|    Dec 8 Thu, 2016 3:40 am
FLASH NEWS

കാട്ടാനകള്‍ റെയില്‍പാളത്തില്‍ എത്തുന്നത് പതിവാകുന്നു

Published : 2nd November 2016 | Posted By: SMR

വാളയാര്‍: പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍പാതയില്‍ മധുക്കരക്കും കഞ്ചിക്കോടിനുമിടയിലുള്ള വനമേഖലയില്‍ കാട്ടാനകള്‍ റെയില്‍വെ പാളത്തിനടുത്തെത്തുന്നത് കൂടുന്നു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ ആദ്യവാരം വരെ 69 തവണയാണ് കാട്ടാനകള്‍ റെയില്‍വേ പാളത്തിനടുത്ത് അപകടകരമായ രീതിയില്‍ എത്തിയത്. ഒരുതവണ കഞ്ചിക്കോട് സ്‌റ്റേഷന്‍ പരിസരത്തും എത്തി. ആനകള്‍ അപകടത്തില്‍പെടുന്നത് പതിവായതോടെ വനം വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ റെയില്‍വേയുടെ പരിഗണനയിലാണ്. നേരത്തെ ചെന്നൈയില്‍ ഇതു സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നിരുന്നുവെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ആനകള്‍ റെയില്‍വേ ലൈനിനടുത്ത് കൂടുതല്‍ തവണ എത്തിയത് ആഗസ്തിലാണ്. 31 തവണ. സപ്തംബറില്‍ 15 തവണയും എത്തി. ആദ്യ പത്തു നാളുകളില്‍ മാത്രം ആറ് തവണ ആനകളെ ട്രാക്കിനരികില്‍ കണ്ടതായി ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്. കാട്ടിലൂടെ കടന്നുപോവുന്ന ലൈനുകളായതിനാല്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ഈ മേഖലയില്‍ ട്വിന്‍ സിംഗിള്‍ ലൈന്‍ സിഗ്നല്‍ സമ്പ്രദായമാണ് നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ മധുക്കരയില്‍നിന്ന് കഞ്ചിക്കോട് വരെയുള്ള ലൈനിനടുത്തേക്ക് ആനകളെത്തിയത് താരതമ്യേന കുറവാണ്. ആകെ 15 തവണ. കാട്ടിനകത്തുകൂടി കൂടുതലായി തേനീച്ചകളെ വളര്‍ത്തണമെന്ന നിര്‍ദേശവും പരിഗണിക്കപ്പെട്ടിട്ടില്ല. യന്ത്രസഹായത്തോടെ പാളത്തിനരികില്‍ തേനീച്ച മുരളുന്ന ശബ്ദക്രമീകരണം സൃഷ്ടിക്കുന്നതും ആനകളെ അകറ്റുമെന്ന് നേരത്തെ നിര്‍ദേശം വന്നിരുന്നു. പാളത്തിനരികില്‍ കാട്ടാനകളെ കാണുന്നവര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അടിയന്തരമായി വിവരം നല്‍കണമെന്ന് റെയില്‍വേ ജീവനക്കാര്‍ക്കും വനംവകുപ്പ് ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെനിന്ന് ഈ മേഖലയിലെ കഞ്ചിക്കോട്, വാളയാര്‍, എട്ടിമട, മധുക്കര സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറും. തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ക്കും ഗാര്‍ഡുകള്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന ക്രമീകരണമാണ് നിലവിലുള്ളത്. വനംവകുപ്പിന്റെ വാളയാര്‍, പോത്തനൂര്‍ സെക്ഷനുകളിലേക്ക് വിവരം കൈമാറി ഇവരുടെ സഹായത്തോടെയാണ് ആനകളെ പാളത്തിനരികി ല്‍നിന്ന് ഓടിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day