|    Dec 6 Tue, 2016 11:34 am
FLASH NEWS

കശ്മീരില്‍ ജനജീവിതം അസാധ്യമാവുന്നു; പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യം: ഡോ. സുരേഷ് ഖൈര്‍നാര്‍

Published : 1st November 2016 | Posted By: SMR

കെ പി ഒ  റഹ്മത്തുല്ല

മലപ്പുറം: സൈന്യത്തിന്റെ വെടിയേറ്റ് ബുര്‍ഹാന്‍വാനി മരിച്ചതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷം ജനജീവിതം ദുസ്സഹമാക്കിയെന്നും പ്രശ്‌നപരിഹാരത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും പ്രശസ്ത സാമൂഹികപ്രവര്‍ത്തകനും മറാത്തി എഴുത്തുകാരനുമായ ഡോ. സുരേഷ് ഖൈര്‍നാര്‍. മലപ്പുറത്ത് പൊതുപരിപാടിക്കെത്തിയ അദ്ദേഹം തേജസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
ഒക്ടോബര്‍ ആദ്യം മുതല്‍ രണ്ടാഴ്ച കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 10 ദിവസവും ശ്രീനഗറിലും മറ്റു അതിര്‍ത്തിഗ്രാമങ്ങളിലുമാണു പോയത്. സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തുന്നതിനാണ് ഒരു സംഘത്തോടൊപ്പം അവിടം സന്ദര്‍ശിച്ചത്. കശ്മീരില്‍ സാധാരണക്കാര്‍ ജീവിക്കാന്‍ വളരെ കഷ്ടപ്പെടുകയാണ്. ലോകത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ബഹുജന പ്രതിഷേധ സമരമാണ് അവിടെ നടക്കുന്നത്. 1936ല്‍ ഫലസ്തീനില്‍ ആറുമാസം നീണ്ടുനിന്ന നിസ്സഹകരണസമരം ബ്രിട്ടനെതിരേ നടന്നിരുന്നു. അന്ന് അവിടെ തുടര്‍ച്ചയായ ജീവിതസ്തംഭനമാണ് അനുഭവപ്പെട്ടിരുന്നത്. ഇപ്പോള്‍ 155 ദിവസമായി ശ്രീനഗര്‍ താഴ്‌വരയില്‍ ജനങ്ങള്‍ ജീവിതസ്തംഭന സമരത്തിലാണ്. ഇതുവരെ 100 പേര്‍ മരിച്ചു. 15,000 പേര്‍ ജയിലിലാണ്. 3000ഓളം പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലും. അരലക്ഷംപേര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. പെല്ലറ്റ് ഏറ്റ് അഞ്ചു മുതല്‍ 15 വരെ പ്രായമുള്ള നൂറോളം പേരുടെ കാഴ്ചശക്തി തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നു.
കശ്മീരില്‍ ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഇതിനുമുമ്പുണ്ടായിട്ടില്ല. ജനങ്ങള്‍ നേരിട്ടാണ് പ്രക്ഷോഭം ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും പരാജയപ്പെടുകയും നിശ്ശബ്ദരാവുകയും ചെയ്തിരിക്കുന്നു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സിനുപോലും ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാവുന്നില്ല. ശ്രീനഗറില്‍ എവിടെയും യുദ്ധപ്രതീതിയാണ്. കടകളും കമ്പോളങ്ങളും ഓഫിസുകളും വിദ്യഭ്യാസസ്ഥാപനങ്ങളും എല്ലാം അടഞ്ഞുകിടക്കുകയാണ്. റോഡിലും തെരുവിലും പീരങ്കിയും ടാങ്കുകളും പട്ടാളക്കാരും മാത്രം. 18 ലക്ഷം ജനസംഖ്യയുള്ള ശ്രീനഗറില്‍ 10 ലക്ഷത്തോളം പട്ടാളക്കാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. പത്രസ്വാതന്ത്ര്യംപോലും ഇല്ലാതായിരിക്കുന്നു. കശ്മീരില്‍ അടിയന്തരാവസ്ഥ തന്നെയാണ്. അതിലും മോശമായ അവസ്ഥ. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. പട്ടാളവും ജനങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.
മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കോ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്‌ക്കോ ഒന്നും ജനങ്ങളില്‍ സ്വാധീനമില്ല. നേതൃത്വമില്ലാതെ ജനങ്ങള്‍ സ്വന്തം നിലയില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. പോലിസ്-സൈനിക നടപടികളില്‍ മരിക്കുന്നവരുടെ ശരീരങ്ങള്‍ നാട്ടുകാര്‍ സ്വന്തം വീടിനു മുന്നില്‍ ടെന്റുകള്‍ കെട്ടി പ്രദര്‍ശിപ്പിക്കുന്ന അവസ്ഥയാണുള്ളത്. സൈന്യത്തെ വെല്ലുവിളിക്കാന്‍പോലും ജനങ്ങള്‍ക്ക് ധൈര്യം വന്നിരിക്കുന്നു. സുരക്ഷാനിയമങ്ങ ള്‍പോലും ഫലപ്രദമല്ലാത്ത അവസ്ഥ. രാഷ്ട്രീയപ്രവര്‍ത്തനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും തികഞ്ഞ പരാജയമായിരിക്കുന്നു. കശ്മീരില്‍ ജനജീവിതം അസാധ്യമാവുന്ന ദിനങ്ങളാണു കടന്നുപോവുന്നത്. സ്‌കൂളുകള്‍പോലും പട്ടാളം തകര്‍ക്കുന്നുവെന്നാണ് അവിടം സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാര്‍ പരാതി പറഞ്ഞത്. എല്ലാം മൂടിവയ്ക്കാനാണ് സര്‍ക്കാരും സുരക്ഷാസേനയും ശ്രമിക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കശ്മീരില്‍ കടന്നുചെല്ലാനാവാത്ത അവസ്ഥയാണുള്ളത്. ആംനസ്റ്റി, പിയുസിഎല്‍, എന്‍സിഎച്ച്ആര്‍ഒ എന്നിങ്ങനെ മനുഷ്യാവകാശ സംഘടനകളെപ്പോലും അങ്ങോട്ടു കടത്തിവിടുന്നില്ല. തന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ സെക്കുലര്‍ ഫോറം പ്രതിനിധിസംഘത്തിന് സയ്യിദ് അലിഷാ ഗിലാനിയെയും യാസീന്‍ മാലികിനെയും മീര്‍വായിസ് ഉമര്‍ ഫാറൂഖിനെയും കാണാനുള്ള അനുവാദംപോലും സുരക്ഷാഭടന്മാര്‍ നല്‍കിയില്ല. ഭരണകൂടത്തിന് എന്തെല്ലാമോ ഒളിക്കാനുണ്ട്. സര്‍ക്കാര്‍ വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങള്‍ വായിക്കുന്നത്- അദ്ദേഹം പറഞ്ഞു.
കശ്മീര്‍ പ്രശ്‌നം ഒരു രാഷ്ട്രീയപ്രശ്‌നമാണ്. അതിന് മതവുമായി ബന്ധമില്ല. തിരഞ്ഞെടുപ്പുകള്‍ കൃത്രിമമാണ്. പട്ടാളം ബാലറ്റില്‍ സീലടിച്ച് പെട്ടിയിലിടുകയാണു ചെയ്യുന്നത്. മൊറാര്‍ജി അധികാരത്തിലുണ്ടായിരുന്ന കാലത്തെ തിരഞ്ഞെടുപ്പ് മാത്രമാണ് നിഷ്പക്ഷമായി നടന്നത്.
ഫലസ്തീനിലെ ഗസയില്‍ ഞാന്‍ പോയിട്ടുണ്ട്. അവിടെ അതിര്‍ത്തിയില്‍ പോലിസും പട്ടാളവുമുണ്ട്. എന്നാല്‍, ഗസയിലെ ഗ്രാമങ്ങളില്‍ സുരക്ഷാസേനയുടെ സാന്നിധ്യമില്ല. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കശ്മീരില്‍ സ്ഥിതി മറിച്ചാണ്. അതിര്‍ത്തിയില്‍ മാത്രമല്ല, പൗരന്മാരുടെ അടുക്കളയില്‍ വരെ സുരക്ഷാസൈനികരാണ്.
സ്വന്തം നാട്ടുകാര്‍ക്കെതിരേ പെല്ലറ്റ് പ്രയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇസ്രാേയലാണ് ഇതിനു മുമ്പ് ഈ ക്രൂരകൃത്യം ചെയ്തത്. ലോകത്ത് എല്ലായിടത്തും ഐക്യരാഷ്ട്രസഭ പെല്ലറ്റുകള്‍ നിരോധിച്ചതാണ്. കശ്മീര്‍ ജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.
സൈനിക സുരക്ഷാ നിയമങ്ങള്‍ പിന്‍വലിച്ച് കശ്മീരിലെ ജനങ്ങളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തണം. ഹുര്‍രിയത്ത് കോണ്‍ഫറന്‍സിനെയും പാകിസ്താനെയും ചര്‍ച്ചകളില്‍ ആവശ്യമെങ്കില്‍ പങ്കെടുപ്പിക്കണം. ഐക്യരാഷ്ട്രസഭയ്ക്ക് നെഹ്‌റു ഉറപ്പുനല്‍കിയ ഹിതപരിശോധന നടത്തണം. കശ്മീരിലെ രാഷ്ട്രീയനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി സൈനികവല്‍ക്കരണം പിന്‍വലിച്ച് സുരക്ഷാസേനയെ നാമമാത്രമാക്കി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണം. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് ഉയര്‍ന്ന ജീവിതസൗകര്യങ്ങള്‍ നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ശ്രീനഗറിലെ ഗുരുതരാവസ്ഥ കാണാതെ പോവുകയാണ്. ഇതു വലിയൊരു പൊട്ടിത്തെറിയിലേക്ക് രാജ്യത്തെ നയിക്കുമോ എന്ന് ഭയപ്പെടുകയാണു ഞാന്‍- അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ഗുരുതരാവസ്ഥ സര്‍ക്കാരിനെയും അന്താരാഷ്ട്ര സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കശ്മീര്‍ കി ജുബാനി, കശ്മീര്‍ കി കഹാനി, ചലോ കശ്മീര്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഖൈര്‍നാറും സഹപ്രവര്‍ത്തകരും.
ലോഹ്യ വിചാര്‍ വേദി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ എം ജയശങ്കര്‍, സെക്രട്ടറി മുഹമ്മദ് ഷരീഫ് പാറക്കല്‍, ഖജാഞ്ചി സി ടി രാജു, പ്രവര്‍ത്തകരായ വേലായുധന്‍ നന്ദനം, അഷ്‌റഫ് എടപ്പറ്റ എന്നിവരോടൊപ്പമാണ് ഖൈര്‍നാര്‍ അഭിമുഖത്തിനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day