|    Oct 26 Wed, 2016 12:48 am
FLASH NEWS

കാസര്‍കോട് മെഡിക്കല്‍ കോളജ്; പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം

Published : 4th June 2016 | Posted By: SMR

കാസര്‍കോട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉക്കിനടുക്കയില്‍ അനുവദിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് ഭാവി അനിശ്ചിതത്വത്തില്‍. 2014 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാസര്‍കോട് മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ളവര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മെഡിക്കല്‍ കോളജ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജില്ലയ്ക്ക് നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപയും നബാര്‍ഡിന്റെ 64 കോടി രൂപയും സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയും ഇതിന് വേണ്ടി അനുവദിച്ചിരുന്നു.
കോളജ് കെട്ടിടത്തിന്റെ നിര്‍മാണം ഇപ്പോള്‍ നടന്നുവരികയാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ ആവശ്യമില്ലെന്നും നിലവിലുള്ള ആശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മതിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
ഇത് കാസര്‍കോട് മെഡിക്കല്‍ കോളജിനെ ലക്ഷ്യം വച്ചാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ഒരു കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് കോളജ് നിര്‍മിക്കുന്ന സ്ഥലത്തെ റോഡുകളും മറ്റും നിര്‍മിച്ചിരുന്നു. 170 കോടി രൂപ നബാര്‍ഡ് ധനസഹായത്തോടെ മെഡിക്കല്‍ കോളജ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫിസറായി ഡോ. പി ജി ആര്‍ പിള്ളയേയും നിയമിച്ചിരുന്നു.
മെഡിക്കല്‍ കോളജിനായി സംസ്ഥാന സര്‍ക്കാര്‍ ഉക്കിനടുക്കയില്‍ 60 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് അനുവദിച്ചത്. 300 ബെഡുകളോട് കൂടിയ ആശുപത്രിയാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. മെഡിക്കല്‍ കോളജും സബ് സ്‌റ്റേഷനും ഉള്‍പ്പടെ 16 വിഭാഗങ്ങളായാണ് കോളജ് സമുച്ചയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെ വന്‍കിട പദ്ധതികള്‍ യഥാര്‍ഥ്യമാക്കിയ കിറ്റ് കോയ്ക്ക് മെഡിക്കല്‍ കോളജിന്റെ നിര്‍മാണചുമതല നല്‍കിയത് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. മെഡിക്കല്‍കോളജ്, സെന്‍ട്രല്‍ ലൈബ്രറി, ജലസേചന സംവിധാനം, വൈദ്യുതി സബ് സ്‌റ്റേഷന്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം, കളിസ്ഥലം, ഓഡിറ്റോറിയം, പുതിയ റോഡുകള്‍ എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
71 കോടി രൂപ ചെലവില്‍ ആദ്യവര്‍ഷം അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവും നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പം സബ് സ്റ്റേഷന്‍, വാട്ടര്‍ പ്ലാന്റ് എന്നിവയും നിര്‍മിക്കും. രണ്ടാം വര്‍ഷം മെഡിക്കല്‍ കോളജ് കെട്ടിടം ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. ഏഴു ബാച്ചുകളിലായി 700 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു സ്റ്റാഫുകള്‍ അടക്കം 570 പേര്‍ വേറെയും. ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താനും സംവിധാനം ഒരുക്കാന്‍ പദ്ധതിയുണ്ട്.
എന്നാല്‍, സര്‍ക്കാറിന്റെ പുതിയ തീരുമാനം ചികില്‍സാ സംവിധാനങ്ങള്‍ ഏറെ കുറഞ്ഞ കാസര്‍കോട് ജില്ലയ്ക്ക് കനത്ത തിരിച്ചടിയാവും. കര്‍ണാടകയിലെ ആശുപത്രികളെയാണ് ഇപ്പോള്‍ ജില്ലയിലെ ജനങ്ങള്‍ വിദഗ്ധ ചികില്‍സക്ക് ആശ്രയിക്കുന്നത്. ക ര്‍ണാടക ലോബിയോട് ഒത്തുകളിച്ചാണ് മെഡിക്കല്‍ കോളജിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജിനെ ജില്ലയില്‍ നിന്നും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day