|    Oct 26 Wed, 2016 1:09 pm

കവിതയുടെ കാല്‍പനിക ഹൃദയ തേജസ് അസ്തമിച്ചു

Published : 14th February 2016 | Posted By: SMR

പി കെ ഗോപി

മലയാള കവിതയുടെ കാല്‍പനിക ഹൃദയ തേജസ് അസ്തമിച്ചു. അരുണാഭമായ ഒരു കാലത്തിന്റെ സമരോജ്ജ്വല ഗാഥകള്‍ സ്വാതന്ത്ര്യ കാഹളത്തോടൊപ്പം കേട്ടുവളര്‍ന്ന ബാല്യം. നട്ടാല്‍ മുളച്ചുപൂത്തുകായ്ക്കുന്ന കാവ്യഭാഷയുടെ നറുമണം ഏത് മലയാളിയും പ്രാണനു തുല്യം അനുഭവിച്ചു.
കേട്ടുപഴകിയ പാട്ടല്ല നാട്ടുപരിചയത്തിന്റെ പുത്തന്‍ പദാവലിയാണ് ഒഎന്‍വിക്ക് കവിതയും ഗാനവും.
നറുനിലാവൊഴുകിയ നിളയില്‍ പെരിയാറും നെയ്യാറും കല്ലടയാറുമെല്ലാം അദ്ദേഹം മലയാള ഭാഷയുടെ കണ്ണീര്‍ നനവുപോലെ വാക്കുകളില്‍ സ്വാംശീകരിച്ചു.
ഏതോ പാണന്റെ വിദൂരമായ വിരലനക്കമുണ്ടാക്കുന്ന തുടിമുഴക്കംപോലെ ആ ഭാവഗീതങ്ങള്‍ കാറ്റിന്റെ കൈപിടിച്ച് കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഭാരതത്തോളം, ജ്ഞാനപീഠത്തോളം വളര്‍ന്നു.

ഇല്ലിനി തര്‍ക്കം പ്രിയപ്പെട്ട ജീവിതമേ
നിന്‍ തല്ലേറ്റു മരിച്ചു ഞാന്‍
സംസ്‌കരിക്കുകീ ജഡം

എന്ന് ‘എന്റെ മരണം’ എന്ന കവിതയില്‍ എന്നേ കുറിച്ചുവച്ചു.

ഒറ്റപതിപ്പുള്ള പുസ്തകം ഈ ജന്മം
ഒറ്റത്തവണ ഓരോ പുറവും
നോക്കി വയ്ക്കാന്‍ മാത്രം നിയോഗം.

എന്ന് ജീവിതത്തിന്റെ കാവ്യ ദര്‍ശനം പണ്ടേ മനസ്സിലാക്കിയ വലിയ കവി യാത്ര പറയുമ്പോള്‍ ആരോട് യാത്ര പറയേണ്ടു ഞാന്‍ എന്ന് അറിയാതെ ചുണ്ടനയ്ക്കുന്നു. നമസ്‌കരിക്കുന്നു…
എന്റെ ഇത്തിരി പോന്ന കവിതയോട് എത്ര ലാളിത്യത്തോടും ആത്മാര്‍ഥതയോടുമാണ് അദ്ദേഹം പ്രതികരിച്ചതെന്ന് വേദനയോടെ ഓര്‍ക്കുകയാണ്.
അപരിചിതമായ ഒരു നാട്ടുസന്ധ്യയില്‍ ചവറയില്‍ വച്ച് വേദിയില്‍ നിന്നും കവിത ചൊല്ലി ഇറങ്ങുമ്പോള്‍ ഗോപീ, നില്‍ക്കൂ എന്ന ശബ്ദം കാതില്‍ വീണു.
‘ക്ലാരിറ്റിയുള്ള കവിത അര്‍ഥമറിഞ്ഞ് ചൊല്ലാനറിയാം. ഞാന്‍ ആസ്വദിച്ചു. ഇനിയുമെഴുതണം, ചൊല്ലണം.’

അന്നും ഇന്നും ഇത് എനിക്ക് നിലയ്ക്കാത്ത പ്രചോദനം. മലയാളത്തിന്റെ കാറ്റിലും മഴയിലും മഞ്ഞിലും കിനാവിലും അലിഞ്ഞു ചേര്‍ന്ന ആ കാവ്യ പ്രതിഭയ്ക്ക് മങ്ങലില്ല, മരണമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day