|    Dec 11 Sun, 2016 9:34 am

കുടുംബവും പാര്‍ട്ടിയും ഒറ്റക്കെട്ടെന്ന് മുലായം; എസ്പിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കുടുംബപ്പോര് രൂക്ഷമായ സമാജ്‌വാദി പാര്‍ട്ടിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. മുലായംസിങ് യാദവ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിനെയും ഒന്നിച്ചിരുത്തിയാണ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തത്. മുലായംസിങിന്റെ വസതിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് ഇരുവരും ഒരു കാറിലാണ് മുലായംസിങിനെ കാണാനെത്തിയത്.  തന്റെ പാര്‍ട്ടിയും കുടുംബവും ഒന്നാണെന്നും അത് ഒന്നിച്ചുനില്‍ക്കുമെന്നും ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുലായംസിങ് യാദവ് പറഞ്ഞു. എന്നാല്‍ വീണ്ടും ഭരണം കിട്ടിയാല്‍ അഖിലേഷ് തന്നെയായിരിക്കുമോ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് തങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണെന്നും ആദ്യം ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ടു തീരുമാനിക്കാം എന്നുമായിരുന്നു മറുപടി.
തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക അഖിലേഷ് തന്നെയായിരിക്കുമെന്നും മുലായം പറഞ്ഞു. അഖിലേഷും ശിവ്പാല്‍ യാദവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മുലായം തയ്യാറായില്ല.
നിങ്ങള്‍ വിവാദമുണ്ടാക്കുന്ന എത്ര ചോദ്യം ചോദിച്ചാലും താന്‍ മറുപടി പറയില്ലെന്നും മുലായം കൂട്ടിച്ചേര്‍ത്തു. ശിവ്പാല്‍ യാദവ് വീണ്ടും മന്ത്രിയാവുമോ എന്ന ചോദ്യത്തിന്, അക്കാര്യം താന്‍ മുഖ്യമന്ത്രിക്കു വിടുന്നുവെന്നും മുലായം പറഞ്ഞു. അമര്‍സിങിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ വിസമ്മതിച്ച മുലായം, എന്തിനാണ് എല്ലാറ്റിലും അമര്‍സിങിനെ കൊണ്ടുവരുന്നതെന്നും ചോദിച്ചു. പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, രാംഗോപാല്‍ യാദവിന്റെ വാക്കുകള്‍ക്ക് തുടര്‍ന്ന് താന്‍ അത്ര വലിയ പ്രാധാന്യം കൊടുക്കില്ലെന്നും മുലായം പറഞ്ഞു.
മുലായം സിങിന്റെ ഇളയ സഹോദരന്‍കൂടിയായ ശിവ്പാല്‍ യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാലുപേരെ മുഖ്യമന്ത്രി മന്ത്രിസഭയില്‍നിന്നു പുറത്താക്കിയതോടെയാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് കലഹമായി രൂപപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക