|    Oct 27 Thu, 2016 12:39 pm
FLASH NEWS

കാര്‍ഷിക വിപണനകേന്ദ്രം അടച്ചുപൂട്ടാന്‍ കൃഷിവകുപ്പ് നീക്കം

Published : 11th September 2016 | Posted By: SMR

ണ്ണൂര്‍: മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന കാര്‍ഷിക വിപണനകേന്ദ്രത്തിനു കൃഷിവകുപ്പിന്റെ ഭീഷണി. കണ്ണൂര്‍ സിവില്‍ സ്‌റ്റേഷനു മുന്നില്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ വിപണനം നടത്തുന്ന കേന്ദ്രം അടച്ചുപൂട്ടാനാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടു വനിതാ ജീവനക്കാരും പുറത്തു ജോലി ചെയ്യുന്ന എട്ടു പുരുഷ തൊഴിലാളികളുമാണ് ഇതോടെ ആശങ്കയിലായി.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍പന നടത്താനായി 2011ലാണ് സര്‍ക്കാര്‍ ഭൂമിയില്‍ വിപണന കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കൃഷി വകുപ്പിന്റെ കെടുകാര്യസ്ഥത കാരണം 2012ഓടെ അടച്ചുപൂട്ടി. തുടര്‍ന്നു കോക്കനട്ട് ടെക്‌നീഷ്യന്‍ ഗ്രൂപ്പ് ലീഡറായ ഉഷ കുറ്റിയാട്ടൂരും സംഘവും നടത്തിയ ശ്രമത്തിന്റെ ഫലമായി കേന്ദ്രം മെച്ചപ്പെട്ടു. പന്നിയൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പിന്തുണ കൂടിയായതോടെ കേന്ദ്രം മികച്ച രീതിയിലേക്കുയര്‍ന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ കടല്‍ കടന്ന് വിദേശങ്ങളില്‍ വരെയെത്തി. കേര കര്‍ഷകരില്‍ നിന്നും കൂണ്‍ കര്‍ഷകരില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്കു നല്‍കാനായതോടെ വരുമാനവും വര്‍ധിച്ചു. കൃഷി വകുപ്പിന്റെ മഹിളാശ്രീ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ച ഉഷ കുറ്റിയാട്ടൂരും സുജിഷയുമാണ് നാലു വര്‍ഷമായി കേന്ദ്രം ഏറ്റെടുത്ത് നടത്തുന്നത്.
മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, കര്‍ഷക സംരംഭകര്‍ ഉത്പ്പാദിപ്പിച്ച കശുമാങ്ങ ജ്യൂസ്, വിവിധ തരം സിറപ്പുകള്‍, സ്‌ക്വാഷുകള്‍, ഇളനീര്‍ ജ്യൂസ് തുടങ്ങിയവയോടൊപ്പം കൂണ്‍ കട്‌ലറ്റും ചായയും ഇവിടെ നിന്നു വില്‍പന നടത്തുന്നുണ്ട്. മറ്റു കടകളില്‍ നിന്നു ഇളനീര്‍ ജ്യൂസിനു 30 മുതല്‍ 40 വരെ രൂപ ഈടാക്കുമ്പോള്‍ ഇവിടെ വെറും 10 രൂപയാണ്. മറ്റു കടകളിലെ കട്‌ലറ്റിനേക്കാള്‍ ഇരട്ടി വലിപ്പത്തിലുള്ള കൂണ്‍ കട്‌ലറ്റിനു കേന്ദ്രത്തില്‍ 10 രൂപയാണ്. കലക്ടറേറ്റിലെയും സിവില്‍ സ്റ്റേഷനിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ഇതിനു പുറമെ തെങ്ങുരോഗ പ്രതിരോധം, ടെക്‌നീഷ്യന്‍മാരുടെ സേവനം, കൃഷി വിജ്ഞാന കേന്ദ്രം, സ്ത്രീകള്‍ക്കു തെങ്ങു കയറാനുള്ള പരിശീലനം എന്നിവയും ഇവിടെ നിന്ന് നല്‍കിവരുന്നു.
എല്ലാവര്‍ഷവും ലൈസന്‍സ് പുതുക്കി നല്‍കിയിരുന്ന സ്ഥാനത്ത് ഇത്തവണ പുതുക്കി നല്‍കിയില്ല. മാര്‍ച്ച് മാസം തന്നെ പുതുക്കാന്‍ നല്‍കിയെങ്കിലും കരാറില്‍ പറയാത്ത കുടിശ്ശികയുടെ പേരുപറഞ്ഞ് പുതുക്കി നല്‍കാതിരിക്കുകയായിരുന്നു. പ്രതിവര്‍ഷം 12000 രൂപയാണ് വാടകയിനത്തില്‍ നല്‍കുന്നത്. ഇതിനു പുറമെ വൈദ്യുതി ചാര്‍ജും നല്‍കുന്നുണ്ട്. എന്നാല്‍, ഇവര്‍ ഏറ്റെടുക്കുന്നതിനു മുമ്പുള്ള കുടിശ്ശികയുടെ പേരിലാണ് ഇപ്പോള്‍ കൃഷിവകുപ്പിന്റെ നടപടി. സ്വന്തക്കാര്‍ക്കു വേണ്ടി മറിച്ചുനല്‍കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ഉഷയുടെ പരാതി.
കഴിഞ്ഞ ദിവസം കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ചെറുത്തു. കൈക്ക് പരിക്കേറ്റതിനാല്‍ മറ്റു ജോലിയൊന്നും ചെയ്യാനാവാത്ത ഉഷയോട് മുന്നറിയിപ്പില്ലാതെ ഇറങ്ങിപ്പോവാനാണ് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിക്കു നേരിട്ട് പരാതി നല്‍കിയിരിക്കുകയാണ്. തദ്സ്ഥിതി തുടരാനും പ്രശ്‌നം പരഹരിക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഉഷ കുറ്റിയാട്ടൂര്‍ പറഞ്ഞു. കേന്ദ്രം ഒഴിയണമെങ്കില്‍ കലക്ടര്‍ ഇടപെട്ട് സ്ഥലം നല്‍കണമെന്നും അല്ലെങ്കില്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഇരുവരും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day