|    Oct 24 Mon, 2016 11:56 pm
FLASH NEWS

കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Published : 1st October 2016 | Posted By: Abbasali tf

 

മൂവാറ്റുപുഴ: മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ച ഫാഷന്‍ ഡിസൈനറായ ദലിത് യുവാവിനു ക്രൂരമര്‍ദ്ദനം. മൂന്നുദിവസം കസ്റ്റഡിയില്‍ വച്ചാണ് മൂവാറ്റുപുഴ പോലിസ് മര്‍ദ്ദിച്ചത്. ശരീരമാസകലം ഗുരുതരമായ പരിക്കേറ്റ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ കൊട്ടിയോട് മോളി കോട്ടേജില്‍ പ്രതീഷ്(36)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണങ്ങള്‍ നടന്നിരുന്നു. മോഷണം നടന്ന വീടിന് സമീപത്ത് കഴിഞ്ഞ 22 നാണ് പ്രദീഷ് രണ്ട് കുട്ടികളുമൊത്ത് കുടുംബസമേതം വാടകയ്ക്ക് താമസം ആരംഭിച്ചത്. പ്രതീഷിനെ ഒരു സംഘമാളുകള്‍ മോഷ്ടാവിന്റെ രൂപസാദൃശ്യമുള്ളതായി ആരോപിച്ച് വാഹനത്തില്‍ കയറ്റി മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനില്‍ കഴിഞ്ഞ മാസം 26നു ഹാജരാക്കുകയായിരുന്നു. സപ്തംബര്‍ 22നു പ്രതീഷ് ആറ്റിങ്ങലില്‍ നിന്നും ചില ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് മൂവാറ്റുപുഴയിലെത്തിയത്.പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം വലിയ ഒരു റൂമിനകത്ത് കയറ്റിനിര്‍ത്തി മോഷണക്കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം ആരംഭിച്ചു. മെറ്റല്‍ വിരിച്ച് തറയില്‍ നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. സ്റ്റേഷനിലെ ഏഴുപോലിസുകാരാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്. ആദ്യം വിരലിനിടയിലൂടെ ചൂരല്‍ കയറ്റി. പീന്നീട് ദേഹമാസകലം ചൂരലിനിടിച്ചു. വസ്ത്രം മാറ്റിയതിനുശേഷം ദേഹത്തുടനീളം മുളകുപൊടി വാരി വിതറി. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചൂട് വെള്ളം തലയില്‍ക്കൂടി ഒഴിച്ച് പൊള്ളിച്ചു. രഹസ്യഭാഗങ്ങളില്‍ പച്ചമുളക് അരച്ചുതേച്ചു. മൂന്ന് ദിവസം ഇത്തരത്തിലുള്ള പീഡനം തുടര്‍ന്നു. ഭര്‍ത്താവിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യ മോളി സ്‌റ്റേഷനുമുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് നിലവിളിച്ചപ്പോഴാണ് പോലിസുകാര്‍ പ്രതീഷിനെ പുറത്ത് വിട്ടത്. വിരലുകള്‍ പോലും ചലിപ്പിക്കാനോ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ ആരും അവിടെ ചികില്‍സ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് തൊടുപുഴയില്‍ എത്തിച്ചത്. പ്രതീഷ് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്് വാങ്ങി വിദഗ്ധ ചികില്‍സയ്്ക്കായി ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പോയി. മര്‍ദ്ദനത്തിനെതിരേ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് പ്രതീഷ്. ഇതിനിടെ കേസ് ഒതുക്കിതീര്‍ക്കാന്‍ പോലിസിന്റെ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദീഷിനെ ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മര്‍ദ്ദിച്ചുവെന്നത് അടിസ്ഥാനരഹിതമെന്നാണ് പോലിസ് ഭാഷ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day