|    Oct 28 Fri, 2016 6:06 am
FLASH NEWS

കാന്തപുരം വീണ്ടും ഇടത്തോട്ട്; കോണ്‍ഗ്രസ്സിനും വോട്ടില്ല

Published : 18th April 2016 | Posted By: SMR

സമീര്‍ കല്ലായി

മലപ്പുറം: കാന്തപുരം വിഭാഗം സുന്നികള്‍ ഇത്തവണ പൂര്‍ണമായും ഇടതുമുന്നണിയെ പിന്തുണയ്ക്കും. സാധാരണ ഇടതുപക്ഷത്തിനു പിന്തുണ നല്‍കിയ കാലത്തും തങ്ങള്‍ക്കു സ്വീകാര്യരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സഹായിക്കുന്ന പതിവും ഇക്കുറി വേണ്ടെന്നു വയ്ക്കും. വനിതകളാണെങ്കില്‍ പോലും ഇടതുമുന്നണിയെ പിന്തുണയ്ക്കണമെന്നാണ് പൊതു തീരുമാനം. യുഡിഎഫ് ഭരണത്തിലെ അവഗണനയാണ് കാന്തപുരം വിഭാഗത്തെ ഇത്തരമൊരു തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
ഇകെ വിഭാഗത്തിനു ലീഗ് കീഴ്‌പ്പെടുന്നുവെന്നാണ് എപി വിഭാഗത്തിന്റെ പരാതി. കോഴിക്കോട് നോളജ് സിറ്റിയിലേക്ക് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് റോഡനുവദിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. ഇകെ വിഭാഗത്തിന്റെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു ഇതെന്നാണ് എ പി വിഭാഗത്തിന്റെ ആരോപണം. സ്‌കൂളുകളുടെ അംഗീകാരം, വഖ്ഫ് കേസുകള്‍ എന്നിവയിലും ലീഗ് പക്ഷപാതപരമായി പെരുമാറിയെന്ന് എപി വിഭാഗത്തിന് അഭിപ്രായമുണ്ട്. അത്‌കൊണ്ട് ഇത്തവണ പൂര്‍ണമായും ഇടതിനെ പിന്തുണക്കാനാണ് തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ കാന്തപുരവുമായി ചര്‍ച്ച നടത്തിയപ്പോള്‍ യുഡിഎഫിലെ ആരും ഇതുവരെ ചര്‍ച്ചയ്ക്ക് വന്നില്ല. എല്‍ഡിഎഫിലെ പല സ്ഥാനാര്‍ഥികളും കാന്തപുരത്തെ സന്ദര്‍ശിച്ചപ്പോള്‍ യുഡിഎഫിലെ ആരും പോയില്ല. ഇതെല്ലാമാണ് ഇത്തവണ തോല്‍ക്കുന്ന വനിതാ സ്ഥാനാര്‍ഥികളാണെങ്കില്‍ പോലും വോട്ട് ഇടതുപക്ഷത്തിനു നല്‍കണമെന്നു തീരുമാനമെടുക്കാന്‍ കാരണം. പി കെ കുഞ്ഞാലിക്കുട്ടി എപി വിഭാഗം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാരെ സന്ദര്‍ശിച്ചത് മാത്രമാണ് ഇതിനൊരപവാദം. എന്നാല്‍, അദ്ദേഹം വേങ്ങര മണ്ഡലക്കാരനാണെന്നതുകൊണ്ടു മാത്രമാണ് സന്ദര്‍ശനമെന്നാണ് എപി വിഭാഗം പറയുന്നത്. പിന്തുണ നല്‍കുമെങ്കിലും പരസ്യ പ്രചാരണത്തിനു ഇറങ്ങേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗടക്കമുള്ള യുഡിഎഫിനായിരുന്നു സഹായമെന്ന് എപി വിഭാഗം തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് എപി വിഭാഗത്തോട് അടുപ്പമുള്ള ടി കെ ഹംസ അടക്കമുള്ള സിപിഎം നേതാക്കള്‍ ഇവരെ തള്ളിപ്പറഞ്ഞിരുന്നു. ‘കേശ’ വിഷയത്തില്‍ പിണറായി വിജയനും എപി വിഭാഗത്തെ തള്ളി. കഴിഞ്ഞ ഇടതുഭരണ കാലത്ത് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനടക്കമുള്ള സ്ഥാനങ്ങള്‍ സിപിഎം കാന്തപുരം വിഭാഗത്തിന് നല്‍കിയിരുന്നു. മുന്നണിയിലെ എതിര്‍പ്പ് മറികടന്ന് സ്‌കൂളുകള്‍ക്ക് അംഗീകാരവും നല്‍കി. ന്യൂനപക്ഷ കമ്മീഷന്‍, വഖ്ഫ് ബോര്‍ഡ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയവയിലൊക്കെ മതിയായ പ്രാതിനിധ്യവും നല്‍കി. എന്നിട്ടും മറുകണ്ടം ചാടിയതിനാലാണ് സിപിഎം കാന്തപുരം വിഭാഗത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്. യുഡിഎഫ് ഭരണത്തിലും മുമ്പത്തേതിന് വിഭിന്നമായി അംഗത്വം നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഇടത്തോട്ടുള്ള മടക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,996 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day