|    Oct 21 Fri, 2016 2:44 pm
FLASH NEWS

കാത്തിരിപ്പിന് വിരാമം; സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചുതുടങ്ങി

Published : 12th October 2016 | Posted By: SMR

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ ജിതേഷില്‍ സാന്‍ജോസിന്റെ ഹൃദയം മിടിച്ചുതുടങ്ങി.  രണ്ടാഴ്ചയോളമായി എറണാകുളം ലിസി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു തൃപ്പൂണിത്തുറ കുരീക്കല്‍ മണലില്‍ വീട്ടില്‍ ജിതേഷ് (32). ഇസ്‌കീമിക്ക് കാര്‍ഡിയോ മയോപ്പതി രോഗബാധിതനായ ജിതേഷിന്റെ ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും അതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടയില്‍ ജിതേഷിന് ഹൃദയസ്തംഭനം ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എക്‌മോ എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
എന്നാല്‍, ഏറെനാള്‍ ഇത് തുടര്‍ന്നുകൊണ്ടുപോവാന്‍ സാധിക്കാതെ വന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. സെന്‍ട്രിമാഗ് ബൈവാഡ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ജിതേഷിന്റെ ഹൃദയത്തിന്റെ രണ്ട് അറകളുടെയും പ്രവര്‍ത്തനം കൃത്രിമമായി നടത്തി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഏകദേശം 20 മുതല്‍ 30 ദിവസം വരെ മാത്രമേ ഈ സ്ഥിതി തുടരാന്‍ സാധിക്കുമായിരുന്നുള്ളു. ഇതിനിടെയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണം സംഭവിച്ച സാന്‍ജോസിന്റെ ബന്ധുക്കള്‍ അവയവദാനത്തിനു തയ്യാറാണെന്ന് കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ലിസി ആശുപത്രിയില്‍ അറിയിപ്പു ലഭിച്ചത്.
രാമങ്കര മാമ്പുഴക്കരി കാക്കനാട് സണ്ണിയുടെയും മിനിയുടെയും മകന്‍ സാന്‍ജോസ് (20) ഈ മാസം ആറിന് രാത്രിയിലാണ് ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ അപകടത്തില്‍പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇതുവരെ സെന്‍ട്രിമാഗ് ബൈവാഡ് എന്ന സംവിധാനത്തിന്റെ സഹായത്തോടെ കൃത്രിമമായി ഹൃദയം പ്രവര്‍ത്തിപ്പിക്കുന്ന ഒരാള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അനുഭവമില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. 13 ദിവസം ഈ സംവിധാനത്തില്‍ കഴിഞ്ഞ ഒരാള്‍ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത് സാധാരണ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ അപേക്ഷിച്ച് വിജയസാധ്യത കുറഞ്ഞ ഒരു കാര്യമായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45 ഓടെ സാന്‍ജോസിന്റെ ഹൃദയവുമായി പുഷ്പഗിരിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെട്ടു. നാലു ജില്ലകളിലൂടെ 120 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 10 മിനിറ്റ്‌കൊണ്ട് താണ്ടി ഹൃദയം 6.55ന് ലിസി ആശുപത്രിയിലെത്തിച്ചു. മുന്‍ എംപി പി രാജീവ് വഴി മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍മാര്‍ പോലിസ് സംവിധാനം ഏകോപിപ്പിച്ചതിന്റെ ഫലമായാണ് കുറഞ്ഞ സമയംകൊണ്ട് ഇത്രയും ദൂരം ഓടിയെത്താന്‍ സാധിച്ചത്. ശസ്ത്രക്രിയ ആരംഭിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചുതുടങ്ങി. ജിതേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍, അപകടനില പൂര്‍ണമായി തരണം ചെയ്തു എന്ന് പറയാറായിട്ടില്ലെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. അവയവദാനത്തിലൂടെ ജിതേഷടക്കം ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് സാന്‍ജോസ് ജീവിതത്തില്‍ നിന്ന് മടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day