|    Dec 7 Wed, 2016 9:51 pm
FLASH NEWS

കിരീടത്തില്‍ മുത്തമിടാന്‍ 16 ചുണ്ടനുകള്‍

Published : 1st November 2016 | Posted By: SMR

കൊല്ലം: ഓരേ ലക്ഷ്യത്തിലേക്ക് തുഴയെറിയാന്‍ 16 ചുണ്ടനുകള്‍. ഇന്ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത് കേരളത്തിലെ 16 പ്രമുഖ ചുണ്ടന്‍ വള്ളങ്ങള്‍. ഇവയ്ക്ക് പുറമെ വെപ്പ് എ, ഇരുട്ടുകുത്തി ബി, തെക്കനോടി, വെപ്പ് ബി, ഇരുട്ടുകുത്തി എ എന്നീ വിഭാഗങ്ങളിലായി 32 വള്ളങ്ങള്‍ കൂടി ജലമേളയ്‌ക്കെത്തുന്നുണ്ട്. നാല് ഹീറ്റ്‌സിലിയാണ് ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരം. ഒന്നാം ഹീറ്റ്‌സില്‍ എടത്വ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കുട്ടനാട് ഗാഗുല്‍ത്താ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോര്‍ജ്, കരുനാഗപ്പള്ളി ഫ്രണ്ട്‌സ് ലാലാജിയുടെ ആയാപറമ്പ് വലിയ ദിവാന്‍ജി, ആലപ്പുഴ ന്യൂ ആലപ്പി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ എന്നീ ചുണ്ടനുകളാണ് തുഴയെറിയുന്നത്. രണ്ടാം ഹീറ്റ്‌സില്‍ പടപ്പക്കട ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ ആനാരി, ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, കരുനാഗപ്പള്ളി ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍, കുമരകം എന്‍സിടിസി ബോട്ട് ക്ലബ്ബിന്റെ പായിപ്പാടനും ഏറ്റുമുട്ടും. മൂന്നാം ഹീറ്റ്‌സില്‍ കേണല്‍ മണ്‍റോ അക്വാട്ടിക് ആന്‍ഡ് ബോട്ട് ക്ലബ്ബ്, കാരാളിമുക്ക് കെബിസി ബോട്ട് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലുള്ള ജവഹര്‍ തായങ്കരി, നീരേറ്റുപുറം ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബിന്റെ മഹാദേവന്‍, കരുനാഗപ്പള്ളി പോച്ചയില്‍ ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, കരുനാഗപ്പള്ളി എയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍ത് എന്നീ ചുണ്ടനുകളും മാറ്റുരയ്ക്കും.  നാലാം ഹീറ്റ്‌സില്‍ ഹരിപ്പാട് ന്യൂട്ടണ്‍ ബോട്ട് ക്ലബ്ബിന്റെ ദേവസ്, മണ്‍ട്രോതുരുത്ത്  നയമ്പ് ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര, കുറ്റിത്തുറ ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ ശ്രീവിനായകന്‍, മാവേലിക്കര എംഎംബിസിന്റെ ശ്രീഗണേഷന്‍ എന്നിവയാണ് ഏറ്റുമുട്ടുന്നത്.ഓരോ ഹീറ്റ്‌സിലേയും ആദ്യ സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലും രണ്ടാം സ്ഥാനക്കാര്‍ തമ്മില്‍ ലൂസേഴ്‌സ് ഫൈനലും നടക്കും. നിലവിലെ ജേതാവ് ആനാരി ചുണ്ടന്‍ മൂന്നാം ഹീറ്റ്‌സിലാണ് ഇത്തവണ ഇറങ്ങുന്നത്. 2013ലെ പ്രസിഡന്റ്‌സ് ട്രോഫി വിജയിയാണ് കാരിച്ചാല്‍ ചുണ്ടന്‍. കൂടാതെ ഇത്തവണത്തെ നെഹ്‌റു ട്രോഫി വിജയി കൂടിയാണ്. ഏറ്റവും കൂടുതല്‍ തവണ ആലപ്പുഴ പുന്നമട കായലിലെ നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ വിജയിയെന്ന ഖ്യാതിയും ഈ ചുണ്ടന് സ്വന്തമാണ്. 1973 മുതല്‍ രണ്ടു ഹാട്രിക് ഉള്‍പ്പെടെ 15 തവണയാണ് നെഹ്‌റു ട്രോഫി നേടിയത്. 2011ല്‍ നീറ്റിലിറങ്ങിയ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി, കല്ലട ജലോല്‍സവം എന്നിവയില്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇത്തവണത്തെ കല്ലട ജലോല്‍സവത്തിലെ വിജയികൂടിയാണ് ഈ ചുണ്ടന്‍. 2008ല്‍ നീറ്റിലിറങ്ങിയ കരുവാറ്റ ശ്രീവിനായകന്‍ പായിപ്പാട് നീരേറ്റുപുറം ജലോല്‍സവത്തില്‍ കപ്പ് നേടിയിട്ടുണ്ട്. സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ ആദ്യമായി പ്രസിഡന്റ്‌സ് ട്രോഫിയില്‍ മാറ്റുരച്ചത് 2014ലാണ്. ശ്രീഗണേശന്‍ ചുണ്ടന്‍ പ്രഥമ പ്രസിഡന്റ്‌സ് ട്രോഫി വിജയിയാണ്. പഴയ പായിപ്പാടന്‍ ചുണ്ടനാണു പുതുക്കി പണിതു 2002ല്‍ ശ്രീഗണേശന്‍ ചുണ്ടനായി നീറ്റിലിറങ്ങിയത്. 2006ല്‍ നെഹ്‌റു കപ്പില്‍ ശ്രീഗണേശന്‍ സൃഷ്ടിച്ച റെക്കോര്‍ഡ് വേഗം (നാല് മിനിറ്റ്, 46 സെക്കന്‍ഡ്)  ഇന്നും മറ്റാരും മറികടന്നിട്ടില്ല. 2013, 2013 വര്‍ഷങ്ങളില്‍ നെഹ്‌റു ട്രോഫി വിജയിയും 2013, 2014 വര്‍ഷങ്ങളില്‍ കല്ലട ജലോല്‍സവ വിജയിയുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day