|    Dec 10 Sat, 2016 11:55 pm

കാട്ടാനശല്യം; മൂഴിമലയില്‍ വന്‍ കൃഷിനാശം

Published : 2nd December 2016 | Posted By: SMR

പുല്‍പ്പള്ളി: മൂഴിമലയില്‍ കാട്ടാന നിരവധി കര്‍ഷകരുടെ നെല്‍കൃഷി നശിപ്പിച്ചു. കഠിനമായ വരള്‍ച്ചയെ അതിജീവിച്ച് കൃഷിചെയ്തുണ്ടാക്കിയ നെല്ലാണ് കൊയ്യാറായപ്പോള്‍ നശിപ്പിക്കപ്പെട്ടത്. പീത്തുരുത്തേല്‍ ജോസഫ്, കൊട്ടുകാപ്പളളി തോമസ്, വട്ടക്കാട്ട് ചാക്കോ, പുതുശ്ശേരി ജോസ്, ആലുങ്കല്‍ ടോമി, പുതിയിടം ലക്ഷ്മി തുടങ്ങി നിരവധി കര്‍ഷകരുടെ നെല്ലാണ് പൂര്‍ണമായി കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്. കുന്നേത്തടത്തില്‍ തങ്കച്ചന്റെ വയലില്‍ കൊയ്തിട്ടിരുന്ന നെല്ല് തിന്നും ചവിട്ടിയും നശിപ്പിച്ചു. കണ്ണമ്പളളി ബിജുവിന്റെ കൃഷിയിടത്തിലെ തെങ്ങും മറിച്ചിട്ടു. ടോമി വാഴക്കാലായുടെ നിരവധി വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നെല്‍കൃഷിയിറക്കിയപ്പോള്‍ തന്നെ കാട്ടാനകളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായിരുന്നു. വയലില്‍ കാവലിരുന്നാണ് കര്‍ഷകര്‍ നെല്ല് സംരക്ഷിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ കുരങ്ങുകളും രാത്രിയില്‍ കാട്ടാനകളും കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനയുടെ ശല്യം കുറവായിരുന്നു. കഴിഞ്ഞ ദിവസം കാവലിരുന്നവര്‍ ഉറങ്ങിയ സമയത്താണ് കാട്ടാനകള്‍ വയലില്‍ ഇറങ്ങിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു കാട്ടാന വെടിയേറ്റു ചരിഞ്ഞതു സമീപപ്രദേശത്താണ്. നെയ്ക്കുപ്പ വനത്തോട് ചേര്‍ന്നുകിടക്കുന്ന മൂഴിമല പ്രദേശത്തെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച പ്രതിരോധ കിടങ്ങുകള്‍ യഥാസമയത്ത് അററകുറ്റപ്പണി നടത്താത്തതു മൂലം ഇടിഞ്ഞുനികന്നതിനാല്‍ കാട്ടാനകള്‍ക്ക് കൃഷിയിടങ്ങളില്‍ എളുപ്പമെത്താന്‍ കഴിയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രദേശത്തെ കൃഷിയിടങ്ങളില്‍ സ്ഥിരവാസമാക്കിയിരിക്കുന്ന നൂറോളം കുരങ്ങുകളും വലിയ നാശനഷ്ടമുണ്ടാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക