|    Dec 11 Sun, 2016 3:24 pm
FLASH NEWS

കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്

Published : 16th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. തേക്കുംപറ്റ അയ്യപ്പനാ(52)ണ് പരിക്കേറ്റത്. പുറത്ത്് സാരമായി പരിക്കേറ്റ അയ്യപ്പനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെ കല്ലൂര്‍ രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപത്തു വച്ചാണ് ആയ്യപ്പനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പശുവിനെ വയലില്‍ കെട്ടി മടങ്ങിവരുമ്പോള്‍ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. സ്‌കൂളിന് സമീപം പാതയോട് ചേര്‍ന്ന് ഇഞ്ചിക്കണ്ടത്തിലായിരുന്നു അയ്യപ്പന്‍. ആന അയ്യപ്പന് നേരെ ഓടിയടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ, ഇഞ്ചി ബെഡിനിടയില്‍ വീണ അയ്യപ്പനെ കുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ആന പുറംകാലുകൊണ്ടു തൊഴിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം കണ്ടുനിന്നവര്‍ ഒച്ചവയ്ക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആന പിന്തിരിഞ്ഞത്. തുടര്‍ന്ന്്  കാട്ടാന സമീപത്തെ സലാഹുദ്ദീന്‍ എന്നയാളുടെ പുരയിടത്തിലേക്ക് കയറി. ഇവിടെയുണ്ടായിരുന്ന ഷെഡ് തകര്‍ക്കുകയും നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പിന്നീടാണ് ആന സമീപത്തെ വനത്തിലേക്ക് പോയത്. കല്ലൂര്‍ രാജീവ്ഗാന്ധി സ്‌കൂള്‍ റോഡിലൂടെയാണ് ആനയെത്തിയത്്. സമീപത്തെ ഹോസ്റ്റലില്‍ നിന്നു കുട്ടികള്‍ സ്‌കൂളില്‍ എത്തി ഗേറ്റ് അടച്ചയുടനെയാണ് ആന ഇതുവഴി കടന്നുപോയത്. ഇക്കാരണത്താല്‍ വന്‍ ദുരന്തം ഒഴിവായെന്നു സമീപവാസികള്‍ പറയുന്നു. പകല്‍ സമയത്ത് ജനവാസകേന്ദ്രത്തില്‍ കാട്ടാനയെ കണ്ടതോടെ കുട്ടികളടക്കമുള്ളവര്‍ ഭയന്നുവിറച്ചു. കര്‍ഷകനെ കാട്ടാന ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കല്ലൂര്‍ 67ല്‍ കോഴിക്കോട്-മൈസൂര്‍ ദേശീയപാത ഉപരോധിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ആനയെ വെടിവച്ചു പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. രാവിലെ 8.30ന്് ഉപരോധം തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വനപാലകര്‍ എത്താതിരുന്നതോടെ പ്രതിഷേധം ആളിക്കത്തി. ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ചര്‍ച്ച നടത്തിയെങ്കിലും കലക്ടര്‍ എത്താതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാട് സമരക്കാര്‍ സ്വീകരിച്ചു. പിന്നീട്് എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ചാമിക്കുട്ടി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഹെഡ്ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍, സിഐ, എസ്‌ഐ എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും, അയ്യപ്പന്റെ ചികില്‍സാച്ചെലവ്് വഹിക്കും, ആനയെ മയക്കുവെടിവച്ച് പിടികൂടും എന്നീ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക