|    Dec 4 Sun, 2016 7:47 pm

കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതില്ലെന്ന് ശുപാര്‍ശ

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ജീവിതപങ്കാളിയുടെയോ മാതാപിതാക്കളുടെയോ പേരുവിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന് ഇതുസംബന്ധിച്ച് പഠനം നടത്തിയ മന്ത്രാലയസമിതിയുടെ ശുപാര്‍ശ. ഈ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് ശേഖരിച്ചുവയ്ക്കണമെങ്കില്‍ ആവാമെന്നും എന്നാല്‍ പാസ്‌പോര്‍ട്ടില്‍ അച്ചടിക്കേണ്ടതില്ലെന്നുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.  വിദേശരാജ്യങ്ങളുടെ മാതൃക ഇതാണെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബാംഗങ്ങളെ  സംബന്ധിച്ച വിവരങ്ങളുടെ പേരില്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങളുണ്ടാവുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്. വിദേശയാത്ര നടത്തുമ്പോഴോ കുടിയേറ്റം നടത്തുമ്പോഴോ പാസ്‌പോര്‍ട്ട് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലോ വിദേശത്തോ പാസ്‌പോര്‍ട്ടിലെ ഈ വിവരങ്ങള്‍ അപ്രധാനമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
ഒറ്റ രക്ഷിതാവ് മാത്രം ഉള്ളവര്‍, വിവാഹമോചനം നേടുകയോ പിരിഞ്ഞിരിക്കുകയോ ചെയ്യുന്നവര്‍, അനാഥര്‍, വാടകഗര്‍ഭത്തില്‍ ജനിച്ചവര്‍, വിവാഹേതര ബന്ധത്തിലുണ്ടായവര്‍ തുടങ്ങിയവര്‍ ഇതുമൂലം പ്രയാസപ്പെടുന്നുണ്ട്. പാസ്‌പോര്‍ട്ടിന്റെ രണ്ടാം പേജില്‍ അച്ചടിച്ചിരിക്കുന്ന വിവരങ്ങള്‍ മാത്രമേ വിദേശത്ത് ജോലിതേടി പോവുന്നതിന് ആവശ്യമുള്ളു. പാസ്‌പോര്‍ട്ട് ഉടമയുടെ പേര്, ലിംഗം, ദേശം, ജനന, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ഈ പേജിലുള്ളത്- സമിതി ചൂണ്ടിക്കാട്ടുന്നു.
1967ലെ പാസ്‌പോര്‍ട്ട് നിയമം, 1980ലെ പാസ്‌പോര്‍ട്ട് ചട്ടം തുടങ്ങിയവ പുനപ്പരിശോധിക്കുന്നതിന് വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, വനിത-ശിശുക്ഷേമ മന്ത്രാലയം തുടങ്ങിയവയില്‍നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി മൂന്നു മാസം മുമ്പാണ് സമിതി രൂപീകരിച്ചത്. പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഈ വിവരങ്ങള്‍ ചോദിക്കുന്നതിനെതിരേ മാതാവിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവ് ഉപേക്ഷിച്ചുപോയ പ്രിയങ്ക ഗുപ്തയെന്ന യുവതിയുടെ അനുഭവം മുന്‍നിര്‍ത്തി വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇത്തരത്തിലൊരു സമിതി രൂപീകരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തെഴുതിയത്. പിതാവ് പ്രിയങ്കയെയും അമ്മയെയും ഉപേക്ഷിച്ചുപോയിരുന്നു. ഇതിനായി ഓണ്‍ലൈന്‍ കാംപയിന്‍ നടത്തിയ ഗുപ്തയ്ക്ക് ലക്ഷക്കണക്കിന് പേര്‍ പിന്തുണയുമായി എത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day