|    Oct 26 Wed, 2016 9:34 am
FLASH NEWS

കാരാപ്പുഴ ഡാം: വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശയില്‍ നടപടിയില്ല

Published : 27th August 2016 | Posted By: SMR

ജംഷീര്‍  കൂളിവയല്‍

കല്‍പ്പറ്റ: കാരാപ്പുഴ അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നുമുള്ള കെഇആര്‍ഐ ശുപാര്‍ശയിന്‍മേല്‍ നടപടിയില്ല. അണയുടെ അടിത്തട്ടില്‍ മണ്ണടിഞ്ഞതിനാല്‍ ജലസംഭരണശേഷി 76.50 ദശലക്ഷം ക്യുബിക് മീറ്ററായിരുന്നത് 74.50 ദശലക്ഷം ക്യുബിക് മീറ്ററായി കുറഞ്ഞു. പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള (കെഇആര്‍ഐ) വിദഗ്ധസംഘം മാസങ്ങള്‍ക്കു മുമ്പ് നടത്തിയ പഠനത്തിലാണ് അണക്കെട്ടിന്റെ ജലസംഭരണശേഷി 20 ലക്ഷം ക്യുബിക് മീറ്റര്‍ കുറഞ്ഞതായി കണ്ടെത്തിയത്.
ജില്ലയിലെ രണ്ട് വന്‍കിട അണക്കെട്ടുകളില്‍ ഒന്നാണ് കാരാപ്പുഴയിലേത്. പടിഞ്ഞാറത്തറയ്ക്ക് സമീപത്തെ ബാണാസുരസാഗര്‍ അണയാണ് രണ്ടാമത്തേത്. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തുകളിലെ 5,221 ഹെക്റ്ററില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് വിഭാവനം ചെയ്തതാണ്  പദ്ധതി. കബനിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണക്കെട്ട്. 625 മീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവുമാണ് ഈ മണ്ണണയ്ക്കുള്ളത്.
1978ലാണ് കാരാപ്പുഴ ജലസേചനപദ്ധതിക്ക് പ്ലാനിങ് കമ്മീഷന്റെയും സര്‍ക്കാരിന്റെയും ഭരണാനുമതി ലഭിച്ചത്. 1978ല്‍ 7.60 കോടി രൂപ മതിപ്പുചെലവിലായിരുന്നു പ്രവൃത്തിയുടെ തുടക്കം. ഇതിനകം ഏകദേശം 600 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പ്രവൃത്തി പൂര്‍ത്തിയായില്ല. അണയിലെ ജലം തികച്ച് 10 ഏക്കറില്‍ പോലും ജലസേചനത്തിന് ഉപയോഗപ്പെടുത്താനായില്ല. കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിര്‍മിച്ച കനാലുകള്‍ വെറുതെ കിടക്കുകയാണ്.
പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിന് 16.74 കിലോമീറ്ററും വലതുകര കനാലിന് 8.805 കിലോമീറ്ററുമാണ് നീളം. മെയിന്‍ കനാലുകള്‍ വെള്ളം തുറന്നുവിട്ടാല്‍ പലേടത്തും ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. ഉപ കനാലുകളുടെ സ്ഥിതിയും വിഭിന്നമല്ല.  അണയും സമീപപ്രദേശങ്ങളും വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പരിപാടികളാണ് ഇപ്പോ ള്‍ നടന്നുവരുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് കാരാപ്പുഴയിലെ ടൂറിസം പ്രവൃത്തികളുടെ ചുമതല. പദ്ധതിപ്രദേശം സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് റിപോ ര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറി     യിച്ചു.
പദ്ധതിക്കായി 1,365 ഹെക്റ്റര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തത്. പദ്ധതിപ്രദേശത്തുനിന്ന് 161 ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയുമുണ്ടായി. അണയ്ക്കടുത്തുള്ള പ്രദേശങ്ങള്‍ കൈയേറി സ്വകാര്യ വ്യക്തികള്‍ നടത്തിയ കൃഷിയും നിര്‍മാണങ്ങളുമാണ് ശക്തമായ മണ്ണൊലിപ്പിനു കാരണം.
62 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്ത് വിവിധ നിര്‍മാണങ്ങള്‍ക്കായി നടത്തുന്ന മണ്ണുനീക്കലും അണയുടെ ഭാവിയെ ബാധിക്കുമെന്നാണ് വിദഗ്ധമതം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day