|    Oct 25 Tue, 2016 12:19 pm
FLASH NEWS

കുഞ്ഞിന്റെ മൂത്രത്തില്‍ ബീജമെന്ന് തെറ്റായ ലാബ് റിപോര്‍ട്ട്

Published : 23rd July 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: സ്വകാര്യ ലാബ് അധികൃതര്‍ നല്‍കിയ തെറ്റായ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് ഒരു കുടുംബത്തെ ആധിയിലാക്കി. രണ്ടുവയസ്സുകാരിയുടെ മൂത്രസാംപിളില്‍ ബീജാംശം കണ്ടെത്തിയെന്ന അബദ്ധമാണ് പിഞ്ചു കുഞ്ഞിന്റെ കുടുംബത്തെ നാണക്കേടിന്റെയും പോലിസ് നടപടിയുടെയും വക്കിലെത്തിച്ചത്. മൂത്ര സാംപിള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി അഗ്നിശുദ്ധി ഉറപ്പാക്കിയതോടെയാണ് കുടുംബം സ്വസ്ഥമായത്.
അടിമാലിക്കു സമീപ പഞ്ചായത്തിലെ കുടുംബത്തിനാണ് മൂന്നുദിവസത്തെ അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുഞ്ഞിന് പനി ബാധിച്ചത്. 18ന് അമ്മ കുഞ്ഞുമായി അടിമാലി ടൗണിലെ ഹോമിയോ ഡോക്ടറുടെ അടുക്കലെത്തി. അണുബാധ നോക്കാന്‍ മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ടൗണിലെ മെറിഡിയന്‍ ഹെല്‍ത്ത് സിസ്റ്റംസ് എന്ന ലാബിലാണ് മൂത്രസാംപിള്‍ പരിശോധനയ്ക്കു നല്‍കിയത്.
പരിശോധനാ റിപോര്‍ട്ട് അമ്മയ്ക്ക് കൊടുത്തുവിട്ട ശേഷം ലാബ് അധികൃതര്‍ ഡോക്ടറെ ഫോണില്‍ വിളിച്ച് ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തല്‍ നടത്തി. സാംപിള്‍ പരിശോധനയില്‍ ബീജം കണ്ടെത്തിയെന്നായിരുന്നു അത്. റിപോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സാംപിള്‍ നശിപ്പിച്ചു കളയരുതെന്ന നിര്‍ദേശം ഡോക്ടര്‍ ലാബിന് നല്‍കി. ഇതിനിടെ, പരിശോധനാ റിപോര്‍ട്ടുമായി ഹോമിയോ ക്ലിനിക്കിലെത്തിയ കുഞ്ഞിന് പനിക്ക് മരുന്നു നല്‍കി ഡോക്ടര്‍ വിട്ടയച്ചു. കുഞ്ഞ് ലൈംഗിക പീഡനത്തിരയായോയെന്നത് ഡോക്ടറെ ചിന്താക്കുഴപ്പത്തിലാക്കി. അതോടെ ഡോക്ടര്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറെ വിവരമറിയിച്ചു. ഇവര്‍ സാമൂഹിക നീതി ഓഫിസര്‍ക്ക് റിപോര്‍ട്ട് ചെയ്തു. സാമൂഹിക നീതി ഓഫിസര്‍ ശിശു സംരക്ഷണ സമിതിയേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെയും അറിയിച്ചു. പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും വിവരമെത്തി.
ഇതിനിടെ ലാബ് അധികൃതര്‍ സംഭവം അടിമാലി പോലിസിലും റിപോര്‍ട്ട് ചെയ്തു. തുടര്‍ന്നു പോലിസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ കൃത്യമായ മേല്‍വിലാസം കണ്ടെത്തി. അതോടെ കേസ് മറ്റൊരു പോലിസ് സ്‌റ്റേഷന് കൈമാറി. ശിശുസംരക്ഷണ വിഭാഗവും ഇടപെട്ടതിനാല്‍ പോലിസ് സജീവമായി. പിറ്റേന്ന് രാവിലെയോടെ പോലിസ് കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും മറ്റംഗങ്ങളെയും ചോദ്യം ചെയ്തു. പതിവില്ലാതെ പോലിസ് വാഹനം അയല്‍വീട്ടിലെത്തിയതു കണ്ട് ഗ്രാമവാസികളും ഓടിക്കൂടി. വീട്ടുകാര്‍ ആകെ സമ്മര്‍ദ്ദത്തിലായി. പീഡനം പോലെയുള്ള ഒരു സംഭവവുമില്ലെന്നും കഴിഞ്ഞ രണ്ടു ദിവസമായി പനി ബാധിച്ച കുഞ്ഞ് തന്റെ ഒക്കത്തു നിന്നിറങ്ങിയിട്ടില്ലെന്നും അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ പോലിസ് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. ഇതോടെ കൂടുതല്‍ അന്വേഷണത്തിന് പോലിസ് ലാബുമായി ബന്ധപ്പെട്ടു. തുടര്‍ന്നാണ് തിരുത്തി റിപോര്‍ട്ട് നല്‍കിയത്. സാംപിള്‍ മാറിപ്പോയതാണ് പ്രശ്‌നമായതെന്നാണ് പോലിസ് നല്‍കുന്ന വിവരം. വീട്ടിലെത്തിയ പോലിസ് അമ്മയുടെ വാക്ക് മുഖവിലയ്‌ക്കെടുത്ത് മടങ്ങിയെങ്കിലും അയല്‍വാസികള്‍ കൂട്ടത്തോടെ കാര്യം തിരക്കിയെത്തി. കൃത്യമായി ഉത്തരം നല്‍കാനാവാതെ ധര്‍മസങ്കടത്തിലായ വീട്ടുകാര്‍ സംശയ നിഴലിലുമായി.
ഇങ്ങനെ ഉണ്ടായാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംശയദൂരീകരണത്തിനായി വനിതാ പോലിസ് സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കുട്ടിയെ പരിശോധന നടത്തണമെന്നാണ് നിയമം. 21ന് ഉച്ചയോടെ വനിതാപോലിസുമായി കുടുംബം അടിമാലി ആശുപത്രിയിലെത്തി. കുഞ്ഞിനെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് കുഞ്ഞ് ക്രൂരതയ്ക്കിരയായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി. ജീവിതം തിരികെ കിട്ടിയ നിര്‍വൃതിയില്‍ കുഞ്ഞിനെയും കൂട്ടി അമ്മയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങി. ലാബിനെതിരേ തല്‍ക്കാലം കേസിനില്ലെന്ന നിലപാടിലാണ് ഈ കുടുംബം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day