|    Oct 28 Fri, 2016 9:33 pm
FLASH NEWS

കശ്മീരില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; പലയിടങ്ങളിലും സംഘര്‍ഷം; താഴ്‌വരയില്‍ ജനം തെരുവിലിറങ്ങി

Published : 7th August 2016 | Posted By: SMR

ശ്രീനഗര്‍: സൈന്യത്തിന്റെ വെടിയേറ്റ് വിദ്യാര്‍ഥിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ട കശ്മീര്‍ താഴ്‌വരയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിക്കുന്നു. ഇന്നലെ 200 ഇടങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തമായിരുന്നെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അനന്ത്‌നാഗ്, ഷോപിയാന്‍ ജില്ലകളില്‍ പ്രക്ഷോഭകരും സൈനികരും ഏറ്റുമുട്ടി 300ലധികം പേര്‍ക്ക് പരിക്കേറ്റു. ചിനാബ് താഴ്‌വരയിലും പീര്‍ പഞ്ചാല്‍ മേഖലയിലും പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ അധികൃതര്‍ സുരക്ഷ ശക്തമാക്കി. തുടര്‍ച്ചയായ 29 ദിവസം കര്‍ഫ്യൂ തുടരവെയാണ് നിരോധനം ലംഘിച്ച് ജനം തെരുവിലിറങ്ങിയത്.
അനന്ത്‌നാഗിലെ ചീയില്‍ പ്രക്ഷോഭകരെ പിരിച്ചുവിടാനുള്ള സൈനികരുടെ ശ്രമത്തിനിടെ 21 പേര്‍ക്ക് പരിക്കേറ്റു. ഷോപിയാനിലെ ഹെര്‍പോറയില്‍ പോലിസ് കാവല്‍പുരയ്ക്ക് നേരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞു. ബദ്ഗാം, ബാരാമുല്ല, അനന്ത്‌നാഗ് തുടങ്ങിയ ജില്ലകളിലെ  ആറ് സ്‌റ്റേഷന്‍ പരിധിയിലാണിപ്പോള്‍ കര്‍ഫ്യൂ. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും സ്‌കൂളുകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുന്നില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതും കടകള്‍ തുറക്കാത്തതും താഴ്‌വരയിലെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ ഇവിടെ ഫോണ്‍ വിളിക്കാനുള്ള സൗകര്യം തടഞ്ഞിരിക്കുകയാണ്. ഈ മാസം 12 വരെ ബന്ദ് ആചരിക്കാനാണ് കശ്മീരി സംഘടനകളുടെ ആഹ്വാനം.
ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം തുടങ്ങിയ പ്രക്ഷോഭത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ് ഇതുവരെ 55 പേരാണ് കൊല്ലപ്പെട്ടത്. 6000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ ലോഹഉണ്ട ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. താഴ്‌വരയിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത് ഏത് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ വീക്ഷണത്തോട് സംസ്ഥാനം ഭരിക്കുന്ന പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ യോജിക്കുന്നുണ്ടോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ബദ്ഗാം ജില്ലയിലെ ചാദൂറയില്‍ സൈന്യത്തിന്റെ വെടിയേറ്റ് 45കാരനായ മുഹമ്മദ് മഖ്ബൂല്‍ കൊല്ലപ്പെട്ടതോടെയാണ് പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടത്. തുടര്‍ന്ന് ഖാന്‍സാഹിബില്‍ തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ സഹൂര്‍ അഹ്മദ് കൊല്ലപ്പെട്ടു. സൈനികരുടെ ലോഹ ഉണ്ട ആക്രമണത്തിലാണ് 12ാം ക്ലാസ് വിദ്യാര്‍ഥി ദാനിഷ് റസൂല്‍ മരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day