|    Dec 5 Mon, 2016 1:59 pm
FLASH NEWS

കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതി: ട്രംപ്

Published : 28th November 2016 | Posted By: SMR

വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആറ് പതിറ്റാണ്ട് കാലം കാസ്‌ട്രോ ക്യൂബന്‍ ജനതയെ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാസ്‌ട്രോയുടെ മരണത്തിനു പിന്നാലെ ‘ഫിദല്‍ കാസ്‌ട്രോ മരിച്ചു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. തുടര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഫിദലിനെ രൂക്ഷമായി വിമര്‍ശിച്ചത്. കാസ്‌ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും. ഇനി സമ്പദ്‌സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗമാണ് ക്യൂബയെ കാത്തിരിക്കുന്നത്. കാസ്‌ട്രോയുടെ ഭരണകാലത്ത് കൊള്ളയും ചിന്തിക്കാന്‍പോലും കഴിയാത്ത ദുരിതവും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയില്‍ അരങ്ങേറിയത്. ക്യൂബയുടെ സമൃദ്ധിയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള യാത്ര ലക്ഷ്യത്തിലേക്കെത്തിക്കാന്‍ യുഎസിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഫിദല്‍ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡണ്ട് ബറാക് ഒബാമ അനുസ്മരിച്ചു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒബാമയുടെ പ്രതികരണം. ക്യൂബന്‍ ജനതയ്ക്കായി  സൗഹൃദത്തിന്റെ കരം നീട്ടുന്നു. ആറ് പതിറ്റാണ്ട് കാലം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തന്റെ ഭരണകാലത്ത് ആ ഭിന്നതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായും ഒബാമ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. സ്വേച്ഛാധിപതിയുടെ കാലം അവസാനിച്ചുവെന്നായിരുന്നു നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് സ്‌പെന്‍സിന്റെ പ്രതികരണം. അതിനിടെ, ഫിദലിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഎസിലെങ്ങും പ്രകടനങ്ങള്‍ അരങ്ങേറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day