|    Dec 11 Sun, 2016 12:01 am

കാലം കല്യാണിയെ തൊണ്ണൂറിലെത്തിച്ചു; കമലാസനും ശ്രീദേവിക്കും വേണ്ടി

Published : 2nd December 2016 | Posted By: SMR

മരട്: കുമ്പളം തീരദേശ റയില്‍പാതയോരത്ത് റയില്‍വേ ക്രോസിന് സമീപത്തെ ചോര്‍ന്നൊലിക്കുന്ന ഇരു മുറി വീട്. മുറിയിലും അടുക്കളയിലും ഒരു ഭാഗത്ത് വിസര്‍ജ്ജാവശിഷ്ടങ്ങളും മറുഭാഗത്ത് പാതി കഴിച്ച് ബാക്കിവച്ച കഞ്ഞിയും. മുറികളില്‍ ഇതെല്ലാം കൊത്തി പറിക്കാനെത്തിയ കാക്കകള്‍, പ്രാവുകള്‍, പൂച്ച, പട്ടി തുടങ്ങിയവ. ഇവിടെയെത്തിയാല്‍ ഇതിനെല്ലാം നടുവിലായി മൂന്ന് മനുഷ്യ ജീവിതങ്ങളുടെ കാല്ലൊച്ച കേള്‍ക്കാം. ഇത് കുമ്പളം പുല്ലുവള്ളിത്തറയില്‍ കല്യാണിയും മക്കളായ കമലാസനും ശ്രീദേവിയും താമസിക്കുന്ന വീട്. ശ്രീദേവിയും, കമലാസനും മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ക്കുടമ. ഇവരുടെ സംരക്ഷണത്തിനായി കാലം കല്ല്യാണിയെ തൊണ്ണൂറിലെത്തിച്ചു. ഇപ്പോള്‍ കമലാസന് അറുപത്തിരണ്ടും ശ്രീദേവിക്ക് അറുപതും വയസ്സായി. സ്വന്തം കാര്യങ്ങള്‍ പോലും സ്വയം ചെയ്യാന്‍ ഇരുവര്‍ക്കും പ്രാപ്തിയില്ല. തൊണ്ണൂറിലെത്തിയ കല്ല്യാണിക്ക് കാഴ്ചയും കേള്‍വിയും മങ്ങിയെങ്കിലും ഇരുളടഞ്ഞ മുറിക്കുള്ളില്‍ മൂവരും പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ച് മുമ്പേ നടക്കുന്ന കാലൊച്ച പിന്‍തുടര്‍ന്ന് ജീവിതം തള്ളിനീക്കുന്നു. തൂമ്പ പണിക്കാരനായ കല്യാണിയുടെ ഭര്‍ത്താവ് കൊച്ചിട്ടി 6 വര്‍ഷം മുമ്പ് മരിച്ചു. കല്യാണിയുടെ 5 മക്കളില്‍ 3 പേര്‍ വേറെ മാറി താമസിക്കുന്നു. ആരെങ്കിലുമൊക്കെ ഇടക്കൊക്കെ വന്ന് എത്തി നോക്കിയിട്ട് പോകും, വിറക്കുന്നശബ്ദത്തോടെ കല്യാണി പറയുന്നു. അയല്‍വാസികളും മറ്റും നല്‍കുന്ന ഭക്ഷണം കൊണ്ട് ജീവന്‍ നിലനില്‍ക്കുന്നു. കല്ല്യാണിക്ക് കിട്ടുന്ന പ്രതിമാസ വാര്‍ദ്ധക്യ പെന്‍ഷന്‍ ആയിരം രൂപ കൊണ്ട് കമലാസനന്‍ ബിസ്‌ക്കറ്റും ബ്രഡും വാങ്ങി കൊണ്ടുവരും. ഒരു മാസത്തെ വിശപ്പടക്കാന്‍ ഇതു മതിയെന്നും കല്യാണി പറയുന്നു. മറ്റ് യാതൊരു വിധ ആനുകൂല്യങ്ങളും തന്റെ കുടുംബത്തിന് ലഭിക്കുന്നില്ലെന്നും കല്യാണി പറഞ്ഞു. മാസത്തിലൊരിക്കല്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ അംഗങ്ങളെത്തി കല്യാണിയുടെ പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ പരിശോധിച്ച് മടങ്ങും. തങ്ങളുടെ ജീവിതാവസ്ഥ പകര്‍ത്താനെത്തിയവരെ നോക്കി തൊഴുകൈകളോടെ കല്യാണി പറയുന്നു, തന്റെ കുഞ്ഞുങ്ങള്‍ക്കാരുമില്ല, അതിനാല്‍ തന്റെ കാലൊച്ച നിലയ്ക്കാതെ കാക്കണെ ദൈവമെ…. ഇത് കമലാസനും ശ്രീദേവിക്കും വേണ്ടി ഈശ്വരനോടും ഒപ്പം സമൂഹത്തോടുമുള്ള ഒരു വൃദ്ധ മാതാവിന്റെ പ്രാര്‍ത്ഥന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക