|    Dec 10 Sat, 2016 2:44 am
FLASH NEWS

കാര്‍ഷിക പദ്ധതികളില്‍ ആദിവാസി പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി

Published : 25th November 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസികളുടെ ജീവിത പുരോഗതിക്കായി കാര്‍ഷിക പദ്ധതികളിലും ഇവരുടെ  പങ്കാളിത്തം ഉറപ്പാക്കുമെന്ന്  കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. മേപ്പാടി പുല്ലുകുന്ന് ആദിവാസി കോളനിയില്‍ സമഗ്രപട്ടിക വര്‍ഗ്ഗ കോളനി വികസന പദ്ധതി പ്രകാരം മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച പുതിയഭവനങ്ങളുടെ താക്കോല്‍ദാനവും വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയില്‍ പുതിയതായി തുടങ്ങുന്ന നെല്‍കൃഷി വികസനപദ്ധതിയില്‍ ആദിവാസി കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളുണ്ടാകും. ആദിവാസികളാണ് ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍. ഇവരെ ചൂഷണം ചെയ്യുന്ന ഇടത്തട്ടുകാരെയും ഏജന്‍സികളെയും അകലത്ത് നിര്‍ത്തണം. പ്രകൃതിയെ മുറിപ്പെടുത്താതെ ഇവര്‍ ചെയ്യുന്ന പരമ്പാരഗത കൃഷിരീതികളും അംഗീകരിക്കപ്പേടേണ്ടതാണ്. ഏറ്റവും നന്നായി ജൈവകൃഷി ചെയ്യുന്ന ഊരുകൂട്ടങ്ങള്‍ക്കും സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കോളനി വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം, കൃഷിയിറക്കല്‍, ആനുകൂല്യവിതരണം എന്നിവയും ചടങ്ങില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവി, മൂപ്പൈനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ഹരിഹരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി കെ അനില്‍കുമാര്‍, അനിലാ തോമസ്, മൂപ്പൈനാട് പഞ്ചായത്തംഗം ആര്‍ യമുന, കെ വിജയകുമാരി, ജഷീര്‍ പള്ളിവയല്‍, യഹ്‌യാഖാന്‍ തലയ്ക്കല്‍, കോളനി മൂപ്പന്‍ നൂഞ്ചന്‍ സംസാരിച്ചു. പി യു ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാരദ തലപ്പുറം അനുഭവം പങ്ക് വെച്ചു. എടി എസ്പി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി യു ദാസിന് മന്ത്രി ഉപഹാരം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day