|    Dec 8 Thu, 2016 1:25 pm
FLASH NEWS

കാരികയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്ടിനെതിരേ പ്രതിഷേധം ശക്തം

Published : 25th October 2016 | Posted By: SMR

പത്തനംതിട്ട: ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്തിലെ കാരികയത്ത്  നിര്‍മാണം പൂര്‍ത്തിയായി വരുന്ന സ്വകാര്യ ജലവൈദ്യുത പദ്ധതി ഉടമകളായ അയ്യപ്പ ഹൈഡ്രോഇലക്ട്രിക്ക്  കമ്പനി ജനഹിതം നോക്കാതെ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താന്‍ നടത്തുന്ന നീക്കം  മണക്കയം ഗ്രാമത്തെ ജലസമാധിയിലാഴ്ത്തുന്നു. കക്കാട്ടാറിന്റെ തീരത്തുള്ള ഈ ഗ്രാമത്തിന്റെ നല്ലൊരു ഭാഗം ഡാമിലെ ജലം കവര്‍ന്നുകഴിഞ്ഞു. പദ്ധതി പൂര്‍ത്തീകരിക്കുമ്പോഴേക്കും ഡാമിലെ ജലനിരപ്പ് 49 മീറ്ററായി ഉയര്‍ത്താനാണ് കമ്പനിയുടെ നീക്കം. ജലനിരപ്പ് ഇനിയും നാല് മീറ്റര്‍കൂടി ഉയര്‍ന്നാല്‍ കുറഞ്ഞത് 14 കുടുംബങ്ങള്‍ക്കെങ്കിലും കുടുംബം നഷ്ടപ്പെടും. അതോടെ ഒരു ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലാവും. നഷ്ടമാവുന്ന ഭൂമിക്ക് അര്‍ഹമായ പ്രതിഫലം നല്‍കിയാല്‍ തങ്ങള്‍ കുടിയൊഴിഞ്ഞുപോവാന്‍ തയ്യാറാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കമ്പനി ഇതുവരെ നാട്ടുകാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ല.  പിറന്ന മണ്ണ് നിസാര വിലയ്ക്ക് ഏറ്റെടുക്കാനാണ് കമ്പനി നീക്കം. അത് എന്തുവില കൊടുത്തും ചെറുക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പുനല്‍കി.പതിനഞ്ച് വര്‍ഷം മുമ്പാണ് അമര്‍സിങ് എംപിയുടെയും അമിതാഭ് ബച്ചന്റെ പത്‌നി ജയാബച്ചന്റെയും ഉടമസ്ഥതയിലുള്ള അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്കല്‍ കമ്പനി കക്കാട്ടാറിന്റെ തീരത്തുള്ള കാരികയത്തും അള്ളുങ്കലിലും ജലവൈദ്യുത പദ്ധതിക്കുളള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഏഴു മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള അള്ളുങ്കല്‍ പദ്ധതി വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്മീഷന്‍ ചെയ്തു. 15 മെഗാവാട്ട്് ഉല്‍പ്പാദന ശേഷിയുള്ള കാരികയം പദ്ധതിയുടെ ഡാം നിര്‍മാണം പൂര്‍ത്തിയാക്കി. പൗവര്‍ഹൗസിന്റൈ നിര്‍മാണം അന്ത്യ ഘട്ടത്തിലാണ്. ഡാമില്‍ ജലനിരപ്പ് ഉയരുമ്പോള്‍ സ്വാഭാവികമായും ജനാവാസമേഖലയിലേക്ക് വെള്ളം കയറും. എന്നാല്‍ തീരവാസികളുടെ ദുരിതം കാണാന്‍ കമ്പനിയൊ ജില്ലാ ഭരണകൂടമോ ഇപ്പോള്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാം നിര്‍മിക്കാനായി അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്കല്‍ കമ്പനി ജലസംഭരണമേഖലയിലെ താമസക്കാരില്‍നിന്നും അറുപത് ഏക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. 45 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നാല്‍ നഷ്ടമാകാന്‍ ഇടയുള്ള ഭൂമി മാത്രമാണ് നിസാര വിലനല്‍കി ഏറ്റെടുത്തതെന്ന് മണക്കയം ഭൂസംരക്ഷണ സമിതി പ്രസിഡന്റ് സഹദേവനും സെക്രട്ടറി ഏബ്രഹാം ദാനിയേലും പറയുന്നു. ഏറ്റെടുത്ത ഭൂമി പൂര്‍ണമായും ഇപ്പോള്‍ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. അതോടെ ജലനിരപ്പ് വീണ്ടും 47 മീറ്ററായി ഉയര്‍ത്താനുള്ള നീക്കം കമ്പനി ആരംഭിച്ചു. ഇപ്പോള്‍ 49 മീറ്ററായി ജലനിരപ്പ് ഉയര്‍ത്തണമെന്നാണ് പുതിയ ആവശ്യം.കമ്പനിയുടെ നിലപാടിനെതിരെ മണക്കയത്തെ 14 വീട്ടുകാര്‍ കഴിഞ്ഞ 127 ദിവസമായി മണക്കയം പാലത്തിന് സമീപം പന്തല്‍കെട്ടി സമരം നടത്തുകയാണ്. തഹസീല്‍ദാര്‍, ആര്‍.ഡി.ഒ, ജില്ലാ കലക്ടര്‍ എന്നിവരുമായി ഭൂസംരക്ഷണ സമിതി പലവട്ടം ചര്‍ച്ച നടത്തിയിട്ടും അവര്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ജലനിരപ്പ് ആദ്യം 48 മീറ്ററായി ഉയര്‍ത്താനും പിന്നീട് അത് 49 മീറ്ററാക്കാനുമാണ് കലക്ടര്‍ തീരുമാനിച്ചത്. നിലവില്‍ ജനവാസമേഖല 52 മീറ്റര്‍ ഉയരത്തിലാണെന്നാണ് കമ്പനി അധികൃതര്‍ യോഗത്തെ ചൂണ്ടിക്കാട്ടിയത്. വീടിന് ഉദ്ദേശം മൂന്നുമീറ്റര്‍ താഴ്ച്ചവരെ വെള്ളം ഉയര്‍ന്നാല്‍ സുരക്ഷിതമായി മണക്കയം നിവാസികള്‍ക്ക് ജീവിക്കാന്‍ കഴിയുമൊ എന്ന ചോദ്യത്തിന് അധികൃതര്‍ ഉത്തരം പറഞ്ഞില്ല. കൂടാതെ വര്‍ഷകാലത്ത്കക്കാട്ടാറില്‍ ജലനിരപ്പുയര്‍ന്നാല്‍ തീരമിടിഞ്ഞ് വീടുകള്‍ വെള്ളപാച്ചിലില്‍ അകപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഉള്ള ഭൂമിയുടെ 90 ശതമാനവും ഡാമിലെ ജലസംഭരണിക്കുവേണ്ടി നാട്ടുകാര്‍ വിട്ടുകൊടുത്തു. ശേഷിക്കുന്നത് പത്തുശതമാനം ഭൂമി മാത്രമാണ്. അതും കവര്‍ന്നെടുക്കാനാണ് കമ്പനിയുടെ നീക്കമെന്നും ജില്ലാ ഭരണകൂടം ഇതിന് ഒത്താശചെയ്യുകയാണെന്നും മണക്കയം ഭൂസംരക്ഷണ സമിതി ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day