|    Oct 27 Thu, 2016 2:41 am
FLASH NEWS

കസ്തൂരി രംഗന്‍: സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം: ഉമ്മന്‍ചാണ്ടി

Published : 9th October 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനവും ജനറല്‍ കൗണ്‍സില്‍ യോഗവും ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇടതുമുന്നണി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ സര്‍ക്കാരും എടുത്ത തീരുമാനത്തിന് കടകവിരുദ്ധമാണ് ഇത്. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കസ്തൂരിരംഗന്‍ റിപോര്‍ട്ടിന് ശേഷം സര്‍വകക്ഷിയോഗവും വിളിച്ചുചേര്‍ത്ത് കേന്ദ്രത്തില്‍ സമര്‍ദം ചെലുത്തിയാണ് കേരളം പുതിയ നിലപാട് അംഗീകരിച്ചത്. ഇതിന്മേല്‍ കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ പറഞ്ഞിരുന്ന 3314 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്തെ 121 പഞ്ചായത്തുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറായും വില്ലേജ് ഓഫിസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് ജനാഭിപ്രായം കണക്കിലെടുത്താണ് സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിച്ചത്. വിജ്ഞാപനത്തെ അട്ടിമറിക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയില്‍ എങ്ങിനെ സമര്‍പ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. എങ്ങിനെ തെറ്റ് പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ പരിശോധിക്കണം. സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് കണ്ടുപിടിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അല്ലെങ്കില്‍ ഇതിനെതിരേ പ്രക്ഷോഭം ആരംഭിക്കും. ആളിയാര്‍ വിഷയത്തില്‍ കേരളത്തിന് ആവശ്യമായ ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാവണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ രാമസ്വാമി അധ്യക്ഷനായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day