|    Oct 26 Wed, 2016 4:59 pm

കാഠിന്യമേറിയ ചൂടില്‍ ജലാശയങ്ങള്‍ വറ്റിവരളുന്നു; കുടിവെള്ളം കിട്ടാക്കനിയാവുന്നു

Published : 13th March 2016 | Posted By: SMR

കൊല്ലങ്കോട്: പാലക്കാടന്‍ ചൂട് 41 ഡിഗ്രിയിലേക്ക് കടക്കുമ്പോള്‍ ചുടിന്റെ കാഠിന്യത്താല്‍ ജലശയങ്ങള്‍ വറ്റിവരളുന്നു. നിരവധി പേര്‍ ആശയിക്കുന്ന ആന മലയില്‍ നിന്നും ഉല്‍ഭവിച്ചെത്തുന്ന ഗായത്രിപ്പുഴയാകട്ടെ ചൂട് കൂടുന്നതിന് മുമ്പേ വറ്റിവരണ്ടു. കുളിയ്ക്കുന്നതിനായി നാട്ടുകാര്‍ ജലാശയ സ്ഥലങ്ങള്‍ തേടിപോകുകയാണ്. വേനലടുക്കുന്നതോടെ കുടിവെള്ള ക്ഷാമവും നെന്മാറ നിയോജക മണ്ഡലത്തില്‍ രൂക്ഷമാണ്. നിരവധി കുഴല്‍ക്കിണറുകള്‍ സര്‍ക്കാര്‍ വക നടപ്പിലാക്കിയെങ്കിലും വെള്ളത്തിന്റെ ഗുണനിലവാരം വളരെ മോശമാണെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. തുണി കഴുകല്‍ പോലും കഴിയുന്നില്ല. സോപ്പ് വെളളത്തില്‍ പതയുന്നില്ലന്നും പാത്രത്തില്‍ സൂക്ഷിച്ചുവെയ്ക്കുമ്പോള്‍ വെളുത്ത നിറത്തിലുള്ള പാടകള്‍ ഉണ്ടാകുന്നതായും തിളപ്പിച്ചാല്‍ പരല്‍ രൂപത്തിലും പാത്രത്തില്‍ മാലിന്യങ്ങള്‍ അവശേഷിക്കുന്നതായും വടവന്നൂര്‍ കാരപ്പറമ്പിലെ വീട്ടമ്മമാര്‍ പറയുന്നു.
കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച കുഴല്‍ കിണറുകളും അനുബന്ധന പൈപ്പിടല്‍ സംവിധാനവും നടത്തിയിട്ടും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷംവരെ റവന്യൂ വകുപ്പ് വിവിധ കേന്ദ്രങ്ങളിലേക്ക് ടാങ്കറില്‍ കുടിവെള്ളം വിതരണം നടത്തിയത് വീട്ടമ്മമാര്‍ക്ക് ആശ്വാസമായിരുന്നു. ഇത്തവണയും ശുദ്ധമായ കുടിവെള്ള വിതരണം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നാണ് വീട്ടമ്മമാരുടെ ആവശ്യം. അതേസമയം കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന മീങ്കര കുടിവെള്ള പദ്ധതിയില്‍ രണ്ടു മാസം വരെ കുടിവെള്ള വിതരണത്തിനായുള്ള വെള്ളമുണ്ടെന്നും എ.ഇ. സുധീര്‍ പറഞ്ഞു. ഒറ്റപ്പാലം: നിളയോരമായ ഒറ്റപ്പാലം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികള്‍ പലതും വാര്‍ഡ് തലത്തില്‍ തന്നെയുണ്ടെങ്കിലും പലയിടത്തും കുടിവെള്ളം ഇല്ലാത്ത അവസ്ഥയാണ്.
രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട സമഗ്ര കുടിവെള്ള പദ്ധതിയും പ്രയോജനം ചെയ്യാത്ത അവസ്ഥയിലാണ്. കുടിവെള്ള സോത്രസായ ഭാരതപ്പുഴയില്‍ വെള്ളം ഇല്ലാത്തതാണ് പ്രധാന കാരണം.സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ട സ്ഥിരം തടയണ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. വെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പുഴയില്‍ താല്‍ക്കാലിക തടയണയാണ് നിര്‍മിച്ചിരുന്നത് .ഈ തടയണയില്‍ വേണ്ടത്ര വെള്ളം നിര്‍ത്താന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.
എന്നാല്‍ സമഗ്ര കുടിവെള്ള പദ്ധതിയില്‍ പമ്പ് ചെയ്യുമ്പോഴൊന്നും കണ്ണിയമ്പുറം മേഖലയില്‍ വെള്ളം എത്തുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.കണ്ണിയമ്പുറം മേഖലയിലെ അഞ്ചോളം വാര്‍ഡിലേക്ക് ഇതിന്റെ പ്രയോജനം എത്തുന്നില്ല. സമഗ്ര കുടിവെള്ള പദ്ധതി വന്നതോടെ അതാതു പ്രദേശത്തെ മറ്റു ചെറിയ കുടിവെള്ള പദ്ധതികള്‍ നിര്‍ത്തില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പലയിടത്തും ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒറ്റപ്പാലത്തിന്റെ ദാഹമകറ്റിയിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പമ്പിങ്ങ് സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്നില്ല. ഭാരതപ്പുഴയില്‍ വെള്ളമില്ലെന്നാണ് വിശദീകരണം..എന്നാല്‍ മുന്‍കാലങ്ങളില്‍ ഇങ്ങിനെ സംഭവിച്ചാല്‍ പുഴയില്‍ താല്‍ക്കാലിക കുഴികള്‍ തോണ്ടിയാണ് പ്രശ്‌നം പരിഹരിക്കാറുള്ളത് ‘ എന്നാല്‍ ഇത്തവണ ഇത്തരം പ്രവൃത്തികളൊന്നും നടത്തുന്നില്ല.
സൗത്ത് പനമണ്ണ, വട്ടനാല്‍ പ്രദേശത്തും കുടിവെള്ളം കിട്ടാകനിയാണ് .വാണിയംകുളം മാന്നന്നൂര്‍ പ്രദേശത്ത് രണ്ടാഴ്ചയിലധികമായി വെള്ളം കിട്ടാത്ത പ്രശ്‌നം ഇന്നലെ ഉച്ചയോടെയാണ് പരിഹരിച്ചത്. ഭാരതപ്പുഴയില്‍ വെള്ളം ഇല്ലാത്തതിനാല്‍ ആഴ്ചകളായി ഇവിടെ വെള്ളം ഇല്ലാത്ത അവസ്ഥയിലായിരുന്നു. പഞ്ചായത്തും നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് അയ്യായിരം മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക തടയണ നിര്‍മ്മിച്ചിരുന്നു. പക്ഷെ വാല്‍വുകള്‍ തകരാറിലായത് കൊണ്ട് പമ്പിംഗ് മുടങ്ങി. ജല അതോറിറ്റി അധികൃതര്‍ പ്രശ്‌നം പരിഹരിക്കാത്തത് കൊണ്ട് ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായത്. അമ്പലപ്പാറ,അനങ്ങനടി മേഖലയിലും കുടിവെള്ളം പ്രശ്‌നം രൂക്ഷമാണ്. അതെസമയം ഒറ്റപ്പാലം നഗരസഭ പ്രദേശത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും സ്ഥിരം കാഴ്ച്ചയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day