവിന്റെ ഭാഗങ്ങള്‍ രേഖപെടുത്തേണ്ടതാണ്. പല കേസുകളിലും കൃത്യ സമയത്ത് ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലുള്ള വീഴ്ചയും കേസുകള്‍ നീണ്ടു പോകുന്നതിനു കാരണമാണ്.  വിവിധ കോടതികളിലായി കെട്ടി കിടക്കുന്ന കേസുകള്‍ ഉടന്‍ വിചാരണക്ക് എടുക്കണമെന്നും പുതിയ പബ്ലിക് പ്രോസിക്യൂട്ടര്‍മാറെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇറക്കണമെന്നും ആവശ്യം ശക്തമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അതിക്രമ കേസുകളുടെ എണ്ണം 9382 ആണ്. ഇവയില്‍ അധികവും കോടതി കാണാതെ കെട്ടി കിടക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ സെഷന്‍സ് കോടതികളെ പോക്‌സോ നിയമ പ്രകാരം പ്രത്യേക കോടതികളാക്കി മാറ്റി ഇവിടങ്ങളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കോടതികളിലെ കേസുകളുടെ ബാഹുല്യവും ജില്ല ജഡ്ജിമാരുടെ കോടതി ഭരണ ചുമതലകളും മൂലമാണ് കേസുകള്‍ പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായത്.
വിവിധ മേഖലകളില്‍ നിന്നുള്ള അപേക്ഷകളെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഒന്നാം അഡീഷണല്‍ ജില്ലാ കോടതികളെ ചില്‍ഡ്രന്‍സ് കോടതികളായി ഹൈക്കോടതി നിശ്ചയിച്ച് ഉത്തരവിറക്കി. എന്നാല്‍ ഇത്തരം കോടതികളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ നിയമനം കുറവാണ്. ഇതാണ് കേസ് നടത്തിപ്പിനു ഇപ്പോഴുള്ള കാലതാമസം വരാന്‍ കാരണം. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തിനു തടസമെന്നും ആരോപണം ഉയരുന്നുണ്ട്.
ഏഴും, എട്ടും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലുള്ള കേസുകളില്‍ പലതും കോടതികളിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കേസിന്റെ ഗൗരവം കുറയുന്നതോടെ പലതും സാമ്പത്തിക ലാഭത്തിനു വേണ്ടി പിന്‍വലിക്കപ്പെടുന്നു. പലപ്പോഴും ഇത്തരത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day